Connect with us

National

യോഗി ആദിത്യനാഥിനെ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷനാക്കണം: രാമജന്മഭൂമി ന്യാസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് രൂപവത്ക്കരിക്കുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പൂജാരിയാണ് യോഗി. കൂടാതെ ഗോരക്ഷാ സമിതിയുടെ നേതാവുമാണ് അദ്ദേഹം. ഈ കാരണങ്ങളാണ് യോഗിയെ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് നിയമിക്കാന്‍ കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പൂജാരി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം നട്തുന്നതായും ഇവര്‍ പറയുന്നു.

ട്രസ്റ്റ് രൂപവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയെ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതിനിടെ വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്.