Connect with us

Uae

യു എ ഇ സ്ഥാനപതിയായി പവൻ കപൂർ ചുമതലയേറ്റു

Published

|

Last Updated

അബുദാബി : ഇന്ത്യയുടെ പതിനഞ്ചാമത് യു എ ഇ സ്ഥാനപതിയായി പവൻ കപൂർ ചുമതലയേറ്റു. സ്ഥാനപതി കാര്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് ചുമതലയേറ്റത്. മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയ സ്ഥാനപതി കാര്യാലയത്തിലെ ഗാന്ധി സ്‌മൃതിയിൽ പുഷ്പാർച്ചന നടത്തി. 1990 കേഡറിലെ ഐ എഫ് എസ്  ഉദ്യോഗസ്ഥനായ പവൻ കപൂർ കഴിഞ്ഞ മൂന്ന് വർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. ഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവർത്തിച്ചു.

2010 ജൂലായ് മുതൽ 2013 ഡിസംബർ വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായിരുന്നു. ആദ്യം സാർക്ക് ഡിവിഷന്റെയും തുടർന്ന് ഐക്യരാഷ്ട്ര രാഷ്ട്രീയ വിഭാഗത്തിന്റെയും തലവനായിരുന്നു. 2014 ജനുവരി മുതൽ 2016 ഫെബ്രുവരി വരെ മൊസാംബിക്ക്,സ്വാസിലാൻഡ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം ബി എ യും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ (എൽ എസ് ഇ) നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്കൽ ഇക്കണോമിയിൽ ബിരുദാനന്തര ബിരുദവും നേടി. റഷ്യൻ, ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളും കൈകാര്യം ചെയ്യും. ആരാധന ശർമ്മയാണ് ഭാര്യ. ഇസ്രായേലിൽ നിന്നാണ് കപൂർ യു എ ഇ യിലെ സ്ഥാനപതിയായി എത്തിയത്.

Latest