ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍; രാജ്യം ജാഗ്രതയില്‍

Posted on: November 10, 2019 9:42 am | Last updated: November 10, 2019 at 6:29 pm

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ ഭീകര ഗ്രൂപ്പായ ജയ്ഷ്വ ഇ മുഹമ്മദ് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളായ മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐ ബി എന്നിവയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹി, യു പി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ജയ്ഷ്വയുടെ പട്ടികയിലുള്ളതെന്നാണ് വിവരം.

മൂന്ന് ഏജന്‍സികള്‍ ഒരേ മുന്നറിയിപ്പ് നല്‍കിയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവമായാണ് ഇതിനെ കാണുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി.
മുന്നറിയിപ്പിനെ തുടര്‍ന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. അയോധ്യയില്‍ 4000 സി ആര്‍ പി എഫ് സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.