Connect with us

Ongoing News

എഴുത്തിൽ ആളൊരു കേരളീയൻ

Published

|

Last Updated

നാടിനെക്കുറിച്ച് പുസ്തകമെഴുതുക, നാടിന്റെ പേര് മിക്ക തലക്കെട്ടുകളിലും വരിക… അത് റെക്കോർഡിലും എത്തുക…ഏറെ കൗതുകകരമാണ് ഇതെല്ലാം. അതേ, കേരളത്തെക്കുറിച്ച് പുസ്തകങ്ങളെഴുതി റെക്കോർഡിലെത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ആർ വിനോദ് കുമാർ. പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ കേരളം എന്ന ശീർഷകം പേരുകളായി വന്നതാണ് ഇതുമായി ബന്ധപ്പെട്ട റെക്കോർഡിന് വിനോദ് കുമാറിനെ അർഹനാക്കിയത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ പേര് ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡിലേക്ക് ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുന്നത്.

ആകെ 36 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ 17 പുസ്തകങ്ങൾ കേരളം എന്ന നാമത്തിലാണ് ആരംഭിക്കുന്നത്. കേരളം ഒരു യാത്രാ സഹായി, കേരളത്തിന്റെ ഗുഹാക്ഷേത്രങ്ങളും അപൂർവ ക്ഷേത്രങ്ങളും, കേരളത്തിലെ വൃക്ഷങ്ങൾ, കേരളത്തിലെ ചെറുസസ്യങ്ങളും വൃക്ഷങ്ങളും, കേരളത്തിലെ വന്യ ജീവികൾ, കേരളത്തിലെ ജലാശയങ്ങൾ, കേരളത്തിലെ കാട്ടു പക്ഷികൾ, കേരളത്തിലെ ചെറു ജീവികൾ, കേരളത്തിലെ പക്ഷികൾ, കേരളത്തിലെ സ്മാരകങ്ങൾ, കേരളത്തിലെ കാടുകളും വന്യ ജീവികളും, കേരളത്തിന്റെ ഹരിത ജാലകം തുറന്നവർ, കേരളത്തിലെ ചെറു സസ്യങ്ങൾ, കേരളീയം,കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും, കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളും വന്യ ജീവികളും, കേരളത്തിലെ വനവൃക്ഷങ്ങൾ എന്നിവയാണ് ഈ 17 പുസ്തകങ്ങൾ. ഈ പുസ്തകങ്ങൾക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വിനോദ് കുമാർ പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങളുമായി ഇനിയും മുന്നോട്ടുപോകണമെന്ന ആഗ്രഹവും വിനോദകുമാർ പങ്കുവെക്കുന്നു.

1998ൽ അഹം ബ്രഹ്മാസ് മി എന്ന നോവലും എഴുതിയിരുന്നു. കേരളത്തിൽ നിന്നുള്ള വിവിധ പ്രസിദ്ധീകരണങ്ങളിൽ പരിസ്ഥിതി സംബന്ധമായ നിരവധി ലേഖനങ്ങൾ വിനോദ് കുമാർ എഴുതിയിട്ടുണ്ട്. 40 ഇക്കോ ടൂറിസം യാത്രകൾ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കാലടിയിൽ താമസിക്കുന്ന വിനോദ് കുമാർ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സഹ്യാദ്രി നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്ന പരിസ്ഥിതി സംഘടനയുടെ സെക്രട്ടറി കൂടിയാണ്.

മടവൂർ രാധാകൃഷ്ണൻ
rkmadavoor@gmail.com

Latest