പള്ളി പൊളിച്ച കേസിന്റെ ഗതി ഇനി?

കേവലം ഒരു ഭൂമി തർക്കമല്ല ബാബരി കേസ്. നൂറ്റാണ്ടുകളോളം മുസ്‌ലിംകൾ ആരാധന നടത്തിയിരുന്ന വിശുദ്ധഗേഹം സർക്കാറിനെയും നിയമവ്യവസ്ഥയെയും രാഷ്ട്രമൂല്യങ്ങളെയും വെല്ലുവിളിച്ചു ഹിന്ദുത്വ ഫാസിസ്റ്റുകൾ പരസ്യമായി തകർത്ത സംഭവമാണ്.
എഡിറ്റോറിയൽ
Posted on: November 12, 2019 12:29 pm | Last updated: November 12, 2019 at 12:29 pm

ബാബബരി മസ്ജിദ് തകർത്ത കേസിന്റെ അനുബന്ധ കേസാണ് സുപ്രീംകോടതി ശനിയാഴ്ച തീർപ്പാക്കിയത്. മസ്ജിദ് തകർക്കലും അതിനു പിന്നിലെ ഗൂഢലോചനയും സംബന്ധിച്ച കേസ് ഇരുപത്തേഴ് വർഷത്തോളമായി ലക്‌നോയിലെ സി ബി ഐ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതി മാരത്തോൺ വചാരണയിലൂടെ വളരെ വേഗത്തിൽ പൂർത്തിയാക്കി രാമക്ഷേത്ര നിർമാണത്തിനു കളമൊരുക്കിക്കൊടുത്തപ്പോൾ ബി ജെ പിയുടെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിംഗ് തുടങ്ങിയവർ പ്രതികളായ പള്ളി തകർത്ത കേസ് ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. കേസിന്റെ കാലപ്പഴക്കം മൂലം ഇതിലെ പ്രതികളിൽ പലരും ഇതിനകം മരിക്കുകയും ചെയ്തു.

ബാബരി മസ്ജിദിന്റെ തകർച്ച സംബന്ധിച്ചു പഠിക്കാൻ കോടതി നിയോഗിച്ച ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ഒരു ശിപാർശ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ബാബരിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ പള്ളി തകർത്ത കേസിൽ ആദ്യം ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതിന് ശേഷമേ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പരിഗണിക്കാവൂ എന്നുമായിരുന്നു കമ്മീഷന്റെ ശിപാർശ. ഉടമസ്ഥാവകാശ കേസ് ആദ്യം തീർപ്പാവുകയും അതിലെ വിധിപ്രസ്താവം ഹൈന്ദവ ട്രസ്റ്റുകൾക്ക് അനുകൂലമാകുകയും ചെയ്താൽ “സ്വന്തം സ്ഥലത്തുള്ള ആരാധനാലയമാണ് തകർക്കപ്പെട്ടതെ’ന്ന വിധത്തിൽ പള്ളി തകർത്ത നടപടി ന്യായീകരിക്കാൻ ഇടയാകും. അത് ബാബ്‌രിയുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ലിബർഹാൻ കമ്മീഷന്റെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് മുതിർന്ന ബി ജെ പി നേതാവും പള്ളി തകർത്ത കേസിലെ പ്രതിയുമായ എൽ കെ അഡ്വാനിയുടെ സുപ്രീം കോടതി വിധിയോടുള്ള പ്രതികരണം വ്യക്തമാക്കുന്നത്. “എന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ദേശീയ സമരത്തിനു ശേഷം നടന്ന രാജ്യത്തെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ബാബരി പള്ളി തകർത്ത മുന്നേറ്റം. സുപ്രീം കോടതി വിധി വലിയൊരു രാമക്ഷേത്രം അയോധ്യയിൽ സ്ഥാപിക്കാൻ അവസരമൊരുക്കിയതിൽ ഞാൻ അനുഗ്രഹീതനാണ്. അയോധ്യയിലെ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചത് ദൈവം തനിക്ക് നൽകിയ അനുഗ്രഹമായിരുന്നു’വെന്നാണ് അഡ്വാനിയുടെ പ്രതികരണം. ബാബരി മസ്ജിദ് തകർത്ത സംഭവം തികച്ചും ശരിയായിരുന്നുവെന്നാണ് ബാബരി ഭൂമി ക്ഷേത്രനിർമാണത്തിനു വിട്ടു കൊടുത്ത കോടതിയുടെ വിധിയുടെ പൊരുളെന്ന് സാരം. ലക്‌നോ സി ബി ഐ കോടതിയുടെ പരിഗണനയിലുള്ള പള്ളി തകർത്ത കേസിൽ പ്രതികൾ ഇനി കോടതി മുമ്പാകെ വെക്കുന്ന ന്യായമെന്തായിരിക്കുമെന്നും കേസിന്റെ ഗതി എവിടേക്കെന്നുമുള്ള വ്യക്തമായ സൂചനയാണ് അഡ്വാനിയുടെ വാക്കുകൾ.

കേവലം ഒരു ഭൂമി തർക്കമല്ല ബാബരി കേസ്. നൂറ്റാണ്ടുകളോളം മുസ്‌ലിംകൾ ആരാധന നടത്തിയിരുന്ന വിശുദ്ധഗേഹം സർക്കാറിനെയും നിയമവ്യവസ്ഥയെയും രാഷ്ട്രമൂല്യങ്ങളെയും വെല്ലുവിളിച്ചു ഹിന്ദുത്വ ഫാസിസ്റ്റുകൾ പരസ്യമായി തകർത്ത സംഭവമാണ്. പെട്ടെന്നുണ്ടായ വികാരത്താലോ പ്രകോപനത്താലോ അല്ല കർസേവകർ പള്ളി തകർത്തതെന്നും നീണ്ടനാളത്തെ ഗൂഢാലോചനയുടെ പരിണതിയായിരുന്നു രാജ്യത്തിന്റെ മതേതര സങ്കൽപ്പത്തിന് തീരാകളങ്കം സൃഷ്ടിച്ച ആ സംഭവമെന്നും മുൻ ഇന്റലിജൻസ് ബ്യൂറോ തലവൻ മലോയ് കൃഷ്ണധാറിന്റെ 2005ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ആർ എസ് എസ,് ബി ജെ പി, വി എച്ച് പി, ബജ്‌റംഗദൾ നേതൃത്വം പത്ത് മാസത്തിലധികം നടത്തിയ ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഫലമായിരുന്നു ബാബരി തകർച്ചയെന്നാണ് അദ്ദേഹം പറയുന്നത്. “നശീകരണ താണ്ഡവം’ എന്നായിരുന്നു സംഘ് നേതൃത്വം ഈ ഓപറേഷന് നൽകിയ പേരെന്നും പുസ്തകം പരാമർശിക്കുന്നു. 2014ൽ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറാ ഓപറേഷനിലും മസ്ജിദ് തകർക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഇത്രയും ഗുരുതരമായ ഒരു കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അതിന്റെ ഗതിയെ ബാധിക്കാനിടയുള്ള, ഭൂമിയുടെ അവകാശത്തർക്കം സംബന്ധിച്ച കേസ് വളരെ പെട്ടെന്നു തന്നെ തീർപ്പാക്കാൻ തിടുക്കം കാണിച്ചത് ദുരൂഹമായി തോന്നുന്നു. ഉടമാവകാശ കേസുകളിൽ രേഖകളെ ആധാരമാക്കുന്ന മുൻ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചു “ഭക്തരുടെ വികാരം’ പ്രമാണമായി കണ്ട കോടതി നടപടിയിലുമുണ്ട് ദുരൂഹത.
ഇതു കൊണ്ടായിരിക്കണം ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിൽ താൻ അസ്വസ്ഥനാണെന്നു സുപ്രീം കോടതി മുൻ ജഡ്ജി അശോക് കുമാർ ഗാംഗുലിക്ക് തുറന്നു പറയേണ്ടി വന്നത്. ബാബരി സംബന്ധിച്ച സുപ്രീം കോടതിയുടെ മുൻ വിധിന്യായത്തിൽ അഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള ആരാധനാലയമാണ് തകർത്തതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിൽ അതിനെ പള്ളിയായി തന്നെ അംഗീകരിക്കുകയല്ലാതെ അതുമായി ബന്ധപ്പെട്ടു ഭൂമി തർക്കം എങ്ങനെയാണ് പരിഗണിക്കുക. രാം ലല്ലയുടേതാണ് ഭൂമിയെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കോടതി പറയുന്നത്? പള്ളിക്കടിയിൽ ഒരു നിർമിതിയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നാണ് കോടതിയുടെ ന്യായം.

എന്നാൽ അത് ക്ഷേത്രമാണെന്ന് പറഞ്ഞിട്ടില്ല. ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചത് എന്നതിന് തെളിവുമില്ല. പിന്നെ എന്ത് പുരാവസ്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് കോടതിക്ക് 500 വർഷത്തിന് ശേഷം തീരുമാനമെടുക്കാനാകുകയെന്നും പശ്ചിമ ബംഗാൾ മനുഷ്യാവകാശ കമ്മീഷൻ മുൻ അധ്യക്ഷൻ കൂടിയായ ഗാംഗുലി ചോദിക്കുന്നു. ഭരണഘടനാ തത്വങ്ങളെയും അടിസ്ഥാന നിയമതത്വങ്ങളെയും മറികടന്നു പൊതുബോധം ജുഡീഷ്യറിയെ സ്വാധീനിക്കുന്നുവെന്നും സമീപ കാലത്തായി പല കോടതി വിധികളിലും ഇത്തരം ഉപബോധ ഘടകങ്ങൾ പ്രകടമാകുന്നതായും വിമർശം ഉയർന്നിരുന്നു. ശനിയാഴ്ചത്തെ ബാബരി വിധിയുടെ പശ്ചാത്തലത്തിൽ അത് കൂടുതൽ പ്രസക്തമാണ്.