മഹാ ചുഴലി: യുഎഇയില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യത

Posted on: November 3, 2019 7:17 pm | Last updated: November 3, 2019 at 11:29 pm

ദുബൈ | മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎഇയില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മഹാ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

വൈകുന്നേരങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ കടല്‍തിരകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഈ സമയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കും. ഇപ്പോള്‍ കാറ്റഗറി 1 ല്‍ എത്തിയ മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റഗറി 2 ആയി മാറുമെന്നും കാലാവസ്ഥാ അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു.

കൃത്യമായ അപ്‌ഡേറ്റുകള്‍ക്കായി സോഷ്യല്‍ മീഡിയ പിന്തുടരാനും ചുഴലിക്കാറ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നത് ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.