എം വി ആര്‍; ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചയാള്‍

ഓര്‍മ
Posted on: November 9, 2019 10:32 am | Last updated: November 9, 2019 at 12:58 pm


എം വി രാഘവന്‍ അന്തരിച്ച് അഞ്ച് വര്‍ഷം തികയുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് തൊഴിലെടുക്കാനിറങ്ങേണ്ടിവന്ന ഒരു സാധാരണക്കാരന്‍. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങിയ അദ്ദേഹം നേതൃപാടവം കൊണ്ടുമാത്രം പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തി.

കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യന്മാരില്‍ പ്രധാനപ്പെട്ട ആളായിരുന്നു എം വി ആര്‍. സമൂഹത്തിലെ പാവപ്പെട്ടവരോടുള്ള സ്‌നേഹവും കാരുണ്യവും അദ്ദേഹത്തിന് കിട്ടിയ ഗുണമാണ്. മന്ത്രിയും സി എം പി നേതാവുമായിരുന്ന എം വി രാഘവന്‍ അന്ന് എതിര്‍ ചേരിയിലായിരുന്ന നൂറു കണക്കിന് സി പി എം നേതാക്കളെയും പ്രവര്‍ത്തകരെയും വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകരെയും വ്യക്തിപരമായി അങ്ങേയറ്റം സഹായിച്ചിട്ടുണ്ടെന്നുള്ള കാര്യം ഈ ലേഖകന് നേരിട്ടറിയാവുന്നതാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാനവികതക്ക് പ്രാധാന്യം കൊടുക്കണമെന്ന് ശക്തമായി അദ്ദേഹം എന്നും വാദിച്ചിരുന്നു. ബദല്‍ രേഖയുടെ അവതരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം വി ആറിനെ സഹായിച്ച ചില സി പി എം പ്രവര്‍ത്തകരെ നേതൃത്വം പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. രാഷ്ട്രീയ രംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സി എം പി രൂപവത്കരണത്തിന്റെ അടിസ്ഥാന ശില. നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍ പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും സി പി എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തെയും മുസ്‌ലിം- ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ അടിവരയിട്ട് ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ ഒരു നയമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ന്യൂനപക്ഷങ്ങള്‍ ഭരണകക്ഷിയില്‍ നിന്നുള്ള കടന്നാക്രമണങ്ങളെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഇവരെ സംരക്ഷിക്കാനുള്ള ബാധ്യത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതു പക്ഷത്തിനുമാണുള്ളത്. ന്യൂനപക്ഷ പാര്‍ട്ടികളോടൊപ്പമുള്ള രാഷ്ട്രീയ മുന്നണി അല്ല ന്യൂനപക്ഷങ്ങളോടുള്ള സഹാനുഭൂതിയും അവരെ സംരക്ഷിക്കലുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്.
തനിക്കെതിരായി കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എം വി രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: “”ശരീഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അത് കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയ വാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല. മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും സിഖുകാരനായാലും ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും അവരെ വര്‍ഗപരമായി അണിനിരത്തുകയാണ് വേണ്ടത്.’ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചുകൊണ്ടാണ് എം വി രാഘവന്‍ നിലകൊണ്ടത്.

നമ്മുടെ രാജ്യത്തെ വര്‍ഗീയ ശക്തികളുടെ ഭരണക്കുത്തക അവസാനിപ്പിക്കാനും അവരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടാനും മറ്റാരെക്കാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതേതര പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1987ല്‍ തന്നെ ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ-മതേതര പാര്‍ട്ടികളും യോജിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ നിലയിലുള്ള അഭിപ്രായം ആദ്യമായി പറഞ്ഞ ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എം വി ആര്‍. പിന്നീട് ബി ജെ പിക്കെതിരായ ഇടതുപക്ഷ- മതേതര ഐക്യത്തിന്റെ പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യമായി. എം വി രാഘവന്റെ പാര്‍ട്ടിയായ സി എം പി ഇടതു മുന്നണിയില്‍ ചേരുകയും ഇപ്പോള്‍ പാര്‍ട്ടി തന്നെ സി പി എമ്മില്‍ ലയിക്കുകയും ചെയ്തിരിക്കുകയാണ്. ബി ജെ പി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി എന്നു മാത്രമല്ല ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് വളരെ ശക്തമായി പിടിമുറുക്കിയിരിക്കുകയുമാണ്. മതേതരത്വത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ ഭരണഘടനയെപ്പോലും അവര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. എം വി രാഘവനെ പോലെയുള്ള കറകളഞ്ഞ മനുഷ്യസ്‌നേഹികളായ കമ്മ്യൂണിസ്റ്റുകാരാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. എം വി ആറില്‍ നിന്ന് രാഷ്ട്രീയ കേരളത്തിന് വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്.

അഡ്വ. ജി സുഗുണന്‍
[email protected]