Connect with us

National

ബാബരി കേസ് വിധി: കനത്ത സുരക്ഷ; സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു 

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസില്‍ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു.

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത്. തര്‍ക്ക ഭൂമിയില്‍ മാത്രം 5000 സുരക്ഷാ ഭടന്‍മാരെ നിയോഗിച്ചിട്ടുണ്ട്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌നസാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു.

ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.

Latest