തൃശൂരില്‍ കാണാതായ ആറ് പെണ്‍കുട്ടികളില്‍ രണ്ട്‌ പേരെ കണ്ടെത്തി

Posted on: November 6, 2019 11:07 am | Last updated: November 6, 2019 at 12:07 pm

തൃശ്ശൂര്‍:ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കാണാതായ ആറ് പെണ്‍കുട്ടികളില്‍ രണ്ട്‌ പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പോലീസ്. കൊല്ലത്ത് നിന്നും കാസര്‍കോട് നിന്നുമാണ് രണ്ട് പേരെ കണ്ടെത്തിയത്. മറ്റ് മൂന്ന് പേര്‍ ഉള്ളസ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കൂട്ടിക്കൊണ്ട് വരാന്‍ പോലീസ് പുറപ്പെട്ടു. പെണ്‍കുട്ടികളില്‍ ചിലര്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാടുവിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

ജില്ലയിലെവ്യത്യസ്ത സ്ഥലങ്ങളില്‍നിന്നായി കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ആറ് പേരെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നു. തൃശൂര്‍ നഗരത്തിന് പുറമെ അയ്യന്തോള്‍, വടക്കഞ്ചേരി, ചാലക്കുടി, മാള, പാവറട്ടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. കണ്ടെത്തിയ പെണ്‍കുട്ടികളെക്കുറിച്ചുള്ള കണ്ടെത്തിയ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പോലീസ് പറയുന്നു. കണ്ടെത്താനുള്ള മറ്റുള്ളവര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുകയാണ്.