രാഷ്ട്രപതി വന്നാലും നാടകം തുടരും

അധികാര വീതംവെപ്പില്‍ തുല്യാവകാശം വേണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന തുടങ്ങിയ പോര് ശിവസേന- ബി ജെ പി സഖ്യത്തിന്റെ പിളര്‍പ്പിലെത്തി. അധികാരം നിലനിര്‍ത്താനുള്ള സീറ്റുകള്‍ നേടി തിരിച്ചു വന്നെങ്കിലും സര്‍ക്കാര്‍ രൂപവത്കരണം വഴി മുട്ടിയപ്പോൾ രാഷ്ട്രപതി ഭരണത്തിലെത്തിയിരിക്കുകയാണ്.
Posted on: November 13, 2019 12:02 pm | Last updated: November 13, 2019 at 12:02 pm


വെള്ളത്തെ രണ്ടായി വിഭജിക്കാനാകില്ല. എത്ര വിഭജിച്ചാലും അത് വീണ്ടും ഒന്നായി ചേരുമെന്നായിരുന്നു മഹാരാഷ്ട്രയിലെ എന്‍ ഡി എ സഖ്യത്തിലുണ്ടായ വിള്ളലുകള്‍ സംബന്ധിച്ച് ബി ജെ പിയുടെ ആദ്യ പ്രതികരണങ്ങളിലൊന്ന്. ഒരേ ഗണത്തില്‍പ്പെട്ട, വംശീയ, വര്‍ഗീയ പ്രത്യയശാസ്ത്രം പിന്തുടരുകയും അത്തരം പ്രചാരണങ്ങള്‍ കൊണ്ട് അധികാരം പിടിച്ചെടുക്കുകയും ചെയ്യുന്ന രണ്ട് പാര്‍ട്ടികള്‍ എപ്പോള്‍ വേണമെങ്കിലും യോജിപ്പിലെത്താമെന്നതും പ്രത്യയശാസ്ത്രപരമായി അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയെന്ന സാധ്യത വളരെ കുറഞ്ഞ ഒരു കാര്യമാണെന്നും ശിവസേനയുടെയും ബി ജെ പിയുടെയും രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. എന്നാലിപ്പോള്‍ അധികാര വീതംവെപ്പില്‍ തുല്യാവകാശം വേണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന തുടങ്ങിയ പോര് സഖ്യത്തിന്റെ പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സഖ്യം അധികാരം നിലനിര്‍ത്താനുള്ള സീറ്റുകള്‍ നേടി തിരിച്ചു വന്നെങ്കിലും സര്‍ക്കാര്‍ രൂപവത്കരണം വഴി മുട്ടി നില്‍ക്കുന്നു. കാവല്‍ സര്‍ക്കാറിന്റെ കാലാവധി അവസാനിച്ചതോടെ ബി ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ച് ഇറങ്ങിപ്പോയി. ഇപ്പോള്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും എന്‍ സി പിയും കോണ്‍ഗ്രസും പിന്തുണക്കുമെന്നുമുള്ള വാദങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്പോഴാണ് രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തുന്നത്.

ബി ജെ പി ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമായിരുന്നു പിറവിയെടുത്തതെങ്കില്‍ മുംബൈ നഗരത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍താക്കറെ മഹാരാഷ്ട്രയിലെ മറാത്തി സംസാരിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ശിവസേന എന്ന പാര്‍ട്ടി രൂപവത്കരിച്ചത്. പ്രാദേശിക- വംശീയ വാദമായിരുന്നു പാര്‍ട്ടിയുടെ പിറവിയുടെ തത്വശാസ്ത്രം. മുംബൈ മഹാ നഗരത്തിലേക്ക് തൊഴിലെടുക്കാനായി വന്ന മറു ഭാഷക്കാര്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ കൊണ്ടാണ് ശിവസേന ശക്തിപ്രാപിച്ചത്. ഗുജറാത്തികളും തെക്കേ ഇന്ത്യക്കാരുമടക്കമുള്ളവര്‍ ശിവസേനയുടെ പ്രചാരണത്തിന്റെ ഫലമായി മുംബൈ നഗരത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. ശിവസേന ശക്തി പ്രാപിക്കുകയും ചെയ്തു. എന്നാല്‍, ശിവസേന 70കളില്‍ ഹിന്ദുത്വവും തലയില്‍ സ്വയം എടുത്തണിഞ്ഞു. 1989ല്‍ ബി ജെ പിയുമായി സഖ്യം കൂടി. 1995 മുതല്‍ 99 വരെയുള്ള കാലഘട്ടത്തില്‍ സഖ്യം അധികാരത്തിലെത്തി. 1999 മുതല്‍ 2014വരെ സഖ്യം സംസ്ഥാനത്തെ യോജിച്ച പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു. എന്നാല്‍ 2014ല്‍ ചരിത്രത്തിലാദ്യമായി സഖ്യം രണ്ടായി പിരിഞ്ഞു. ഇരു പാര്‍ട്ടികളും വ്യത്യസ്തമായി മത്സരിച്ചു. സീറ്റു വിഭജനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു പിളര്‍പ്പ്. എന്നാല്‍, തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഇരുവരും ചേര്‍ന്ന് വീണ്ടും സഖ്യം രൂപവത്കരിച്ചു അധികാരം പങ്കിട്ടു. എന്നാല്‍ ഇപ്പോള്‍ 2019ല്‍, 2014ലേതിന് നേര്‍ വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നത്. സീറ്റു വിഭജനത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും വലിയ പ്രതിസന്ധികളുണ്ടാകാതെ ഇരുവരും ഒന്നിച്ച് ചേര്‍ന്നു മത്സരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം പുറത്തുവന്നതോടെ നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം തുല്യയളവില്‍ അധികാരം പങ്കുവെക്കണമെന്ന് ശിവസേന ആവശ്യപ്പെടുകയായിരുന്നു. 288 അംഗ നിയമസഭയില്‍ 161 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം ബി ജെ പി- സേന സഖ്യത്തിനുണ്ട്. ബി ജെ പിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. അവര്‍ 105 സീറ്റ് നേടി. ശിവസേന 56 സീറ്റും നേടി. അധികാരം നിലനിര്‍ത്താനുള്ള കൃത്യമായ ഭൂരിപക്ഷമുണ്ട് സഖ്യത്തിന്. കോണ്‍ഗ്രസ് 44, എന്‍ സി പി 54 എന്നിവരാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികള്‍. എന്നാല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ നേരത്തേ ധാരണയിലെത്തിയിരുന്ന 50:50 എന്ന ഫോര്‍മുല പാലിക്കണമെന്ന് ശിവസേന വാശിപിടിച്ചു. ആദ്യഘട്ടത്തില്‍ ഇതൊരു സമ്മര്‍ദ തന്ത്രം മാത്രമാണെന്നും ചര്‍ച്ചകളിലൂടെ ചില ആനുകൂല്യങ്ങള്‍ കൂടി വെച്ചുനീട്ടിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നുമാണ് ബി ജെ പി കരുതിയത്. എന്നാല്‍ ബാല്‍താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെ കരുതി കൂട്ടിയുള്ള ചില നീക്കങ്ങളാണ് നടത്തുന്നത്. ബി ജെ പിയെ വിട്ട് കോണ്‍ഗ്രസിനെയും എന്‍ സി പിയെയും കൂട്ടി ഒരു സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംസ്ഥാനത്തെ ഇരു പാര്‍ട്ടി നേതാക്കളും ഈ നീക്കത്തിന് പിന്തുണ നല്‍കുന്നുമുണ്ട്. വെറുതെയിരിക്കുന്നതിനേക്കാളും നല്ലത് അധികാരത്തിന്റെ ഭാഗമായി ഇരുന്നാല്‍ എന്തെങ്കിലുമൊക്കെ കിട്ടുമല്ലോ എന്ന ആലോചന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് – എന്‍ സി പി നേതാക്കളെ ഇങ്ങനെ ചിന്തിപ്പിക്കുന്നതിന് പ്രേരിപ്പിച്ചിരിക്കാം.

എങ്ങനെയായിരുന്നാലും സഖ്യം പിളര്‍പ്പിന്റെ പൂര്‍ണതയിലേക്ക് നീങ്ങിയിരിക്കുന്നു. നീണ്ട കാലത്തെ ബന്ധുത്വം തത്കാലം ഇരുവരും ഉപേക്ഷിച്ചിരിക്കുന്നു എന്നുവേണം നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കോണ്‍ഗ്രസിനെയും എന്‍ സി പിയെയുമാണ് പുതിയ ചങ്ങാത്തത്തിന് ശിവസേന തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ മതേതര പാര്‍ട്ടികള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി അടവു നയങ്ങള്‍ സ്വീകരിക്കാമെന്നത് ഗുണകരമാണ്. എന്നാല്‍ ശിവസേനയോട് അത് ആകാമോയെന്നു കോണ്‍ഗ്രസ് പലവട്ടം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് പാര്‍ട്ടിയോട് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ചവരെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്. ബി ജെ പിയെ പുറത്താക്കാന്‍ ഇതാ ഒരവസരം വന്നിരിക്കുന്നുവെന്നാണ് പക്ഷം. എന്നാല്‍ മനുഷ്യരെ വിഭജിക്കാന്‍ ഏതൊക്കെ പ്രത്യയശാസ്ത്രം നിലവിലുണ്ടോ അതെല്ലാം പരീക്ഷിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ഇത്തരമൊരു ഘട്ടത്തില്‍ എന്ത് സമീപനം സ്വീകരിക്കണമെന്നത് കോണ്‍ഗ്രസ് പലവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു. ബി ജെ പിയെ പുറത്താക്കാന്‍ സേനക്ക് പിന്തുണ പ്രഖ്യാപിക്കുന്നൂവെന്നു പറയുന്ന എന്‍ സി പി – കോണ്‍ഗ്രസ് സഖ്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാര്‍ക്ക് കൃത്യമായ ധാരണയുണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് അതിന് കഴിയണം. സോണിയാ ഗാന്ധിക്ക് അതിനു വിവേകമുണ്ടെന്നു വിശ്വസിക്കാനാണ് താത്പര്യം. മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എന്‍ സി പി നേതാവ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ കൂടിക്കാഴ്ച്ചക്ക് ശേഷം ശരത് പവാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ശിവസേന സംബന്ധിച്ചും ബി ജെ പി- ശിവസേന സഖ്യത്തെ സംബന്ധിച്ചും സോണിയാ ഗാന്ധിക്ക് കൃത്യമായ ധാരണകളുണ്ടെന്നതിലേക്കു നയിക്കുന്നതാണ്. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പിന്തുണ നിലവില്‍ എന്‍ സി പി – കോണ്‍ഗ്രസ് സഖ്യത്തിനില്ല. എന്നാല്‍ എന്താണ് നടക്കുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബി ജെപിക്ക് എതിരാണ്. ബി ജെ പി- ശിവസേന സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ മാത്രം സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നീങ്ങുമെന്നായിരുന്നു പ്രതികരണം. ബി ജെ പിയെ പോലെ തന്നെ ശിവസേനയെയും കൃത്യമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഒരു സര്‍ക്കാര്‍ രൂപവത്കരണത്തിനായി കോണ്‍ഗ്രസ് – എന്‍ സി പി സഖ്യം ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അത് മഹാരാഷ്ട്രയില്‍ പിന്നെ കോണ്‍ഗ്രസിനെയും എന്‍ സി പിയെയും ഏത് രീതിയില്‍ ബാധിക്കുമെന്നും പാര്‍ട്ടി കൃത്യമായി പഠിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലും എ കെ ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉയര്‍ത്തിയത് ഇതേ ചോദ്യമായിരുന്നു. ശിവസേനയുമായി അടുക്കുമ്പോള്‍ അത് കോണ്‍ഗ്രസിനെ ഏത് രീതിയില്‍ പോറലേല്‍പ്പിക്കുമെന്നു പരിശോധിക്കണമെന്നായിരുന്നു അവരുയര്‍ത്തിയത്. ആശയങ്ങള്‍ക്കപ്പുറത്തേക്ക് വൈകാരികതയും അധികാര വടംവലിയിലെ വിജയങ്ങളും മാത്രം പരിഗണിക്കുന്നുവെങ്കില്‍ ഭാവിയില്‍ കോണ്‍ഗ്രസ് എന്തു വില നല്‍കേണ്ടി വരുമെന്നതിനെക്കുറിച്ച് ആലോചിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ബാക്കിയുണ്ട് എന്നത് ആശാവഹമാണ്. ബി ജെ പിയെ താഴെയിറക്കാന്‍ എന്‍ സി പി- ശിവസേന സഖ്യത്തിന് പുറത്തു നിന്നുള്ള പിന്തുണ എന്നതാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍. ഇത് പാര്‍ട്ടിയുടെ മതേതര അടിത്തറകള്‍ക്ക് വലിയ ഇളക്കം തട്ടാതെ രക്ഷ നേടാന്‍ കഴിയുന്ന ഒരു വഴിയാണെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് തോന്നുന്നത്.