ഇന്‍ഡോര്‍ ടെസ്റ്റ്: ബംഗ്ലാദേശിനെ 150ല്‍ എറിഞ്ഞിട്ട് ഇന്ത്യ

Posted on: November 14, 2019 3:04 pm | Last updated: November 14, 2019 at 5:23 pm

ഇന്‍ഡോര്‍ | ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയ ടീം 150 റണ്‍സിന് കൂടാരം കയറി. മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമി, രണ്ടു വീതം വിക്കറ്റുകള്‍ കൊയ്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരുടെ ബൗളിംഗാണ് ബംഗ്ലാദേശിനെ ചുരുക്കിക്കെട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. 14 പന്തിൽ ആറ് റൺസാണ് രോഹിത് നേടിയത്.

43 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിമും 37 എടുത്ത പുതിയ നായകന്‍ മൊമിനുല്‍ ഹഖും ബംഗ്ലാ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഞ്ച് ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ മടങ്ങി.

ആദ്യ ദിനം കളി നിർത്തുമ്പോൾ 81 പന്തിൽ 37 റൺസുമായി ഇന്ത്യയുടെ  മായങ്ക് അഗർവാളും 61 പന്തിൽ 43 റൺസുമായി ചേതശ്വർ പൂജാരയുമാണ് ക്രീസിൽ.

നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി ട്വന്റി പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
ബംഗ്ലാദേശ്: ഇമ്റുല്‍ കായിസ്, ശദ്മാന്‍, മുഹമ്മദ് മിഥുന്‍, മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, മഹ്മൂദുല്ല, ലിറ്റന്‍ദാസ്, മെഹ്ദി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, അബു ജായേദ്, എബാദോത്ത്.