Connect with us

Books

വായനയെ തീ പിടിപ്പിക്കുന്ന മഗ്ദലീന

Published

|

Last Updated

മഗ്ദലീനയുടെ (എന്റെയും) പെൺസുവിശേഷം | രതീദേവി

അഞ്ഞൂറിലേറെ പുസ്തകങ്ങൾ വായിക്കേണ്ടി വന്നു, പത്ത് കൊല്ലമെടുത്ത് ഒരു നോവൽ പൂർത്തിയാക്കാൻ. 2014ൽ ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയം പ്രകാശിതമായ ആ പുസ്തകം ബുക്കർ പ്രൈസിനുവരെ പരിഗണിക്കപ്പെടുകയും ചെയ്തു. ഇംഗ്ലീഷിൽ എഴുതുന്ന മലയാളിയായ രതീദേവി എന്ന എഴുത്തുകാരിയിൽ നിന്നാണ് ഇങ്ങനെയൊരു നോവലിന്റെ പിറവി. ” മഗ്ദലീനയുടെ പെൺ സുവിശേഷം (എന്റെയും) ” 380 ഓളം പേജുകളിൽ പരന്നുകിടക്കുന്ന ഈ നോവൽ ഒരു പൊളിച്ചെഴുത്താണ് സൃഷ്ടിക്കുന്നത്. വിശ്വാസത്തിൽ, പ്രണയസങ്കൽപ്പത്തിൽ, നിഷേധത്തിൽ, ആത്മീയ- ഭൗതിക സങ്കൽപ്പങ്ങളിൽ എല്ലാം.

ആകാംക്ഷയുടെ മുൾമുനയിൽനിറുത്തി വായനയെ ശരിക്കും തീപ്പിടിപ്പിക്കുന്ന ഈ നോവൽ ക്രിസ്തുവിന്റെ ശിഷ്യയായോ സുഹൃത്തായോ ഒക്കെ കണക്കാക്കാവുന്ന മഗ്ദലീനയിലൂടെ പെൺകരുത്തിന്റേയും ദിവ്യപ്രണയത്തിന്റേയും ആത്മീയതയുടേയും എല്ലാം ഒരു പുതുലോകം ആവിഷ്‌കൃതമാകുന്നു. ദൈവഹിതവും സാദാ ജീവിതവും പ്രണയവും അനുകമ്പയും പരസ്പരം പൊരുത്തപ്പെടാനാകാത്ത ചില സന്ദർഭങ്ങളിൽ ജീസസ് അനുഭവിക്കുന്ന മന സംഘർഷങ്ങളെ ആവിഷ്‌കരിക്കുമ്പോൾ രതീദേവി എന്ന എഴുത്തുകാരിയിലും സമാന്തരമായി സംഭവിക്കുന്ന കെട്ടുപിണഞ്ഞ ചിന്തകളിൽനിന്നാണ് മഗ്ദലീനയുടേയും താൻ തന്നെയായ (എന്റെയും) സുവിശേഷങ്ങളായി ഒരത്യപൂർവ സർഗ സൃഷ്ടിയുടെ പിറവി സംഭവിക്കുന്നതെന്നു പറയാം.

അതുകൊണ്ടാകാം ഒരു ശരാശരി പുരുഷന്റെ ദൗർബല്യവും ചാഞ്ചല്യവും പ്രകടിപ്പിക്കുന്ന “ജീസസിനെ” മഗ്ദലീനയുടെ സ്ത്രീത്വത്തിന്റെയും അത്യപൂർവമായ സൗന്ദര്യത്തിന്റെയും യുക്തിസഹമായ ചിന്തയുടെയും മുമ്പിൽ പലപ്പോഴും ഒരു സാധാരണ പച്ച മനുഷ്യനായി രതീദേവി എല്ലാം പാരമ്പര്യ സങ്കൽപ്പങ്ങളേയും അതിലംഘിച്ച് മറ്റാരും ആവിഷ്‌കരിക്കാത്ത മൗലിക ചിന്തയോടെ വരച്ചുകാട്ടുന്നത്.
ഈ ലോകം സത്യത്തിനും ത്യാഗത്തിനും വേണ്ടി മാത്രമാണ് നിലനിൽക്കുന്നതെന്നു പറഞ്ഞ ജീസസിനെ സൗമ്യമായി തിരുത്തുന്ന ഘട്ടത്തിൽ മഗ്ദലീന പറയുന്നു. “അല്ല സത്യവും ത്യാഗവുമൊക്കെ നമ്മുടെ സമാധാനത്തിനായി നാം കണ്ടെത്തുന്ന നിർവചനം മാത്രമാണെന്ന വാദമുയർത്തി ഖണ്ഡിക്കുന്ന മഗ്ദലീന ജീവിത സാഹചര്യങ്ങളുടെ യാഥാർഥ്യത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്. “പത്രോസേ വിശ്വസിക്കാനും അവിശ്വസിക്കാനും നിനക്ക് അവകാശമുണ്ട്. പക്ഷേ, പകുതി മനസ്സോടെ ഒന്നും ആകരുത്. “ജീസസ്സിനെ ക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതിൽ അചഞ്ചലതയും നിലപാടുതറയുമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനം, എന്നത ്‌ദൈവീക ചിന്തയുടെ അഭിവാജ്യഘടകമെന്ന സൂചന നൽകുന്നു.

ഇങ്ങനെ തത്വാധിഷ്ഠതയിൽ ഊന്നി ആത്മീയതയെ യുക്തിസഹമായി വിലയിരുത്തുന്ന അനേകം സന്ദർഭങ്ങൾ രതീദേവി നോവലിൽ വരച്ചിടുന്നുണ്ട്. ശാരീരിക ബന്ധത്തിനപ്പുറമാണ് പ്രണയത്തിന്റെ ആത്മീയതക്കെന്ന് സമർഥിക്കാനാകാം ” മഗ്ദലീനേ, നിനക്ക് എന്റെ മനസ്സിന്റെ നൊമ്പരം നന്നായി മനസ്സിലാവുന്നു അല്ലേ? എന്ന ജീസസിന്റ ചോദ്യത്തിന് അതെ, കൂട്ടുകാരാ എനിക്ക് മനസ്സിലാവുന്നു. സാധാരണക്കാരെപ്പോലെ വിവാഹവും കഴിച്ച് കുട്ടികളുമായി ഒന്നിച്ചു ജീവിച്ചിരുന്നുവെങ്കിൽ നാം തമ്മിൽ ഇത്രയും അറിയില്ലായിരുന്നു. “പ്രണയത്തിന്റെ അനിർവചനീയതക്ക് ശാരീരികബന്ധം ഒരു ഘടകമേയല്ലെന്ന സത്യം ഇത്തരം ഭാഗങ്ങളിൽ ആവിഷ്‌കൃതമാകുന്നു.
പരമ്പരാഗത വിശ്വാസത്തിന് വഴങ്ങാത്ത ചില കണ്ടെത്തലുകൾ നോവലിൽ പലയിടത്തായി പരന്നുകിടക്കുന്നു. മന്ത്രി ജോസഫ് കുരിശിൽ നിന്നും ജീസസിനെ മോചിപ്പിച്ച് കട്ടുകൊണ്ട് പോയത്, കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതിനെക്കുറിച്ചും, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയതിന്റെയുമൊക്കെ രഹസ്യത്തെ കുറിച്ച് ചോദിച്ച മഗ്ദലീനക്ക് കിട്ടിയ ഉത്തരം: “നിരന്തരമായ ധ്യാനം നമ്രത പ്രകൃതിയുടെ കൂടെ നടക്കുക, അതിന്റെ ഭാഗമായിത്തീരുക, സ്‌നേഹിക്കുക.” ഇതിനപ്പുറം മറ്റു കേൾവികൾക്കും വിശ്വാസങ്ങൾക്കുമൊന്നും സ്ഥാനമില്ലെന്ന് സൗമ്യമായി സ്ഥാപിച്ചെടുക്കുകയാണ് രതീദേവി.

അമേരിക്കൻ പ്രവാസികൂടിയായ എഴുത്തുകാരി ചുരുങ്ങിയ വാക്കുകളിൽ പ്രവാസത്തെ നിർവചിച്ചത് നോക്കുക. ” താമരക്കുളത്തെ വീട്ടിലിരുന്നപ്പോൾ അമേരിക്കയിലെ ഓക്കുമരങ്ങളെ കുറിച്ചോർത്തു. അമേരിക്കയിൽ ഇരുന്നപ്പോൾ നാട്ടിലെ യക്ഷിപ്പാലയെ കുറിച്ചോർക്കുന്നു. പ്രവാസിയുടെ ജീവിതം അങ്ങനെയാണ്. ജനിച്ചിടവും ജീവിക്കുന്നിടവും യഥാർഥ്യമായി തോന്നില്ല. “പ്രവാസത്തെ കുറിച്ച് ഇത്രയും അർഥവത്തായ വിലയിരുത്തൽ അധികമൊന്നുമുണ്ടായിട്ടുണ്ടാകില്ല. അമീറിനോടുള്ള ബന്ധത്തിൽ ലക്ഷ്മിക്ക് (ആത്മകഥനം പോലെ) മഗ്ദലീനയിൽ നിന്നും കിട്ടിയ തോന്നിപ്പിക്കൽ: ” പ്രണയം എന്നത് കെണിയാണ്. പ്രണയം എന്നത് സ്വാതന്ത്ര്യത്തിന്റെ പതനമാണ്. സ്വയം ഇല്ലാതാകലാണ്. ആൺ- പെൺ പ്രണയം ഉപാധികളാണ്. പക്ഷേ ഉപാധികളില്ലാതെ പ്രണയിച്ചാൽ ഭൂമിക്ക് മുകളിലേക്ക് വളരാൻ കഴിയും ആൽമരം പോലെ ആകാശത്തേക്ക്. അപ്പോൾ അത് ആത്മീയാന്വേഷണം തന്നെയായി മാറുന്നു. ” മഗ്ദലീനയുടേയും (എന്റെയും) സുവിശേഷത്തിന്റെ ആകെത്തുകയാണീ വരികൾ.

രണ്ട് ഭാഗങ്ങളായി പരന്നു കിടക്കുന്ന രതീദേവിയുടെ ഈ പുസ്തകം വിശ്വാസവും പ്രണയവും ആത്മീയതയും ഭൗതികതയും പുരുഷമേധാവിത്വവും ഒരു പോലെ വിചാരണ ചെയ്യപ്പെടുന്ന ഒരസാധാരണ കൃതിയാണ്. ഈ പുസ്തകത്തിന്റെ വായന തുടങ്ങിയാൽ അത് വെറും വായിപ്പിക്കലാകുന്നില്ല. ഒരു കൃതിയിലൂടെ നാം നമ്മെത്തന്നെ കണ്ടെത്തുന്ന അനുഭൂതി തലങ്ങളിലൂടെ വായന ഒരു ഉത്തേജക ഔഷധമായി മാറും രതീദേവിയുടെ ആത്മകഥാംശമായി നമ്മോടൊപ്പം സഞ്ചരിക്കുന്ന ഈ പുസ്തകത്തിന്റെ വായന. അത്രക്കും ഹൃദ്യവും നൂതനവുമായ ഭാഷയും ശൈലിയും ഈ സർഗാത്മക സംരംഭത്തെ ഏറ്റവും മികച്ച ഗണത്തിൽത്തന്നെ എത്തിക്കുന്നു. ഗ്രീൻ ബുക്ക്‌സാണ് പ്രസാധകർ. വില: 320.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
• anjachavidi@gmail.com