Connect with us

Editorial

ശബരിമല: പുനഃപരിശോധന സ്വാഗതാര്‍ഹം

Published

|

Last Updated

രാജ്യത്തെ വിശ്വാസി സമൂഹങ്ങള്‍ക്ക് ആശ്വാസകരമാണ് ശബരിമല യുവതീപ്രവേശന പ്രശ്‌നം ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കുകയും കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കുകയും ചെയ്ത 2018 സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ റോഹിംഗ്ടന്‍ നരിമാന്‍, എം എം ഖാവിന്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബഞ്ച് കേസ് വിശാല ബഞ്ചിന് വിട്ടത്. മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമെന്താണ്, അത്തരം ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമുണ്ടോ എന്നിത്യാദി വിഷയങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കോടതി ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പുതിയ ചീഫ് ജസ്റ്റിസാണ് വിശാല ഭരണഘടനാ ബഞ്ച് തീരുമാനിക്കേണ്ടത്.

ശബരിമല വിഷയത്തോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളും വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടെങ്കിലും ജസ്റ്റിസ് നരിമാന്‍ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു മതങ്ങളിലെ പ്രശ്‌നങ്ങള്‍ ശബരിമല സ്ത്രീപ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബഞ്ചിന്റെ പരിഗണനയില്‍ വരുന്നില്ല. അവ പുതിയ ഭരണഘടനാ ബഞ്ചിന്റെ പരിശോധനക്ക് വിടുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് നരിമാന്‍ എഴുതിയ വിയോജനക്കുറിപ്പില്‍ അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ ജനിതക ഘടന വെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാത്പര്യ ഹരജിയിലെ ചോദ്യത്തിലാണ് 2018 സെപ്തംബര്‍ 28ലെ വിധി പുറപ്പെടുവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവതികള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും അന്തസ്സിനുമുള്ള സ്ത്രീകളുടെ അവകാശത്തിന്റെയും ലംഘനമാണെന്നായിരുന്നു 2018 സെപ്തംബര്‍ 28ലെ വിധിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിഗമനം. ജാതി, ലിംഗ ഭേദങ്ങളില്ലാതെ ഹിന്ദു മതത്തിലെ ഏതൊരു വിശ്വാസിക്കും ക്ഷേത്ര പ്രവേശനത്തിനും പ്രാര്‍ഥനക്കുമുള്ള അവകാശമുണ്ടെന്നും പരിശുദ്ധിയുടെ പേരിലുള്ള വിലക്ക് തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടന പ്രകാരം ആരാധനക്കുള്ള വ്യക്തിയുടെ അവകാശം പ്രതിഷ്ഠയുടെ സ്വഭാവവുമായി യോജിച്ചു പോകുന്നതാകണമെന്നും പ്രതിഷ്ഠയുടെ സവിശേഷതയുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ യുവതികളെ നിയന്ത്രിക്കുന്നതെന്നുമാണ് പ്രസ്തുത വിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളില്‍ ചൂണ്ടിക്കാണിച്ചത്. ക്ഷേത്രപ്രവേശന വിലക്ക് സ്ത്രീകളോടുള്ള വിവേചനമല്ല. തൊട്ടുകൂടായ്മയുമായി അതിനു ബന്ധമില്ല. ആര്‍ത്തവ സമയത്ത് സാധാരണമായി സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകാറില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൊതു സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കാന്‍ അനുശാസിക്കുന്ന ഭരണഘടനയുടെ 15ാം വകുപ്പിന്റെ പരിധിയില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടില്ലെന്നു എന്‍ എസ് എസ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ പറയുന്നു. മതേതര സ്ഥാപനങ്ങള്‍ക്കു മാത്രം ബാധകമാകുന്നതാണ് ആ വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ സാധാരണ ഇടപെടാറില്ലെന്ന് യഹോവാ സാക്ഷികളുടെ കേസില്‍ നിരീക്ഷിച്ചതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊതുധാരയില്‍ നില്‍ക്കുന്ന വിഷയമല്ല ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം. ഒരു സമുദായത്തിനകത്തെ വിശ്വാസത്തിന്റെ വിഷയമാണത്. സതി പോലുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്കു കീഴില്‍ വരുന്ന നടപടികളില്ലാത്ത പക്ഷം കോടതികള്‍ ആചാരങ്ങളില്‍ ഇടപെടരുതെന്നും വിവിധ ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പുനഃപരിശോധനാ ഹരജികളെ എതിര്‍ത്ത് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും കോടതിയെ സമീപിച്ചിരുന്നു. സെപ്തംബര്‍ 28ലെ വിധി സ്ത്രീകളുടെ അന്തസ്സും സ്വാതന്ത്ര്യവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നാണ് അവരുടെ വാദം.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള അഞ്ചംഗ സുപ്രീം കോടതി ബഞ്ചില്‍ അന്ന് പ്രസ്തുത വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വീക്ഷണത്തിനുള്ള അംഗീകാരം കൂടിയാണ് വിശാല ബഞ്ചിനു വിട്ടുകൊണ്ടുള്ള ഇന്നലത്തെ കോടതി വിധി. മതവികാരങ്ങളും മതാചാരങ്ങളും സാധാരണ വിഷയങ്ങളായി കണ്ട് കോടതി ഇടപെടരുതെന്നായിരുന്നു തന്റെ വിയോജനക്കുറിപ്പില്‍ ഇന്ദു മല്‍ഹോത്ര അന്നു രേഖപ്പെടുത്തിയത്. മതപരമായ കാര്യങ്ങളില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാകുന്നതോ, ആഴത്തില്‍ വേരുറപ്പിച്ച മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതക്കനുസൃതമായി മാറ്റിയെഴുതാകുന്നതോ അല്ല. ഏതെങ്കിലുമൊരു മതസ്ഥരുടെ ആചാരാനുഷ്ടാനങ്ങളില്‍ വ്യക്തമായ ധാരണയും രീതിയും തുടര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിന് തടസ്സം സൃഷ്ടിക്കാത്ത വിധത്തിലായിരിക്കണം കോടതി ഇടപെടലെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കോടതി ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ഇന്നലത്തെ പരാമര്‍ശത്തിന്റെ പൊരുളും ഏറെക്കുറെ ഇതുതന്നെയാണല്ലോ. വിഷയം ഏഴംഗ ഭരണഘടനാ ബഞ്ച് വിശദമായി പഠിക്കട്ടെ. അത് പക്ഷേ, ഭരണഘടന അനുവദിച്ച മത, വിശ്വാസ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ടു കൂടിയായിരിക്കണം. ന്യയാധിപന്മാരുടെ യുക്തിചിന്തക്കും വ്യക്തിപരമായ വീക്ഷണങ്ങള്‍ക്കും ബാഹ്യ പ്രേരണകള്‍ക്കും അതില്‍ ഇടമുണ്ടാകരുത്. മുത്വലാഖ് ഉള്‍പ്പെടെ സമീപ കാലത്തെ പല വിധിപ്രസ്താവങ്ങളിലും ന്യായാധിപന്മാര്‍ അധികാര പരിധി ലംഘിച്ചിട്ടില്ലേ എന്നു സംശയിക്കേണ്ടതുണ്ട്. ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടിയതു പോലെ ശബരിമല പ്രശ്‌നവുമായി മുസ്‌ലിം സ്ത്രീകളുടെ വിഷയം കൂട്ടിക്കുഴച്ചതിലുമുണ്ട് പന്തികേട്.

---- facebook comment plugin here -----

Latest