Connect with us

Editorial

വ്യാപകമാക്കണം ജങ്ക് ഫുഡ് നിരോധനം

Published

|

Last Updated

വിദ്യാലയങ്ങളിലും പരിസര പ്രദേശങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന്റെ “ഈറ്റ് റൈറ്റ്” ക്യാമ്പയിനിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് സ്‌കൂള്‍ കുട്ടികളുടെ ഭക്ഷ്യക്രമം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഈ സുപ്രധാന തീരുമാനം ഉള്‍പ്പെടുത്തിയത്. കോള, ചിപ്‌സ്, ബര്‍ഗര്‍, സമൂസ, പിസ്സ, ഗുലാബ് ജാമുന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവക്ക് സ്‌കൂള്‍ കാന്റീനിലും ഹോസ്റ്റല്‍ മെസ്സിലും വിദ്യാലയത്തിന്റെ 50 മീറ്റര്‍ ചുറ്റളവിലുമാണ് വിലക്ക്. കായിക മേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. അടുത്ത മാസം മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക.

ജങ്ക് ഫുഡുകള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് വിലക്കെന്നു ഭക്ഷ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. പോഷക ഗുണങ്ങളുള്ള ഘടകങ്ങള്‍ ഇല്ലാത്തതും പൊതുവേ, ശരീരത്തിന് ഉപദ്രവം ചെയ്യുന്ന ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയവയുമാണ് ജങ്ക് ഭക്ഷണങ്ങള്‍. ജങ്ക് എന്ന വാക്കിന്റെ അര്‍ഥം സൂചിപ്പിക്കുന്നത് പോലെ ശരീരത്തിനു യാതൊരു ഗുണവും ചെയ്യില്ല ഈ ഭക്ഷണം. (ഉപയോഗശൂന്യമായ വസ്തുക്കള്‍, ചപ്പ് ചവറുകള്‍ എന്നൊക്കെയാണ് ജങ്ക് എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ഥം). അതേസമയം ഉപഭോക്താക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഇവ വന്‍ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, ടൈപ് 2 ഡയബെറ്റിസ്, ഫാറ്റിലിവര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവക്ക് ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ആറായിരത്തോളം വനിതകളില്‍, ആസ്‌ത്രേലിയയിലെ അഡ്‌ലൈഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ക്ലെയര്‍ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ ജങ്ക്ഫുഡുകള്‍ വന്ധ്യതക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി ജങ്ക് ഫുഡ് മാത്രം കഴിച്ചിരുന്ന കൗമാരക്കാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട സംഭവം രണ്ട് മാസം മുമ്പ് ബ്രിട്ടനിലെ ബ്രിസ്‌റ്റോളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദിവസവും ചിപ്‌സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയുമാണ് ഈ പതിനേഴുകാരന്‍ കഴിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ ഒ എന്‍) എന്ന അവസ്ഥ സംജാതമാകുകയായിരുന്നു.

സര്‍വകലാശാല ക്യാമ്പസുകളില്‍ നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യു ജി സി വൈസ് ചാന്‍സലര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവ മാറ്റിനിര്‍ത്തി ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്നും യു ജി സി ഉപദേശക സമിതി അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ജങ്ക് ഫുഡ് ഉപയോഗം വര്‍ധിക്കുന്നതില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ആശങ്ക രേഖപ്പെടുത്തുകയും ഇതിനെ പ്രതിരോധിക്കാന്‍ എല്ലാ സ്‌കൂളുകളിലും ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ തുടങ്ങാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ജങ്ക് ഫുഡ് ഉപയോഗം സംബന്ധിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടില്‍, കുട്ടികളില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.

സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിക്കുന്ന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് ഈ സാഹചര്യത്തില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിച്ചതു കൊണ്ടു മാത്രം വിദ്യാര്‍ഥികളില്‍ ഇത് സൃഷ്ടിക്കുന്ന മാരകമായ വിപത്തുകള്‍ ഇല്ലാതാക്കാനാകുമോ? അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനം കാണിക്കുന്നത് ഈ ഭക്ഷണം ശീലമാക്കിയവരെ അതിന്റെ ഉപയോഗത്തില്‍ നിന്നൊഴിവാക്കുക അത്ര എളുപ്പമല്ലെന്നാണ്. മദ്യവും മയക്കുമരുന്നും പുകവലിയും പോലെ അഡിക്ഷന്‍ സ്വഭാവമുള്ളതാണ് ജങ്ക് ഫുഡുകള്‍. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ പെട്ടെന്നു നിര്‍ത്തുകയോ കിട്ടാതെ വരികയോ ചെയ്താല്‍ അവരില്‍ കടുത്ത മാനസിക സമ്മര്‍ദവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടും. ഇത്തരമൊരു ഘട്ടത്തില്‍ സ്‌കൂള്‍ പരിസരത്ത് ലഭിച്ചില്ലെങ്കില്‍, ദൂരെയുള്ള കടകളില്‍ പോയി അവരത് വാങ്ങി ഉപയോഗിക്കും. സ്‌കൂള്‍ പരിസരത്തെന്നോ അല്ലാത്ത ഇടങ്ങളിലെന്നോ വ്യത്യാസമില്ലാതെ ജങ്ക് ഫുഡുകള്‍ എല്ലായിടത്തും നിരോധിച്ചെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെയും പൊതു സമൂഹത്തെയും ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകുകയുള്ളൂ. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ചും ആരോഗ്യ ഭക്ഷണപദാര്‍ഥങ്ങള്‍ ശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്.

ജങ്ക് ഫുഡുകള്‍ക്കൊപ്പം അജിനോമോട്ടോ (എം എസ് ജി) തുടങ്ങിയ മാരകമായ രാസവസ്തുക്കളുപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണവസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തേണ്ടതാണ്. അജിനോമോട്ടോ ചേര്‍ത്താണ് ഇന്ന് 90 ശതമാനം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം പാകം ചെയ്യുന്നത്. അത്തരം ഭക്ഷണങ്ങള്‍ക്ക് പ്രത്യേക രുചി അനുഭവപ്പെടുകയും വീണ്ടും വീണ്ടും കഴിക്കണമെന്നാഗ്രഹം തോന്നുകയും ചെയ്യും. ഇതുകൊണ്ടാണ് ചിലര്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ എല്ലാ സൗകര്യവുമുണ്ടായിട്ടും ഹോട്ടലുകളിലെ നിത്യ സന്ദര്‍ശകരായിത്തീരുന്നത്. ഉപയോഗിച്ച എണ്ണകള്‍ തന്നെ ദിവസങ്ങളോളം ഉപയോഗിക്കുന്നതും ഹോട്ടലുകളില്‍ പതിവാണ്. ഇതെല്ലാം ക്യാന്‍സര്‍ തുടങ്ങി മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു.