വിധിയിലെ നീതി; വിയോജന വിധിയിലെയും

ആചാരവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊതു നയം രൂപവത്കരിക്കുക എന്നതും വിചിത്രമായ ആശയമാണെന്ന് പറയേണ്ടിവരും. വിവിധ മതങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളെ ഒരു നയത്തെ ആധാരമാക്കി വിലയിരുത്താന്‍ സാധിക്കുമോ?
Posted on: November 15, 2019 12:06 pm | Last updated: November 15, 2019 at 12:06 pm

ചെറുതല്ലാത്ത സംശയങ്ങളാണ് പരമോന്നത കോടതിക്ക്. മതങ്ങളുടെ ആചാരങ്ങളില്‍ ഏതളവില്‍ ഇടപെടാനാകും? മൗലികാവകാശമായ തുല്യതയും മത സ്വാതന്ത്ര്യവും ചേര്‍ന്നു പോകുന്നുണ്ടോ? ഹിന്ദു വിഭാഗങ്ങള്‍ എന്ന നിര്‍വചനത്തില്‍ വരുന്നവര്‍ ആരൊക്കെ? തുടങ്ങി ഏഴ് സംശയങ്ങള്‍ അക്കമിട്ട് നിരത്തി, അവയിലൊക്കെ തീര്‍പ്പുണ്ടാക്കാന്‍ ഏഴ് അംഗങ്ങളുള്ള ഭരണഘടനാ ബഞ്ച് രൂപവത്കരിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളാണ് വലിയ സംശയങ്ങളിലേക്ക് സുപ്രീം കോടതിയെ നയിച്ചത്. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ ചേലാകര്‍മം, ഇതര മതത്തില്‍ നിന്ന് വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ മതാവകാശം തുടങ്ങി വിശ്വാസമോ ആചാരമോ ഒക്കെയായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ വിവിധ ബഞ്ചുകളിലായി പരിഗണനയിലുണ്ട്. ഇവയിലൊക്കെ തീര്‍പ്പുണ്ടാക്കണമെങ്കില്‍ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതിക്ക് ഏതളവില്‍ ഇടപെടാമെന്നതില്‍ വ്യക്തത വേണമെന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കം മൂന്ന് ജഡ്ജിമാര്‍ ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഏകീകൃതമായ നീതിന്യായ നയം ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട നിരവധി വിധികള്‍ സുപ്രീം കോടതിയുടേതായുണ്ട്. അതില്‍ പ്രധാനം ഉഡുപ്പിയിലെ ഷുരൂര്‍ മഠവുമായി ബന്ധപ്പെട്ട് 1954ല്‍ പുറപ്പെടുവിച്ചതാണ്. മതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആചാരങ്ങള്‍ എന്തൊക്കെ എന്ന് നിശ്ചയിക്കുന്നതില്‍ കോടതിക്കുള്ള പങ്ക് ഉറപ്പിക്കുന്നതായിരുന്നു ആ വിധി. പിന്നീട് അജ്മീര്‍ ദര്‍ഗ കേസിലും ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീം കോടതി പരിശോധിച്ചു. മതത്തിന്റെ അനിവാര്യമായ ആചാരങ്ങളും അന്ധവിശ്വാസത്തെ ആധാരമാക്കി വളര്‍ന്നുവന്ന ആചാരങ്ങളും പ്രത്യേകമായി തന്നെ കാണണമെന്നാണ് അന്ന് കോടതി പറഞ്ഞത്. പൊതു ക്രമത്തിന് യോജിക്കാത്തതോ ധാര്‍മികതക്ക് നിരക്കാത്തതോ ആരോഗ്യത്തിന് (വ്യക്തിയുടെയും സമൂഹത്തിന്റെയും) ചേരാത്തതോ ആയ ആചാരങ്ങള്‍ പാടില്ലെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊക്കെ കൃത്യത വേണമെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി പറയുന്നത്. പൊതു ക്രമം, ധാര്‍മികത, ആരോഗ്യം എന്നതു കൊണ്ടൊക്കെ അര്‍ഥമാക്കുന്ന കാര്യങ്ങളെ ഭരണഘടന നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ അത് നിര്‍വചിക്കാനുള്ള ഉത്തരവാദിത്തം ഏഴംഗ ഭരണഘടനാ ബഞ്ചിന് നല്‍കുകയാണ് കോടതി.

പൊതു ക്രമത്തിന് യോജിക്കാത്ത ആചാരമെന്തൊക്കെ എന്ന് പരിഷ്‌കൃത സമൂഹത്തിന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. സമൂഹം മുന്നോട്ടുപോകുകയും പുതിയ ആശയങ്ങളില്‍ അധിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോള്‍ പൊതുക്രമത്തിലും അതിനനുസരിച്ച് മാറ്റമുണ്ടാകും. അതുകൊണ്ട് തന്നെ പൊതുക്രമമെന്നത് സ്ഥായിയായ ഒന്നെന്ന് പറയുക വയ്യ. പൊതു ക്രമമെന്നതിനെ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് നിര്‍വചിക്കുന്നത് യുക്തിസഹമാകില്ല തന്നെ. ധാര്‍മികത, ആരോഗ്യം തുടങ്ങിയവയും കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നിര്‍വചനം പ്രയാസമായിരിക്കും. അതുകൊണ്ടാണ് പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവയെയൊന്നും നിര്‍വചിക്കാന്‍ ഭരണഘടനാ ശില്‍പ്പികള്‍ തയ്യാറാകാതിരുന്നത്.

ഇപ്പറഞ്ഞതിനൊക്കെ വിരുദ്ധമായ ആചാരങ്ങള്‍ വേണ്ടെന്ന് പറഞ്ഞതും കാലം മാറുന്നതിന് അനുസരിച്ച് ആചാരങ്ങള്‍ മാറണമെന്നും കാലത്തിന് യോജിക്കാത്ത ആചാരങ്ങള്‍ ഇല്ലാതാകണമെന്നുമുള്ള ദീര്‍ഘ വീക്ഷണത്തോടെയാകണം. അത് സുപ്രീം കോടതിക്ക് ഇപ്പോള്‍ മനസ്സിലാകാതെ പോകുന്നത്, തീവ്ര ഹിന്ദുത്വ വാദികള്‍ അധികാരം കൈയാളുകയും രാജ്യത്തെ ഏകധ്രുവമാക്കാന്‍ ശ്രമം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാകണം.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊതു നീതിന്യായ നയം രൂപവത്കരിക്കുക എന്നതും വിചിത്രമായ ആശയമാണെന്ന് പറയേണ്ടിവരും. വിവിധ മതങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളെ ഒരു നയത്തെ ആധാരമാക്കി വിലയിരുത്താന്‍ സാധിക്കുമോ? ആചാരവുമായി ബന്ധപ്പെട്ട കേസുകള്‍ ഓരോന്നായി പരിഗണിച്ച് യുക്തമായ തീരുമാനത്തിലെത്തുന്നതാണ് ഉചിതമെന്ന് വിയോജന വിധിയില്‍ റോഹിംഗ്ടണ്‍ നരിമാനും ഡി വൈ ചന്ദ്രചൂഡും രേഖപ്പെടുത്തിയതാണ് യുക്തിസഹം. അതിനപ്പുറത്ത് പൊതു നയം നിര്‍ണയിക്കണമെന്ന ആശയം കോടതി പങ്കുവെക്കുമ്പോള്‍ അതും ഏകധ്രുവ രാഷ്ട്രമെന്ന നിലവിലെ ഭരണകൂടത്തിന്റെ സങ്കല്‍പ്പത്തോടാണ് ചേര്‍ന്നു നില്‍ക്കുന്നത്.

ശബരിമലയിലെ പ്രവേശനവിലക്ക് നീക്കിക്കൊണ്ട് സുപ്രീം കോടതി 2018 സെപ്തംബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള മൗലികാവകാശത്തെയാണ് പ്രധാനമായും ആധാരമാക്കുന്നത്. ഇത് ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ നല്‍കുന്ന മത സ്വാതന്ത്ര്യവുമായി ചേര്‍ന്നു പോകുന്നുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി ഉന്നയിക്കുന്നത്. ഇക്കാര്യം 2018ലെ വിധിയില്‍ തന്നെ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയതാണ്. ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യം സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന, അവരുടെ തുല്യതക്കുള്ള അവകാശം ഇല്ലാതാക്കുന്ന ഒന്നല്ല എന്ന് അന്ന് ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട് എന്നതിന് ആത്മീയമോ ഭൗതികമോ ആയ തെളിവുകളൊന്നും ഹാജരാക്കാന്‍ വിലക്ക് തുടരണമെന്ന് വാദിച്ചവര്‍ക്ക് സാധിച്ചിരുന്നില്ല. റിവ്യൂ ഹരജികള്‍ സമര്‍പ്പിച്ചപ്പോഴും പുതിയ തെളിവുകള്‍ ഹാജരാക്കപ്പെട്ടില്ല. 2018ലെ വിധിയില്‍ ഏതെങ്കിലും വിധത്തിലുള്ള പിശകുകളുണ്ടെന്ന് ബോധ്യപ്പെടുത്താനും സാധിച്ചില്ല. റിവ്യൂ ഹരജികള്‍ പരിഗണിക്കണമെങ്കില്‍ പുതിയ തെളിവുകളോ വിധിയിലെ പിശകോ ചൂണ്ടിക്കാണിക്കണമെന്നാണ് സുപ്രീം കോടതിയുടെ തന്നെ മുന്‍ കാല വിധികള്‍. അതൊന്നും ഹാജരാക്കാത്ത സാഹചര്യത്തില്‍ റിവ്യൂ ഹരജികള്‍ തള്ളിക്കളയുക എന്ന ലളിതമായ കാര്യമേ സുപ്രീം കോടതിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. അതിന് പകരം കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് കേസിനെ വഴിതിരിച്ചുവിടുകയാണ് കോടതി ചെയ്തിരിക്കുന്നത്.

ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിന്റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്ന് വിയോജന വിധിയില്‍ ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാനും ഡി വൈ ചന്ദ്രചൂഡും ഓര്‍മിപ്പിക്കുന്നുണ്ട്്. സുപ്രീം കോടതി വിധിയെ ആസൂത്രിതമായി അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കൂടി ഇരുവരും പറഞ്ഞുവെക്കുന്നുണ്ട്. ഭൂരിപക്ഷ മതത്തിന്റെ പേരില്‍ തെരുവിലിറങ്ങി സുപ്രീം കോടതി വിധിയെയും നിയമ വാഴ്ചയെയും ചോദ്യം ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് ഭൂരിപക്ഷ വിധിയെന്ന് പറയാതെ പറയുകയാണ് ജസ്റ്റിസ് നരിമാനും ചന്ദ്രചൂഡും.