പാട്ട് കെട്ടിയ കാലം

പാട്ടുകൾ പതിഞ്ഞുകിടന്നിരുന്ന ആ കുട്ടി സ്കൂൾ വിട്ടാൽ കരുവാരക്കുണ്ട് ചന്തയിലേക്ക് ഓടി. പാട്ടുബുക്കുകളും സബീനകളും ഏട് കിതാബുകളും വില്‍ക്കുന്ന മുസ്‌ലിയാരോട് ലോഹ്യം കൂടാനായിരുന്നു ആ ഓട്ടം. അയാള്‍ അവന് പൂതി തീരുവോളം പുസ്തകങ്ങൾ വായിക്കാന്‍ കൊടുത്തു. മെല്ലെ മെെല്ല ആ കുട്ടിയും പാട്ടുകെട്ടാന്‍ തുടങ്ങി.
Posted on: November 3, 2019 12:10 pm | Last updated: November 7, 2019 at 4:39 pm
ചിത്രങ്ങൾ: പി കെ നാസര്‍

മാപ്പിളപ്പാട്ടുകൾ കരുവാരക്കുണ്ടുകാർക്കും ഒരനുഷ്ഠാനമായിരുന്നു. മാപ്പിള വാമൊഴിവഴക്കത്തിലെ പാട്ടുകള്‍ അവിടെ എല്ലാവര്‍ക്കുമറിയാമായിരുന്നു. താലോലം പാടിയുറക്കുമ്പോള്‍ മാത്രമല്ല, അരി ചേറുമ്പോഴും അവിലിടിക്കുമ്പോഴും അവിടുത്തെ പെണ്ണുങ്ങൾ പാട്ടും സബീനകളും മൂളിക്കൊണ്ടിരുന്നു. നഫീസത്ത് മാല അവര്‍ക്ക് കാണാപാഠമായിരുന്നു. കപ്പപ്പാട്ടും മുഹ്‌യിദ്ദീന്‍ മാലയും അവരുടെ സന്ധ്യകളെ സംഗീത സാന്ദ്രവും ഭക്തിനിര്‍ഭരവുമാക്കി. മൂരി വണ്ടിക്കാരും കടത്തുതോണിക്കാരും പാട്ട് പാടും. സന്തോഷത്തിലും ദുഃഖത്തിലും പാടും. പ്രസവ സമയത്തും മരണവേളയിലും കല്യാണത്തലേന്നും അവര്‍ക്ക് പാട്ടുകളുണ്ടായിരുന്നു. അബോധ മനസ്സിലെവിടെയോ ഈ പാട്ടുകളൊക്കെ പതിഞ്ഞുകിടന്നിരുന്ന ആ കുട്ടി സ്കൂൾ ൾ വിട്ടാൽ കരുവാരക്കുണ്ട് ചന്തയിലേക്ക് ഓടി. പാട്ടുബുക്കുകളും, സബീനകളും, ഏട് കിതാബുകളും വില്‍ക്കുന്ന മുസ്‌ലിയാരോട് ലോഹ്യം കൂടാനായിരുന്നു ആ ഓട്ടം. അയാള്‍ അവന് പൂതി തീരുവോളം പുസ്തകങ്ങൾ വായിക്കാന്‍ കൊടുത്തു. മെല്ലെ മെെല്ല ആ കുട്ടിയും പാട്ടുകെട്ടാന്‍ തുടങ്ങി. കമ്പിയും കഴുത്തും വാല്‍ക്കമ്പിയും വാലുമ്മക്കമ്പിയും തുടങ്ങി പ്രാസവ്യവസ്ഥ തെറ്റിക്കാത്ത ഒന്നാംതരം മാപ്പിളപ്പാട്ടുകള്‍. ആ പാട്ടുകാരൻ പിൽക്കാലത്ത് ഒ എം കരുവാരക്കുണ്ട് എന്ന് വിളിക്കപ്പെട്ടു. ആ കഥ ഇങ്ങനെ…

കരുവാരക്കുണ്ട് പണ്ടേ ഈണം മൂളുന്ന നാടാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാട്ടുരചനാ പാരമ്പര്യം. പുലിക്കോട്ടില്‍ ഹൈദര്‍ ഇവിടെ അടുത്ത പ്രദേശത്തുകാരനാണ്. പിന്നെ കെ ടി മാനു മുസ്‌ലിയാര്‍. അദ്ദേഹം ഈ രംഗത്ത് തുടരുകയായിരുന്നെങ്കില്‍ ചാക്കീരിയോടൊക്കെ കിട പിടിക്കുമായിരുന്നു. ഹജ്ജിന് പോയപ്പോള്‍ മഞ്ഞക്കണ്ടന്‍ മുഹമ്മദ് എഴുതിയ കത്തിന് മാനു മുസ്‌ലിയാര്‍ പാട്ടിലൂടെ എഴുതിയ മറുപടിയുണ്ട്. അദ്ദേഹം ഹജ്ജ് യാത്ര പാടിപ്പറഞ്ഞിരുന്നു. അക്കാലത്തൊക്കെ പാടിപ്പറയുന്ന സമ്പ്രദായമുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെയുണ്ടായിരുന്നു നാണി തങ്ങള്‍ എന്നൊരു പിതാമഹൽ. നാട്ടില്‍ നിമിഷ കവികള്‍ ഒരുപാട് പേരുണ്ടായിരുന്നു അക്കാലത്ത്. കല്യാണത്തിന് വട്ടപ്പാട്ട് പാടുന്ന കുറേ “സെറ്റുകള്‍’ കാണും. ബദറ് പാടിപ്പറയുന്നവര്‍ പണ്ടേ കുരവാരക്കുണ്ടില്‍ വരാറുണ്ട്.

ഇരുപത്തൊന്നിലെ ലഹളക്കാലത്ത് വാരിയന്‍ കുന്നത്തിന്റെയും മറ്റും കേന്ദ്രങ്ങളിലൊന്നായിരുന്നു ഞങ്ങളുടെ നാട്. അദ്ദേഹം ഇവിടുന്ന് കല്യാണം കഴിച്ചിട്ടുമുണ്ട്. ലഹളയെക്കുറിച്ചൊക്കെ ഒരുപാട് പാട്ടുകള്‍ വന്നിട്ടുണ്ട്. ലഹളക്കാലത്ത് അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവര്‍ കത്തെഴുതിയത് പാട്ടിലൂടെയായിരുന്നത്രേ. മറിയക്കുട്ടികത്ത് എന്ന പ്രസിദ്ധമായ ഒരു കത്ത് ഉണ്ടല്ലോ. പുലിക്കോട്ടില്‍ ഹൈദര്‍ ഒരു സ്ത്രീക്ക് എഴുതിക്കൊടുത്തതാണ്. ഭര്‍ത്താവിന് അയക്കാന്‍ വേണ്ടി.

മൂരിവണ്ടിക്കാര്‍ പാട്ട് പാടിപ്പോകും. പെണ്ണുങ്ങള്‍ നെല്ലുകുത്തുമ്പോഴും പേനെടുക്കുമ്പോഴും അടുപ്പത്ത് അരിയിടുമ്പോഴും പാട്ടും സബീനകളും മൂളും. തോണി തുഴുന്നവരും പാട്ടുപാടും. സന്ധ്യ മയങ്ങിയാല്‍ ഖുര്‍ആന്‍ ഓതിയതിന് പിറകെ മുഹ്‌യിദ്ദീന്‍ മാലയും രിഫാഇ മാലയും മഞ്ഞക്കുളം മാലയും വീടുകളില്‍ ഈണത്തില്‍ പാടുമായിരുന്നു. സഖൂം പടപ്പാട്ടും ഫത്ഹുശ്ശാമും അക്കൂട്ടത്തിലുണ്ട്. ദുഃഖത്തിലും സന്തോഷത്തിലും അവര്‍ അതൊക്കെ പാടി. സംഘര്‍ഷങ്ങളെയും എടങ്ങേറ് മുസീബത്തുകളെയും പാടി അതിജീവിച്ചു. പിന്നെ പക്ഷിപ്പാട്ട് പോലുള്ള കെട്ടുകഥപ്പാട്ടുകളും ഉണ്ടായിരുന്നു പ്രചാരത്തില്‍. മതപരമായി അടിസ്ഥാനമില്ലാത്തതാണെങ്കിലും ലക്ഷണമൊത്തതായിരുന്നു. മാപ്പിളപ്പാട്ട് എന്താണെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം.
ഉപ്പ അബ്ദുല്ലക്കോയ തങ്ങള്‍ ബദറും ഉഹദും ഒക്കെ പാടുമായാരുന്നു. ഉമ്മാന്റെ ഉമ്മാന്റെ വീട് വള്ളുവങ്ങാടാണ്. ഹൈദറൂസി ഖബീലയിലെ തങ്ങന്മാരാണ്. ഉമ്മയുടെ ബാപ്പ കാളികാവിലെ മുത്തുട്ടി തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ഒരുപാട് കറാമത്ത് ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഖിലാഫത്ത് കാലത്ത് അദ്ദേഹത്തെ അന്തമാനിലേക്ക് നാട് കടത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട് . അന്ന് അവിടെ നിന്ന് അയച്ച കത്ത് ഉമ്മ പാടുന്നത് കേട്ടിട്ടുണ്ട്. “മാനൂനെ ഖുര്‍ആന്‍ പഠിപ്പിച്ച്, മനസ്സുകളേറ്റവും സന്തോഷിച്ച്….. പരിശോടെ നടക്കുവാന്‍ പറഞ്ഞിടേണം –
ഇതൊക്കെ കണ്ടും കേട്ടുമാണ് ഞാന്‍ വളര്‍ന്നത്. അബോധ മനസ്സിലെവിടെയോ ഈ പാട്ടുകളും സ്‌ത്രോത്രങ്ങളുമൊക്കെ നിറഞ്ഞു നിന്നു.
സ്‌കൂളില്‍ പോകുന്ന കാലമാണ്. അന്ന് കരുവാരക്കുണ്ട് ചന്ത പ്രശസ്തമാണ്. പുലിക്കോട്ടില്‍ ഹൈദര്‍ പുകഴ്ത്തിപ്പാടിയ ചന്ത. അവിടെ ഏട് പുസ്തകങ്ങളും സബീന പാട്ടുകകളും മാലപ്പാട്ടുകളും പാട്ടു ബുക്കുകളും വില്‍ക്കാന്‍ വരുന്ന ഒരാളുണ്ടായിരുന്നു. ഞാനെന്റെ താത്പര്യം കൊണ്ട് അവിടെ പോയിരിക്കും. ചിലപ്പോ രാത്രി വീട്ടിന്ന് ആള് തിരഞ്ഞ് വന്നാലൊക്കെയാണ് തിരിച്ചുപോകുക. അയാളുമായിട്ട് ലോഹ്യമായി. എത്ര സമയം അവിടെ ഇരുന്ന് വായിച്ചാലും ആ മുസ്‌ലിയാര്‍ക്ക് തൃപ്തിയാണ്. വറുതിയുടെയും പ്രാരാബ്ധങ്ങളുടെയും കാലമാണല്ലോ. പുസ്തകം വാങ്ങാനൊന്നും സാമ്പത്തിക അവസ്ഥയില്ല. അങ്ങനെ വായിച്ച് വായിച്ച്, എഴുതണം എന്ന് തോന്നി.ചെറുപ്പത്തിലേ എഴുതി.
ആദ്യം എഴുതിയ പാട്ട് ഏതായിരിക്കും? ഓര്‍ക്കുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പാരഡിയായി ഉണ്ടാക്കിയ പാട്ട് ഇന്നും ഓര്‍മയുണ്ട്.
പരക്കെ ലോകത്തിൻ പരിശ്മാറി
പരിഷ്ക്കാരങ്ങളേറി
പരിതാപമായ് കറങ്ങി ലോകം
ഭൗതികങ്ങള്‍ പേറി.
പറയാനുണ്ടൊരു പാട്.
പകര്‍പ്പ് മാറിയ നാട്….

ആദ്യകാലങ്ങളില്‍ കവിതകളിലും കഥയിലുമായിരുന്നു പ്രിയം. ചന്ദ്രിക ബാലപക്തിയില്‍ സ്ഥിരം എഴുതും. ആഴ്ചപ്പതിപ്പിലും എഴുതി. അതൊക്കെ പിന്നെ നിര്‍ത്തിയതാണ്. അക്കാലത്ത് പ്രസാധകനായ അബ്ദുര്‍റഹ് മാനിക്ക (ഇന്നത്തെ എജ്യു മാർട്ട് മുജീബിന്റെ പിതാവ്) യുമായി വലിയ ഫ്രന്റ്ഷിപ്പായിരുന്നു. അങ്ങനെ ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍ എന്ന പേരില്‍ ഒരുപാട് ചരിത്രകഥകള്‍ എഴുതിയിട്ടുണ്ട്. യൂസുഫ് നബി ചരിത്രം, മൂസാ നബി ചരിത്രം, മമ്പുറം ചരിത്രം, ഖുർ ആനിലെ കഥകൾ, മലബാർ കലാപം അങ്ങനെ അമ്പതിലേറെ ഗദ്യ കൃതികൾ.
ഇതിനിടക്കാണ് നബിദിന ഗാനങ്ങളും മദ്ഹ് ഗാനങ്ങളും എഴുതിയത്. നബി ദിന ഗാനങ്ങളും മദ്ഹ് ഗാനങ്ങളുമായി ഇറക്കിയ പാട്ടുകള്‍ എല്ലാം കൂട്ടിയാല്‍ ആയിരങ്ങള്‍ വരും. എനിക്ക് തന്നെ ഓര്‍മയില്ല പലതും. റെക്കോര്‍ഡ് ചെയ്തതാണ് ചിലതെങ്കിലും ഓര്‍മയില്‍ വരുന്നത്. പുസ്തകങ്ങളില്‍ ഇറക്കിയത് കൂടുതലും ഓര്‍മയേ ഇല്ല. ചെറിയ പുസ്തകങ്ങൾ ആയിരമോ രണ്ടായിരമോ ഉണ്ടാകും. എന്റെ സ്വഭാവം കാസറ്റ് വർക്കുകളുടെ കാലത്ത് ഏത് മാപ്പിളപ്പാട്ട് കാസറ്റിലും നബിയുടെ മദ്ഹ് ഉള്‍പ്പെടുത്തും. പണ്ട് പ്രൊഡ്യൂസര്‍മാരുടെ അടുത്ത് പാട്ടിന്റെ വിഷയം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനിടയിൽ പല ഹിറ്റ് പാട്ടുകളും പിറന്നു
‘അന്ത്യദൂതരെ കാലത്താമണ്ണില്‍ ജന്മംകൊണ്ടിരുന്നെങ്കില്‍ ഞാന്‍…
ആറ്റലിന്‍ സഹാബത്തിന്‍ കൂട്ടത്തില്‍ ഒരുവളായിരുന്നെങ്കില്‍ ഞാന്‍…..’
യാസീൻ റസൂൽ മുഹമ്മദീ, ഹാശിം ബശീർ അഹമ്മദീ
‘ഉലകങ്ങള്‍ക്കാകെ സയ്യിദ് …ഉമ്മത്തികള്‍ക്ക് ശാഹിദ്….’
‘അല്ലാഹുവിന്റെ ദൂതരായ ത്വഹ റസൂല്…..’ ഇങ്ങനെ എത്രയോ നബികീര്‍ത്തനങ്ങള്‍.

‘ത്വാഹാ റസൂലുല്ലാവേ….
തിങ്കള്‍ ഹബീബുള്ളാവേ….’ യേശുദാസ് പാടിയ എന്റെ വര്‍ക്കാണത്.
‘റസൂലേ, റസൂലേ അശ്‌റഫുല്‍ ഖല്‍ഖ് റസൂലേ,
അന്ത്യദൂതരേ റസൂലേ…… ‘
“ഞാനുമെന്‍ നബിയും നൂറ്റാണ്ടുകളുടെ അകലെയാണെങ്കിലും…..
മാമരു മക്കകാതങ്ങളോളോളം ദൂരയതെന്നാലും…
ഇന്നും മുത്ത് റസൂലെന്‍ ഖല്‍ബില്‍ ജ്വലിച്ച് നില്‍ക്കുന്നു…തുടങ്ങിയ പാട്ടുമുണ്ട്.
“ഞാനെന്റെ റസൂലിനെ നിനവില്‍ കണ്ട്…’ എടപ്പാള്‍ ബാപ്പുക്ക തന്റെ ശൈലിയില്‍ പാടിയതാണ്

ഞാന്‍ “മദ്ഹു’കളാണ് ഏറ്റവും കൂടുതല്‍ എഴുതിയത്. അതില്‍ ഇഷ്ടം പോലെ ഹിറ്റ് ഗാനങ്ങളുണ്ട്. ഫാത്വിമാബീവിയെക്കുറിച്ചും ഖദീജാ ബീവിയുടെ തൃക്കല്യാണത്തെക്കുറിച്ചുമൊക്കെ എഴുതി.
എനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയ അഭിമാനവും സന്തോഷവും വലിയ വലിയ പണ്ഡിതന്മാരുടെയൊക്കെ സ്‌നേഹമാണ്. അവര്‍ കാണുമ്പോള്‍ പ്രകടിപ്പിക്കുന്ന താൽപര്യം. ഞാനെഴുതിയത് ഒന്നുകില്‍ അവര്‍ പാടിയിട്ടുണ്ട്, അല്ലെങ്കില്‍ പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ മറന്നുപോയ മദ്ഹുഗാനങ്ങൾ പലതും മറ്റുള്ളവർ പറയുമ്പോഴാണ് ഓര്‍മ വരിക. എം എ റസാഖ് ആലപ്പുഴയോട് പത്ത് പതിനഞ്ച് വര്‍ഷം ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരാപാട് കാര്യങ്ങള്‍ മനസ്സിലാക്കി. മാപ്പിളപ്പാട്ടിനെ ആറ് വിഭാഗങ്ങളായി തിരിക്കാം എന്നും ഏതു വിഷയവും അതില്‍ ഉള്‍ക്കൊള്ളിക്കാം എന്നും പറഞ്ഞുതന്നത് അദ്ദേഹമാണ്.
ദ്രാവിഡ രീതിയുടെ അടിത്തറയില്‍ നിന്നാണ് ഇശലുകള്‍ വരുന്നത്. മാപ്പിളപ്പാട്ടുകള്‍ക്ക് തമിഴുമായി ചാര്‍ച്ചയുണ്ട്. ഇശല്‍ എന്ന പദം പോലും തമിഴിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. പല ഇശല്‍ നാമങ്ങളും തമിഴ് തന്നെ. ഇച്ചമസ്താന്‍ ഒക്കെ നമ്മുടെ ഇടയില്‍ തന്നെ സുപരിചിതമാണല്ലോ. ഇച്ചയുടെ ഇരവുകള്‍ എന്ന പുസ്തമുണ്ട്. കമ്പി, കഴുത്ത്, വാല്‍കമ്പി, വാലുമ്മല്‍ക്കമ്പി എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥയുണ്ട് മാപ്പിളപ്പാട്ടിന്. ഇതിന്റെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യമാണ്. വൈദ്യരെ പോലും തമിഴ് പുലവന്മാര്‍ സ്വാധീനിച്ചിട്ടുണ്ട്. തനിമയാർന്ന മാപ്പിളപ്പാട്ടുകൾ പ്രാസവ്യവസ്ഥ പാലിച്ചുകൊണ്ട് എഴുതണം എന്ന് നിര്‍ബന്ധമുള്ളയാളാണ് ഞാന്‍.

പി കെ എം അബ്ദുർറഹ്മാൻ