Connect with us

Kerala

ശബരിമല യുവതീ പ്രവേശനം: മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് തനിക്കുമെന്ന് ദേവസ്വം മന്ത്രി

Published

|

Last Updated

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് തന്റെയും നിലപാടെന്ന് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതിയുടെ അന്തിമവധി ഉണ്ടാകുന്നതുവരെ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചു. മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഒരുക്കിയ ക്രമീകരണങ്ങളും നടപടികളും അവലോകനം ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ആശങ്കകളില്ലാത്ത മണ്ഡല കാലമായിരിക്കും ഇത്തവണ നടക്കുക. ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യത ഇത്തവണ ഭക്തരില്‍ നിന്ന് ലഭിക്കുന്ന നടവരവില്‍ കൂടി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. 200 കെ എസ് ആര്‍ ടി സി ബസുകളാണ് നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇവയില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകും. കഴിഞ്ഞ തവണ ടിക്കറ്റ് എടുക്കേണ്ടത് പമ്പയിലും നിലക്കലും ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറില്‍ നിന്നായിരുന്നു. ഇത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിനാലാണ് കണ്ടക്ടര്‍മാരെ നിയമിച്ച് ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത്. അംഗപരിമിതര്‍ക്കായി പ്രത്യേകം സര്‍വീസുകളും ഉണ്ടാകും. അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു.

ശനിയാഴ്ച വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് മേഖലകളിലായി പതിനായിരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ട്.