Connect with us

National

റഫാല്‍: പുനപ്പരിശോധനാ ഹരജികള്‍ സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ ജെറ്റ് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പുനപ്പരിശോധനാ ഹരജികള്‍ സുപ്രീം കോടതി തള്ളി. കേസില്‍ ഇനി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി. കേന്ദ്രത്തിന്റെ റഫാല്‍ ഇടപാട് ശരിവച്ച സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് തള്ളിയത്. മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബി ജെ പി നേതാക്കളുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി എം പി. സഞ്ജയ് സിംഗ് എന്നിവരാണ് ഹരജി നല്‍കിയിരുന്നത്.

ഫ്രാന്‍സിലെ ദസൊ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ളതാണ് റഫാല്‍ കേസ്. 59,000 കോടി രൂപക്ക് ഇത്രയും വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ഇതേകുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള ഹരജി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് പുനപ്പരിശോധനാ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

അതേസമയം, റഫാല്‍ കേസില്‍ ഛൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന് പ്രധാന മന്ത്രി മോദിയെ ബന്ധപ്പെടുത്തി സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരായ ഹരജിയില്‍ കോടതി നടപടിയൊന്നും സ്വീകരിച്ചില്ല. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ബി ജെ പി നേതാവ് മീനാക്ഷി ലേഖി എം പിയാണ് പ്രസ്താവനക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നത്.