Connect with us

Health

കണ്ണിന് വേണം കരുതൽ

Published

|

Last Updated

കാഴ്ച വിസ്മയകരമായ ഒരു അനുഭൂതിയാണ്. അതിനുമപ്പുറമുള്ള അത്ഭുതമാണ് കണ്ണ്. കാഴ്ചയുടെ വിശാലമായ ലോകത്തേക്ക് നമ്മെ ആനയിക്കുന്ന കണ്ണുകളുടെ ആരോഗ്യത്തിന് പ്രത്യേകം പരിപാലനം വേണമെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ ആധുനിക ജീവിത ശൈലിയിലെ സമ്മർദങ്ങൾ, ഉത്ക്കണ്ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം എന്നിങ്ങനെയുള്ള വിവിധ പ്രതികൂല ഘടകങ്ങൾക്കിടയിൽ നമ്മുടെ കണ്ണുകളെ എത്രത്തോളം നാം സംരക്ഷിക്കുന്നുണ്ടെന്ന കാര്യം പലരും ആലോചിക്കാറില്ല.

ലോകത്ത് പലവിധ അസുഖങ്ങൾ കൊണ്ട് കാഴ്ചയില്ലാതാവുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോഴാണ് കണ്ണിന് നാം നൽകേണ്ട സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ബോധ്യമാവുക. കണ്ണിന്റെ ആരോഗ്യം പരമപ്രധാനമാണ്. ശ്രദ്ധയോടെ പരിരക്ഷിച്ചാൽ മാത്രമേ അത് കാത്തുസൂക്ഷിക്കാനാകൂവെന്ന് അനുഭവ ങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ജീവിതശൈലീ മാറ്റവും കന്പ്യൂട്ടർ, മൊബൈൽഫോൺ ഉപയോഗവും മറ്റുമെല്ലാം മൂലം നേത്രരോഗങ്ങൾ ഇപ്പോൾ വലിയ തോതിൽ വർധിച്ചിരിക്കുന്നു. ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ സക്കുലർ ഡിജനറേഷൻ തുടങ്ങിയ പ്രശ്‌നങ്ങൾ മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗ്ലോക്കോമയും അതുകൊണ്ടുണ്ടാകുന്ന അന്ധതയും ഇന്ത്യയിൽ ഇപ്പോൾ കൂടിവരികയാണെന്നാണ് ആരോഗ്യവിദഗ്്ധർ വ്യക്തമാക്കുന്നത്. ആയിരംപേരിൽ ഏകദേശം 14-15 പേർക്ക് ഈ രോഗം ഉണ്ട്. ഈ രോഗം കണ്ടുപിടിക്കാനുള്ള കാലതാമസം കൊണ്ട് വലിയ ശതമാനം രോഗികൾക്കും കാഴ്ച നഷ്ടപ്പെടുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കണ്ണു പരിശോധിക്കാം

ഗ്രാമീണ ജനങ്ങളുടെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തി തക്കസമയത്ത് ചികിത്സ നിർദേശിക്കാൻ ആരോഗ്യവകുപ്പ് കണ്ണ് പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയ 170 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടമായി “വിഷൻ സെന്ററു”കൾ ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം എല്ലാ കേന്ദ്രങ്ങളിലും പരിശോധനാ കേന്ദ്രങ്ങൾ സജീവമാകും.

നിലവിൽ 76 കേന്ദ്രങ്ങളിൽ കണ്ണ് പരിശോധനക്ക് സംവിധാനങ്ങളുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ഒപ്‌ടോമെട്രിസ്റ്റിനെ നിയമിക്കും.
കാഴ്ച പരിശോധിച്ച് കണ്ണട നിർദേശിക്കുകയും തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി, കണ്ണിന്റെ മർദം അളന്ന് ഗ്ലോക്കോമ തുടങ്ങിയവ കണ്ടെത്തുകയുമാണ് ഇവരുടെ ജോലി. ഇപ്പോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഒപ്‌ടോമെട്രിസ്റ്റിന്റെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒന്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് നാല് വരെയുമാണ്.

നല്ല കാഴ്ചക്ക് നല്ല ഭക്ഷണം

ജീവിത ശൈലീ രോഗങ്ങൾ തടയുകയെന്നതാണ് കണ്ണിന് നമുക്ക് നൽകാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രമേഹം പോലുള്ള രോഗങ്ങൾ കണ്ണിനെ ബാധിച്ച് കാഴ്ച നഷ്ടപ്പെടുന്ന തലത്തിലേക്കടക്കം മാറുന്നത് നിരവധി തവണ നാം കണ്ടിട്ടുണ്ട്. കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയുമെല്ലാം ജീവിത ശൈലീ രോഗം നിയന്ത്രിക്കാനാകും.

കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിർത്താൻ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണവും പ്രധാനമാണ് . ബീറ്റാ കരോട്ടിൻ, ലൂട്ടീൻ, സീക്‌സാന്തിൻ എന്നീ ധാതുക്കൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം . ഇതോടൊപ്പം ഒമേഗ മൂന്ന് ഫാറ്റി ആസിഡും ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയ ചെറിയ മീനുകളും നേത്രരോഗത്തിന് ഉത്തമമാണ്.

നിർജലീകരണവും കാഴ്ചയെ മോശമായി ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഏറെ ഉത്തമമാണ്.

കണ്ണിന് വിശ്രമം വേണം

അതീവ ശ്രദ്ധയോടെ കാത്തു സൂക്ഷിച്ചാൽ മാത്രമേ കണ്ണുകളുടെ ആരോഗ്യം നിലനിർത്താനാകൂവെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാൽ പലപ്പോഴും നാം കണ്ണിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നവരും കണ്ണിന്റെ കാര്യത്തിൽ കുറേയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കമ്പ്യൂട്ടറിലും മറ്റും തുടർച്ചയായി നോക്കുമ്പോൾ ഇടക്ക് ഇടവേളകളെടുക്കാൻ ശ്രദ്ധിക്കണം. ഇടക്കിടക്ക് കണ്ണ് ചിമ്മുന്നത് കണ്ണിന്റെ വരൾച്ച കുറക്കാനും സഹായിക്കും. കൈകളും മുഖവും ഇടക്കിടെ കഴുകേണ്ടത് അത്യാവശ്യമാണ്. വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് കണ്ണുകളിൽ അലർജിക്കും കാരണമാകും.

കണ്ണിൽ എന്തെങ്കിലുമുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള അലർജിയോ പ്രശ്‌നങ്ങളോ അനുഭവപ്പെട്ടാലും നിർബന്ധമായും തണുത്ത ശുദ്ധമായ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകാൻ ശ്രദ്ധിക്കണം.

നേത്രപരിശോധന നടത്താം

മറ്റൊരു പ്രശ്‌നങ്ങളും ഇല്ലാത്ത വ്യക്തിയാണെങ്കിൽ കൂടി വർഷം തോറും കാഴ്ചശക്തി കൃത്യമായി പരിശോധിക്കണം.
വിശദമായ നേത്രപരിശോധനയിലൂടെ ഒരു നേത്രരോഗ വിദഗ്ധന് കണ്ണിന്റെ ഞരമ്പ് അഥവാ റെറ്റിന പൂർണമായും പരിശോധിച്ച് എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും.

കണ്ണിൽ തുള്ളി മരുന്ന് ഒഴിച്ച് കണ്ണിന്റെ പ്യൂപ്പിൾ വികസിപ്പിച്ച് റെറ്റിന പരിശോധനയിലൂടെ കാഴ്ചയുടെ ക്രമക്കേടുകൾ പെെട്ടന്ന് കണ്ടുപിടിക്കാം.

Latest