കര്‍ണാടകയില്‍ 13 വിമതര്‍ ബിജെപി സ്ഥാനാര്‍ഥികള്‍; ഇവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് യെദ്യൂരപ്പ

Posted on: November 14, 2019 8:10 pm | Last updated: November 15, 2019 at 11:14 am

ബെംഗളൂരു: കര്‍ണാടകിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാരിനെ അട്ടിറിക്കാനിയ രാജിവെച്ച് അയോഗ്യരായ 17 വിമതരില്‍ 13 പേര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍. ഇവര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭാ മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസംസുപ്രീം കോടതി വിധിച്ചതാണ് വിമതര്‍ക്ക് തുണയായത്.

എം എല്‍ എ സ്ഥാനവും, ചിലര്‍ മന്ത്രി സ്ഥാനംതന്നെയുംത്യജിച്ചതിനാലാണ്തനിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചതെന്ന് വിമതര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞിരുന്നു.ഇവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന്മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.14 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ ഡി എസ് എം.എല്‍.എമാരുമാണ് നേരത്തെ രാജിവെച്ചിരുന്നത്.

നിയമസഭയില്‍ ബിജെപിയുടെ അംഗബലം ഇപ്പോള്‍ 106 ആണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ ആറ് സ്ഥലത്തെങ്കിലും ജയിച്ചാലെ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ബിജെപിക്ക് ആകൂ. 224 അംഗങ്ങളുള്ള നിയമസഭയില്‍ 113 ആണ് കേവല ഭൂരിപക്ഷം.