ടി എൻ ശേഷൻ അന്തരിച്ചു

Posted on: November 11, 2019 12:01 am | Last updated: November 11, 2019 at 12:21 pm

ചെന്നൈ | രാജ്യത്തിന്റെ പത്താമത്  മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ടി.എൻ. ശേഷൻ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. പാലക്കാട് തിരുനെല്ലായി സ്വദേശിയായിരുന്ന അദ്ദേഹം ചെന്നൈ ആൽവാർപേട്ട സെയ്ന്റ് മേരീസ് റോഡിലെ 112-ാം നമ്പർ ബംഗ്ലാവിലായിരുന്നു താമസം.

1990ൽ ചന്ദ്രശേഖർ സർക്കാരിന്റെ കാലത്ത് ആണ് ശേഷൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. ആസൂത്രണ കമ്മിഷനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെയായിരുന്നു ഈ സ്ഥാനമാറ്റം.  തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാണിക്കുന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. തിരഞ്ഞെടുപ്പ് രംഗത്തെ അടിമുടി ശുദ്ധീകരിച്ച അദ്ദേഹം വോട്ടർമാർക്ക് തിരിച്ചറിയൽകാർഡ് ഏർപ്പെടുത്തുന്ന സംവിധാനത്തിനും തുടക്കമിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥികൾ ചെലവഴിക്കുന്ന തുകക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ചുമരെഴുത്തുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവന്നതും അദ്ദേഹമാണ്.

തിരുനെല്ലായി നാരായണ അയ്യർ ശേഷൻ ടി എൻ ശേഷൻ,  1955 ബാച്ച് തമിഴ്നാട് കേഡർ ഐ.എ.എസ്. ഓഫീസറാണ്. 1996-ൽ രമൺ മഗ്സസെ പുരസ്കാരത്തിന് അർഹനായി. 

ഭാര്യ ജയലക്ഷ്മി കഴിഞ്ഞവർഷം മാർച്ചിൽ അന്തരിച്ചു. ഇവർക്കു മക്കളില്ല.