Connect with us

Kerala

ശബരിമല: പുനഃപരിശോധന ഹരജികളില്‍ നാളെ വിധി

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രീയ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരിമല പുനപ്പരിശോധന ഹരജികളില്‍ നാളെ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക. ശബരിമലില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരായ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹരജിയിലാണ് വിധി പറയുക.
യുവതീപ്രവേശനത്തിനെതിരെ 56 പുനഃപരിശോധനാ ഹരജികളാണ് കോടതിക്ക് മുമ്പാകെ എത്തിയിരിക്കുന്നത്. ഇവ പരിഗണിക്കണോയെന്ന കാര്യത്തിലാണ് നാളെ വിധി പറയുന്നത്.

നാളത്തെ കോടതി വിധി എന്താകുമെന്നത് സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. രണ്ട് സാധ്യതകളാണ് നിയമവിദഗദര്‍ പറയുന്നത്. ആദ്യത്തേത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പുനപ്പരിശോധന ഹരജികളും പരിശോധനക്ക് പോലും തയ്യാറാകാതെ തള്ളിക്കളയുക. സാധാരണ ഭരണഘടനാ ബഞ്ചിന്റെ വിധികളില്‍ പുനപ്പരിശോധന ഹരജികള്‍ പരിഗണിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. അഞ്ചംഗ ബഞ്ചിന്റെ വിധിയില്‍ ഭരണഘടാനാ അവകാശങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ പുനപ്പരിശോധന പരിഗണിക്കുകയുള്ളു. മാത്രമല്ല അ#്ചംഗ ബെഞ്ചില്‍ മൂന്ന് പേരെങ്കിലും ഇതിനോട് യോജിക്കുകയും വേണം. നേരത്തെ വിധി പറഞ്ഞ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് മാത്രമാണ് പുതുതായുള്ളത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം രഞ്ജന്‍ ഗൊഗോയ് മാറിയെന്ന് മാത്രം. നേരത്തെ നാല് ജസ്റ്റിസുമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് എതിര്‍ത്തത്. പുതിയ സാഹചര്യത്തില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിന് അനുകൂലമായി നിന്നാലും മറ്റ് മൂന്ന് പേരില്‍ ആരെങ്കിലും ഒരാള്‍ നിലപാട് മാറ്റിയാല്‍ മാത്രമേ പുനപ്പരിശോധന അംഗീകരിക്കപ്പെടുകയുള്ളുവെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.

ഇനി രണ്ടാമത്തെ സാധ്യത പുനപ്പരിശോധന അംഗീകരിക്കുക എന്നതാണ്. അഞ്ചംഗ ഭരണഘടാന ബഞ്ചിലെ ഭൂരിഭാഗം പേരും ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയാല്‍ കേസ് വിശദമായ ഒരു പരിശോധനക്ക് സുപ്രീംകോടതിയുടെ വിശദമായ ബഞ്ചിലേക്ക് കൈമാറ്റപ്പെടും. ഏഴംഗങ്ങളുള്ള ഒരു ബഞ്ച് രൂപവത്ക്കരിക്കുകയാണ് ചെയ്യുക. പുനപ്പരിശോധ അംഗീകരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ നിലവിലെ വിധി സ്‌റ്റേ ചെയ്‌തേക്കും. നിലവിലെ വിധി നിലനിര്‍ത്തിക്കൊണ്ടും പുനപ്പരിശോധന അനുവദിച്ചേക്കാം. ഇക്കാര്യത്തിലുള്ള പൂര്‍ണ അധികാരം ഭരണഘടാന ബഞ്ചിനുണ്ട്.

വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരും ദേവസ്വംബോര്‍ഡും കുറ്റകരമായ അനാസ്ഥ കാണിച്ചതിനാലാണ് വിശ്വാസപരമായ കാര്യങ്ങള്‍ പരിശോദിക്കാതെ ഭരണഘടനാപരമായ അവകാശം മാത്രം പരിഗണിച്ചതെന്ന് ബി ജെ പി നേതാവ് എം ടി രമേശ് പ്രതികരിച്ചു. വിശ്വാസത്തിന് പ്രാധാന്യം നല്‍കണമെന്ന ബി ജെ പിയുടെ നിലപാടിന് ഒപ്പം നില്‍ക്കുന്ന ഒരു വിധിയാണ് ബാബരി കേസില്‍ ഉണ്ടായിരിക്കുന്നത്. തങ്ങലുടെ വാദങ്ങള്‍ കൃത്മയാി കോടതിയില്‍ എത്തിച്ചിട്ടുണ്ട്. കോടതി വിധിയില്‍ ബി ജെ പിക്ക് പ്രതീക്ഷയുണ്ട്. അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധിയെ ബി ജെ പി മാനിക്കും. എന്നാല്‍ വിശ്വാസ ആചര സംരക്ഷത്തിന് വേണ്ട നിയമപരമായ ഇടപടെലുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.