Connect with us

Ongoing News

ഇതാ സമാധാനത്തിന്റെ സ്നേഹദൂതൻ

Published

|

Last Updated

എത്യോപ്യയിൽ നിന്ന് എരിത്രിയ സ്വാതന്ത്രമായതിന് ശേഷം 1998 മുതൽ 2000 വരെ നീണ്ട യുദ്ധം നിലനിന്നു. 70,000ത്തിൽപരം ജീവനുകളാണ് യുദ്ധത്തിൽ പൊലിഞ്ഞത്. കടന്നുവന്ന പ്രസിഡന്റുമാർ മുഴുവനും സമാധാന സൗഹൃദ ചർച്ചകൾ നടത്തി. ഫലമുണ്ടായില്ല. അബി അഹമദ് അലി അധികാരത്തിലേറി ആറുമാസത്തിനുള്ളിൽ തന്നെ എരിത്രിയയുമായുള്ള സമാധാന ചർച്ചയിൽ ഏർപ്പെടാൻ കഴിഞ്ഞു. ജയിലിൽ കഴിയുന്ന വിമതരെ വെറുതെ വിടുക, തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിക്കുക, മുൻ ഭരണാധികാരികൾ ഭരണപ്രവർത്തനങ്ങളിൽ കാണിച്ച മുഴുവൻ തെറ്റുകൾക്കും മാപ്പ് പറയുക തുടങ്ങിയ വേറിട്ട ഇടപെടലുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം എത്യോപ്യയും എരിട്രിയയുമായുള്ള സമാധാനം ആധികാരികമായി സ്ഥാപിച്ചെടുത്തതാണ്. അതിനാണ് ലോകം അദ്ദേഹത്തെ സമാധാന നൊബേൽ നൽകി ആദരിച്ചത്. 1901 മുതൽ തുടങ്ങി 2019 വരെ ഇത്തരത്തിലുള്ള രാഷ്ട്ര തർക്കങ്ങൾക്കെതിരെ, വർണ വിവേചനങ്ങൾക്കെതിരെ, സമയോജിതമായ ഇടപെടലുകൾ നടത്തിയതിന് ലോകം പലരെയും സമാധാന നൊബേൽ നൽകി ആദരിച്ചിട്ടുണ്ട്. അതിനോട് കൂറുപുലർത്താതെ പിൽകാല ജീവിതം നയിച്ചവരെയും ചരിത്രം എടുത്തുപറയുന്നുണ്ട്.

തീവ്രവാദം, കുടിയേറ്റം, യുദ്ധം, വംശീയത തുടങ്ങിയവയിൽ ലോകത്ത് സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. സമാധാന സൗഹാർദ ഉച്ചകോടികൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും പരിപൂർണമാകുന്നില്ല. പ്രവാചക ചരിത്രവായനകളിൽ ലോക സമാധാനത്തിന് ഏറെ സാധ്യതകളുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് സമാധാനത്തിന്റെ പ്രതീകമായി ജീവിച്ച പ്രവാചകർ മുഹമ്മദ് (സ)യെ നാം പഠിക്കണം. അൽ അമീനായി ജനിച്ചുവളർന്ന പ്രവാചകർ(സ)ക്ക് 40ാം വയസ്സിൽ നുബുവ്വത്ത് ലഭിച്ചു. ഈ സന്തോഷ വാർത്ത മക്കക്കാരെ അറിയിച്ചപ്പോൾ സ്വന്തം കുടുംബത്തിൽ നിന്ന് വരെ ശക്തമായ പീഡനങ്ങളും എതിർപ്പുകളുമുണ്ടായി. ഒരു അഭ്യന്തര കലാപത്തിനുള്ള എല്ലാ സാധ്യതകളും മക്കയിൽ ഒത്തുവരുമ്പോഴും പ്രവാചകർ(സ) തങ്ങൾ ക്ഷമിച്ചു. അക്രമം സഹിക്കവയ്യാതായപ്പോഴാണ് സമാധാനത്തിന് വേണ്ടി ജനിച്ച നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ച് പ്രവാചകർ(സ) തങ്ങളും അനുചരരും ഹിജ്‌റ പോകാനൊരുങ്ങുന്നത്. വിശ്വസിച്ച അനുചരരെ മുഴുവൻ മദീനയിലേക്ക് യാത്രയാക്കിയതിന് ശേഷമാണ് പ്രവാചകർ(സ) തങ്ങൾ പലായനം ചെയ്യുന്നത്.
യസ്‌രിബിന്റെ ഹൃദയ ഭാഗത്ത് നിന്ന് ത്വലഅൽ ബദറുവിന്റെയും ദഫ് മുട്ടിന്റെയും മാധുര്യമൂറുന്ന ശബ്ദം കേട്ടാണ് ജൂതനായിരുന്ന അബ്ദുള്ളാഹിബ്‌നു സലാം (റ) തന്റെ തോട്ടത്തിലെ ജോലി പാതിയിൽ നിർത്തി ഓടിവന്നത്. യസ്‌രിബിന്റെ തെരുവോരങ്ങളിലൂടെ പ്രവാചകർ(സ) തങ്ങളെ യസ്‌രിബുകാർ ആരവത്തോടെ ആനയിക്കുന്നതാണ് അദ്ദേഹം കണ്ടത്. മുഹമ്മദിനെ കുറിച്ച് താൻകേട്ട ശുഭവർത്തമാനങ്ങളും മോശമായ വാക്കുകളും അദ്ദേഹം സ്വയം വിചിന്തനം നടത്തി. പ്രവാചകർ(സ) തങ്ങളെ കുറിച്ച് ഇരുവശവും കേട്ടിട്ടുള്ള യസ്‌രിബ് ഉറ്റുനോക്കുകയാണ്. മുഹമ്മദ് ആരാണ്? എന്താണ്?
കലുഷിതാന്തരീക്ഷമുള്ള യസ്‌രിബിലെ ജനതയോട് പ്രവാചകർ (സ) തങ്ങൾ ആദ്യമായി പറയുന്നത്. സമാധാനത്തിന്റെ വാക്കിനെ നിങ്ങൾ വ്യാപിപ്പിക്കുക. പാവങ്ങളെ ഭക്ഷിപ്പിക്കുക, കുടുംബബന്ധം ചേർക്കുക, ജനങ്ങളെല്ലാം ഉറങ്ങുമ്പോൾ രാത്രിയിൽ നിന്ന് നിസ്‌കരിക്കുക.) ആദ്യം ഒരു നാടിന് വേണ്ട സമാധാനം നേടിക്കൊടുകയായിരുന്നു പ്രവാചകർ (സ). പിന്നീട് ഉള്ളവർ ഇല്ലാത്തർക്ക് നൽകണമെന്ന മഹിതമായ ആശയം പഠിപ്പിച്ച് അവരെ മനുഷ്യരാക്കി മാറ്റുകയാണ് ചെയ്തത്.

നിങ്ങൾ കുടുംബ ബന്ധം ചേർക്കണമെന്ന മൂന്നാമത്തെ ആഹ്വാനത്തിലൂടെ യസ്‌രിബ് തന്നെ മാറുകയായിരുന്നു. യസ്‌രിബിനെ കുറിച്ച് പറയുമ്പോൾ അവിടെ നടമാടിയിരുന്ന കുടുംബ പോരാട്ടങ്ങളാണ് ചരിത്രം അടിവരയിടുന്നത്. യമനിൽ നിന്ന് കുടിയേറി വന്ന ഔസും ഖസ്‌റജും ഗോത്രമാണ് യസ്‌രിബിലെ ഏറ്റവും വലിയ രണ്ട് കുടുംബങ്ങൾ. ഒരേ പിതാമഹന്റെ പൗത്രന്മാർ. ഇവർക്കിടയിൽ നിലനിന്നിരുന്ന അയിത്തം കാരണം നടന്ന യുദ്ധങ്ങൾക്ക് യസ്‌രിബ് സാക്ഷിയാണ്. ആ രണ്ട് കുടുംബങ്ങളെയും വളരെ രമ്യതയോടെ അൻസ്വരിയെന്ന മഹോന്നത പദവിയിലേക്ക് സംയോജിപ്പിച്ചപ്പോൾ യസ്‌രിബ് (അൽ മദീന) റസൂലുല്ലാന്റെ പട്ടണമാവുകയായിരുന്നു.

പ്രവാചകർ(സ) തങ്ങളുടെ മദീനയിലെ വിജയത്തിൽ അരിശംപൂണ്ട മുശ്‌രിക്കുകൾ അക്രമങ്ങൾ കൊണ്ട് മദീനയിലുമെത്തി. അപ്പോഴും പ്രവാചകർ (സ) തങ്ങൾ ക്ഷമിക്കാനാണ് അനുചരരോട് കൽപ്പിച്ചത്. അക്രമം സഹിക്കെട്ടപ്പോൾ അള്ളാഹുവിന്റെ കൽപ്പനപ്രകാരം മാത്രമാണ് പ്രവാചകർ(സ) തങ്ങൾ യുദ്ധത്തിനിറങ്ങിത്തിരിച്ചത്. എല്ലാ സന്ദർഭങ്ങളിലും യുദ്ധം ഇല്ലാതാവാനാണ് അവിടുന്ന് ആഗ്രഹിച്ചത്. അതിന് വേണ്ടിയാണ് പരിശ്രമിച്ചതും.
സംഭവിച്ച യുദ്ധങ്ങളിൽ തന്നെ സമാധാനപരമായ ഇടപെടലുകളാണ് നടത്തിയത്. ആ കാലത്തെ യുദ്ധ മരണനിരക്കുകൾ ഇത് വ്യക്തമാക്കുന്നു. ജന്മനാടായ മക്കയിലേക്ക് പ്രവാചകർ (സ)തങ്ങളും അനുചരരും ഉംറ ചെയ്യാൻ പുറപ്പെട്ടു. ഇതറിഞ്ഞ മക്കാ മുശ്‌രിക്കുകൾ പ്രവാചകർ (സ)തങ്ങൾക്കെതിരെ യുദ്ധത്തിനൊരുങ്ങി. യുദ്ധമില്ലാതെ പരിഹരിക്കാൻ ഉസ്മാൻ (റ) നെ മക്കയിലേക്കയച്ചു. ഉസ്മാൻ (റ)നെ കൊന്നുവെന്ന് നുണപ്രചരണം നടത്തി. അവിടുന്ന് കൊല്ലപ്പെട്ടുവെങ്കിൽ മുസ്്‌ലിംകളും യുദ്ധത്തിന് തയ്യാറായി. ഹുദൈബിയയിൽ വെച്ച് കരാരിൽ ഒപ്പുവെച്ചാൽ ഉസ്മാൻ (റ)നെ വിട്ടയക്കാമെന്ന തീരുമാനത്തിലായി. “നിങ്ങൾ ഈവർഷം ഉംറ െചയ്യാതെ മടങ്ങിപ്പോകണം. അടുത്ത വർഷം ഉംറ ചെയ്യാം. മുസ്്‌ലിംകളായി മക്കയിൽ നിന്ന് മദീനയിലേക്കെത്തുന്നവരെ തിരികെ അയക്കണം. അമുസ്‌ലിമായി മദീനയിൽ നിന്ന് മക്കയിലെത്തുന്നവരെ തിരികെ അയക്കില്ല. “ഉമർ (റ)നെ പോലുളളവർ എതിർത്തെങ്കിലും പ്രവാചകർ (സ) തങ്ങൾ ഈ കരാറിൽ ഒപ്പുവെച്ചു. ഇത് ഉദൈബിയ്യ സന്ധിയെന്നറിയപ്പെടുന്നു.
ഇത്തരം ചരിത്രങ്ങളിൽ നിന്ന് നമുക്ക് യഥാർഥ നേതാവിനെ വായിക്കാനുണ്ട്. “പ്രവാചകർ ആധുനിക ലോകത്തിന്റെ സമസ്താധികാരം ഏറ്റെടുത്താൽ ലോകത്തിന് ഏറ്റവും ആവശ്യമായ സമാധാനവും സൗഹൃദവും നിലനിൽക്കുന്ന രൂപത്തിൽ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും വിജയപൂർവം കൈകാര്യം ചെയ്യപ്പെട്ടേനെ” എന്ന് ബർണാഡ്ഷാ പറഞ്ഞത് വെറുതെയല്ല.

സമാധാന നോബൽ വർത്തമാന കാലത്ത് അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളിൽ വരെ വിവേചനത്തിന്റെ പേരിൽ വർഗീയതയുടെ പേരിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. യുദ്ധത്തിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാ രാജ്യങ്ങളും. കാരണം ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ള ആയുധങ്ങളാണ് ഓരോ രാജ്യവും തന്റെ ആയുധപ്പുരയിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ആധുനിക യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഇത് വ്യക്തമാക്കുന്നു. ടെക്‌നോളജി അത്യുന്നതിയിൽ നിൽക്കുന്ന ലോകത്ത് ഒരുപാട് ഏജൻസികളും സംഘടനകളും സമാധാന സൗഹൃദത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ആഗോള തലത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നിട്ടും സമാധാനം അന്യമായൊരു ലോകമാണ് നമുക്ക് മുമ്പിലുള്ളത്.