Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: പാലക്കാട് മുന്നില്‍; പിറന്നത് മൂന്ന് മീറ്റ് റെക്കോഡുകള്‍

Published

|

Last Updated

കണ്ണൂര്‍: 63 മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ 35 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. 32 പോയിന്റോടെ എറണാകുളം തൊട്ടുപിറകെയുണ്ട്. 27 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 98 ഫൈനലുകളില്‍ 18 ഫൈനലുകളാണ് ആദ്യ ദിനം പൂര്‍ത്തിയായത്.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ തന്നെയാണ് മുന്നില്‍. 12 പോയിന്റാണ് മാര്‍ ബേസിലിനുള്ളത്. കല്ലടി സ്‌കൂളും എം എച്ച് എസ് എസ് പൂവമ്പായിയും 11 പോയിന്റ് വീതം നേടിയിട്ടുണ്ട്.
ആദ്യദിനം മൂന്ന് മീറ്റ് റെക്കോഡുകള്‍ക്കും മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്ക് വേദിയായി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ സ്വര്‍ണം നേടിയ ആന്‍സി സോജനും വെള്ളി നേടിയ പ്രഭാവതിയും പുതിയ മീറ്റ് റെക്കോഡിട്ടു. 6.24 മീറ്റര്‍ ദൂരമാണ് ആന്‍സി പിന്നിട്ടത്. പ്രഭാവതി 6.05 മീറ്റര്‍ ദൂരം ചാടി. നേരത്തെ മീറ്റ് റെക്കോഡ് 5.91 മീറ്റര്‍ ആയിരുന്നു. 2012 സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ജെനിമോള്‍ ജോയിയാണ് ഈ റെക്കോഡിട്ടത്.

സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്്ജമ്പിലാണ് ഒന്നാം ദിനത്തെ മറ്റൊരു മീറ്റ് റെക്കോഡ്. പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ജോസഫ് ടി ജെ 2014ല്‍ ജോഫിന്‍ കെ.ജെ സ്ഥാപിച്ച റെക്കോഡ് തിരുത്തിക്കുറിച്ചു. 7.51 മീറ്റര്‍ ആയിരുന്നു ജോഫിന്‍ അന്ന് പിന്നിട്ടത്. കണ്ണൂരില്‍ ജോസഫ് 7.59 മീറ്റര്‍ ദൂരം ചാടി. ഈ ഇനത്തില്‍ 7.60 മീറ്ററാണ് ദേശീയ റെക്കോഡ്

വൈകുന്നേരം 3.30ന് മന്ത്രി ഇ പി ജയരാജന്‍ കായികോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒളിമ്പ്യന്‍മാരായ പി ടി ഉഷ, എം ഡി വത്സമ്മ, ബോബി അലോഷ്യസ്, ടിന്റു ലൂക്ക, ജിസ്‌ന മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

---- facebook comment plugin here -----

Latest