കോൺഗ്രസ് ലീഗിന്റെ കൈ വിട്ടു; കാളികാവ് പഞ്ചായത്തിൽ സി പി എമ്മിന് അട്ടിമറി വിജയം

Posted on: November 16, 2019 3:51 pm | Last updated: November 16, 2019 at 3:52 pm

വണ്ടൂർ | മലപ്പുറം ജില്ലയിലെ  കാളികാവ് ഗ്രാമ പഞ്ചായത്തില്‍ സി പി എമ്മിന് അട്ടിമറി വിജയം. യു ഡി എഫ് അംഗം മുസ്‌ലിം ലീഗിലെ വി പി എ നാസറിനെ എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് തോൽപിച്ചാണ് സി പി എമിലെ എന്‍ സൈദാലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ സി പി എമ്മിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ മറ്റൊരു മെമ്പര്‍ യോഗത്തിന് എത്തിയതുമില്ല. സി പി എം ലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

നിലവിലെ കക്ഷി നില: സി പി എം  8, കോൺഗ്രസ് 6, മുസ്‌ലിം ലീഗ് 5

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്നണിയില്ലാതെ ത്രികോണ മത്സരമായിരുന്നു നടന്നത്. തിരെഞ്ഞെടുപ്പിന് ശേഷം സി പി എം മെമ്പർ എന്‍ സൈയ്ദാലി ലീഗിന്റെ സഹായത്തോടെ പ്രസിഡന്റ് ആവുകയായിരുന്നു. എട്ട് മാസത്തിന് ശേഷം യു ഡി എഫ് സംവിധാനം നിലവില്‍ വരികയും അവിശ്വാസം കൊണ്ട് വന്ന് സി പി എമ്മിന്രെ പ്രസിഡന്റിനെ പുറത്താക്കുകയും ചെയ്തു.

യു ഡി എഫ് ധാരണ പ്രകാരം ആദ്യ ഒരു വര്‍ഷം മുസ്‌ലിം ലീഗ് അംഗം വി പി എ നാസര്‍ പ്രസിഡന്റാവുകയും പിന്നീടുള്ള രണ്ട് വര്‍ഷം കോൺഗ്രസ് അംഗം കെ നജീബ് ബാബു പ്രസിഡന്റ് ആയി. രണ്ടാഴ്ച മുമ്പ് ധാരണ പ്രകാരം മുസ്‌ലിം ലീഗ് മെമ്പറിന് പ്രസിഡന്റ് ആകുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രസിഡന്റ് രാജി വെക്കുകയും ചെയ്തു. തുടര്‍ന്നാണ് ശനിയാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എട്ട് അംഗങ്ങളുള്ള സി പി എമ്മിന് കോണ്‍ഗ്രസിന്റെ രാജിവെച്ച മുന്‍ പ്രസിഡന്റ് നജീബ് ബാബു, പൂങ്ങോട് വാര്‍ഡ് മെമ്പർ മന്‍സൂര്‍ എന്നിവര്‍ പിന്തുണക്കുകയും കോണ്‍ഗ്രസിന്റെ അടക്കാക്കുണ്ട് മെമ്പര്‍ എം സുഫൈറ പ്രസിഡന്റ് ഇലക്ഷന് വേണ്ടി ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഹാജരാകാതെ വരികയും ചെയ്തു. ഇതോടെ ഇടത് പ്രസിഡന്റ് സ്ഥാനാര്‍ഥി സെയ്ദാലിക്ക് സി പി എമ്മിന്റെ ഏഴ് വോട്ടും കോണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് വോട്ടും അടക്കം ഒമ്പത് വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി ലീഗിന്റെ വി പി എ നാസറിന് എട്ട് (ലീഗ്- 5 കോൺഗ്രസ് 3) വോട്ടും ലഭിച്ചു. സി പി എം ലെ ഒന്നാം വാര്‍ഡ് അംഗം സി ടി സക്കറിയ്യയുടെ വോട്ട് അസാധുവായി.

വിജയിച്ച സി പി എം പ്രവര്‍ത്തകര്‍ കാളികാവില്‍ പ്രകടനം നടത്തി. ലീഗിന് വോട്ട് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ ലീഗ് പ്രവര്‍ത്തകരും കാളികാവില്‍  പ്രകടനം നടത്തി. പാര്‍ട്ടി വിപ്പ് ലംഘിച്ച മൂന്ന് മെമ്പര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി സി സി യോട് ശിപാര്‍ശ ചെയ്തതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഐ മുജീബ് മാസ്റ്റര്‍ പറഞ്ഞു.