Connect with us

National

മഹാരാഷ്ട്ര: സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിച്ച് ഗവര്‍ണര്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി ജെ പിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി ക്ഷണിച്ചു. ഈമാസം 11ന് രാത്രി എട്ടിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 13ാം നിയമസഭയുടെ കാലാവധി ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചിട്ടും പുതിയ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി നീളുകയാണ്. ഇതിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ നീക്കം. ബി ജെ പി-ശിവസേന സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും ഇരു വിഭാഗവും തമ്മിലുടലെടുത്ത അഭിപ്രായം ഭിന്നത രൂക്ഷമായി തുടരുകയാണ്. സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് ഇരു പാര്‍ട്ടികളും മുന്നോട്ടു വന്നിരുന്നു.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 24ന് ഫലം പ്രഖ്യാപിച്ചു. ഫലം വന്ന് 15 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയാറായി ഏതെങ്കിലും പാര്‍ട്ടിയോ പാര്‍ട്ടികളുടെ സഖ്യമോ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.

---- facebook comment plugin here -----