Connect with us

National

എസ് പി ജി ഉദ്യോഗസ്ഥര്‍ക്ക് വികാരനിര്‍ഭര വാക്കുകളില്‍ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ വിഭാഗമായ എസ് പി ജിയുടെ സംരക്ഷണത്തില്‍ നിന്നും നെഹ്‌റു കുടുംബത്തെ ഒഴിവാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്രനാള്‍ സുരക്ഷ ഒരുക്കിയ എസ് പി ജി ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. “കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റേയും കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച എന്റെ സഹോദരീ, സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ അര്‍പ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്റെ യാത്ര സ്‌നേഹപൂര്‍വമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു”-രാഹുല്‍ ട്വീറ്റ് ചെയ്തു.

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എസ് പി ജി സുരക്ഷ നല്‍കേണ്ട തരത്തിലുള്ള ഭീഷണി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് കേന്ദ്രത്തിന്റെ നടപടി. പ്രധാനമന്ത്രിക്ക് മാത്രമായി എസ് പി ജി സുരക്ഷ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എസ് പി ജി സുരക്ഷക്ക് പകരം സി ആര്‍ പി എഫിന്റെ ഇസഡ്പ്ലസ് മൂന്ന് പേര്‍ക്കും നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലില്‍ നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത് ഷായുടെ വീടിന് മുമ്പിലും പ്രതിഷേധം സംഘടിപ്പിച്ചു.