Connect with us

Gulf

ഡോ ഷംഷീര്‍ വയലില്‍ ഖലീഫ സര്‍വകലാശാല കോളേജ് ഓഫ് മെഡിസിന്‍ ഉപദേശക കൗണ്‍സിലില്‍

Published

|

Last Updated

അബുദാബി: വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഷംഷീര്‍ വയലിലിനെ ഖലീഫ സര്‍വകലാശാല കോളേജ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് എക്‌സിക്യൂട്ടീവ് ഉപദേശക കൗണ്‍സിലില്‍ അംഗമായി നിയമിച്ചു. ആരോഗ്യ രംഗത്തെ സേവനങ്ങള്‍ കണക്കിലെടുത്താണ് പതിനാലംഗ കൗണ്‍സിലിലേക്കുള്ള നിയമനം.

അബുദാബിയിലെ ആദ്യ സമ്പൂര്‍ണ്ണ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണ് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ഖലീഫ സര്‍വകലാശാലാ കോളേജ് ഓഫ് മെഡിസിന്‍ ആന്‍ഡ് സയന്‍സസ്. അബുദാബിയിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുതിയ ദിശാബോധം നല്‍കുന്ന ഖലീഫ സര്‍വകലാശാലയുടെ ഭാഗമായി പ്രവര്‍ത്തിക്കാനായതില്‍ അഭിമാനം ഉണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. രാജ്യത്തു സുസ്ഥിരവും ആഗോള നിലവാരവുമുള്ള മെഡിക്കല്‍ ഗവേഷണം സാധ്യമാക്കാന്‍ ക്രിയാത്മകവും നൂതനവുമായ ഇടപെടലുകള്‍ അനിവാര്യമാണ്. ഇതേ ലക്ഷ്യത്തോടെയാണ് വിപിഎസ് ഹെല്‍ത്ത് കെയറിന്റെ പ്രവര്‍ത്തനം.

ആരോഗ്യ രംഗത്ത് നൂതന ഗവേഷണങ്ങള്‍ക്കുള്ള സൗകര്യങ്ങളോടെയാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ വി.പി.എസിന്റെ ഏറ്റവും വലിയ ആരോഗ്യ പരിചരണ കേന്ദ്രമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി നിയമിച്ച ഉപദേശക സമിതിയുടെ ആദ്യ യോഗം അബുദാബിയിലെ സര്‍വകലാശാലാ ആസ്ഥാനത്ത് നടന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ ഖാലിദ് അല്‍ ജാബ്‌റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഉപദേശക സമിതിയില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍, സെഹ, ഉന്നതോദ്യോഗസ്ഥരും ആരോഗ്യ വിദഗ്ദരുമാണ് മറ്റംഗങ്ങള്‍. യുഎഇയിലെ ആരോഗ്യ രംഗത്ത് നിരവധി ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ ഷംഷീര്‍ വയലിലിനെ യുഎഇ സര്‍വകലാശാലാ കോളേജ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസും അടുത്തിടെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

Latest