ഫാത്വിമയുടെ മരണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഡി ജി പിയെ കണ്ടു

Posted on: November 15, 2019 7:27 pm | Last updated: November 16, 2019 at 11:32 am

ചെന്നൈ: മദ്രാസ് ഐ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥിയായ ഫാത്വിമയുടെ മരണത്തില്‍ വിശദവും കാര്യക്ഷമവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്വീഫ് ഡി ജി പിയെ കണ്ടു. ഇക്കാര്യമുന്നയിച്ച് ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. മരണത്തിന് കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച ലത്വീഫ് മദ്രാസ് ഐ ഐ ടിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചു.

അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണക്കാരനെന്ന് പറയുന്ന മകളുടെ കുറിപ്പ് ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയിലും ഡി ജി പിയിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. തന്റെ മകള്‍ ആത്മഹത്യ ചെയ്തു എന്നു പറയുമ്പോള്‍ ആ കയര്‍ എവിടെ നിന്ന് വന്നുവെന്ന് വ്യക്തമാക്കണം. സി സി ടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതു തരാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ല. ഐ ഐ ടി അധികൃതര്‍ വളരെ മോശമായാണ് തന്നോട് പെരുമാറിയത്. തന്റെ മകള്‍ മരിച്ചിട്ടും ഇതുവരെ ഒരു ഉദ്യോഗസ്ഥനോ അധ്യാപകനോ വിളിച്ചിട്ടില്ല.

ദിവസവും രാത്രി എട്ടിന് ഹോസ്റ്റലില്‍ പ്രവേശിക്കുന്ന ഫാത്വിമ നവംബര്‍ എട്ടിന് രാത്രി ഒമ്പതിന് ഒരു മണിക്കൂറോളം സമയം കാമ്പസിലിരുന്ന് കരഞ്ഞതായും മൂക്കുത്തിയിട്ട ഒരു വെളുത്ത സ്ത്രീ വന്ന് അവളുടെ കണ്ണ് തുടച്ചതായും വിവരമുണ്ട്. ആ സ്ത്രീ ആരാണെന്ന് അറിയില്ല. മകള്‍ മരണത്തിനു മുമ്പ് അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനില്‍ നിന്ന് ഏത് തരത്തിലുള്ള പീഡനമാണ് മകള്‍ക്ക് അനുഭവിക്കേണ്ടി വന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. ഇനിയൊരു ഫാത്വിമയും ഇത്തരത്തില്‍ മരിക്കാന്‍ ഇടയാവരുത്. മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇത്രയും കഴിവുള്ള ഒരു കുട്ടി ഇത്തരത്തില്‍ മരിക്കാന്‍ പാടില്ലായിരുന്നു. തന്റെ കുട്ടി സ്വയം മരിച്ചതാണോ കൊന്നതാണോ എന്ന് കണ്ടെത്താന്‍ മാധ്യമങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്നും ലത്വീഫ് പറഞ്ഞു.