Connect with us

Articles

സാമൂഹികയിടവും കേന്ദ്രം കൈയേറുമോ?

Published

|

Last Updated

ആശയങ്ങളുടെ സ്വതന്ത്രമായ കൈമാറ്റവും അതിനെക്കുറിച്ചുള്ള സംവാദങ്ങള്‍, വിമര്‍ശനങ്ങള്‍, പൊതു അഭിപ്രായങ്ങള്‍ തുടങ്ങിയവ രൂപപ്പെടുത്തുന്ന ഒരിടവുമാണ് പൊതുയിടമെന്ന്(പബ്ലിക് സ്ഫിയര്‍) ജര്‍മന്‍ തത്വചിന്തകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഹെബര്‍മാസ് പൊതുയിടവും സ്വകാര്യയിടവും എന്താണെന്ന് വിശദീകരിക്കുന്നിടത്ത് പറയുന്നുണ്ട്. ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് പൊതുയിടങ്ങളെന്നും ഹെബര്‍മാസ് കൂട്ടിച്ചേര്‍ക്കുന്നു. ഈ ലക്ഷണങ്ങളെല്ലാം ഒത്തു ചേര്‍ന്ന, ആധുനിക കാലത്തെ പൊതുയിടങ്ങളാണ് സോഷ്യല്‍ മീഡിയകള്‍. പൊതുയിടങ്ങളില്‍ നിന്ന് ഒരു പൗരന് എന്തു ലഭിക്കുന്നുവോ അതിന്റെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന രീതിയില്‍ സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പൗരനു ലഭിക്കുന്നുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയുടെ ഈ നിര്‍വചനത്തിന് ഇന്ത്യയില്‍ ഇനി എത്ര കാലത്തെ ആയുസ്സുണ്ടാകുമെന്നത് കേന്ദ്രം പുറത്തിറക്കാന്‍ പോകുന്ന സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങളെ സംബന്ധിച്ച ചട്ടത്തിന്റെ കരട് പുറത്തുവന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം, ഉപഭോക്താക്കളുടെ സുരക്ഷ, സ്വകാര്യത, ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചട്ടത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും ഇതിന്റെ അന്തിമ പരിഷ്‌കാരങ്ങള്‍ക്കും വിജ്ഞാപനം ഇറക്കുന്നതിനുമാണ് സര്‍ക്കാര്‍ മൂന്ന് മാസം വേണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നിയമം കൊണ്ടുവരുന്നതിന് വേണ്ടി ആഭ്യന്തര, വാര്‍ത്താ വിനിമയ, ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി പങ്കജ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

നിലവില്‍ 2011ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്റര്‍മീഡിയേറ്ററീസ് ഗൈഡ്‌ലൈന്‍സ് റൂളാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിന്തിക്കാവുന്നതിനും അപ്പുറം തടസ്സമാണ് ഇന്റര്‍നെറ്റ് ജനാധിപത്യ വ്യവസ്ഥക്ക് സൃഷ്ടിക്കുന്നത്. ഒരു വിഭാഗം സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക വികസനത്തിനുമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെങ്കില്‍ മറ്റൊരു വിഭാഗം ഉപയോഗിക്കുന്നത് വിദ്വേഷ പ്രസംഗം, വ്യാജ വാര്‍ത്തകള്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അപകീര്‍ത്തിപരമായ പോസ്റ്റുകള്‍, നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്റര്‍മീഡിയേറ്ററീസ് ഗൈഡ്‌ലൈന്‍സ് റൂള്‍ 2018 ന്റെ കരട് പുറത്തിറക്കിയതാണെന്നും എന്നാല്‍ വിഷയത്തില്‍ കുറെ പ്രതികരണങ്ങള്‍ സര്‍ക്കാറിനു ലഭിച്ചതോടെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമായി കൂടുതല്‍ സമയം കണ്ടെത്തുകയുമായിരുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുമായും അസോസിയേഷനുകളുമായും സോഷ്യല്‍ മീഡിയ കമ്പനികളുമായും ചര്‍ച്ച നടത്തി. മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത്രയും കാര്യങ്ങള്‍ പറഞ്ഞുപോകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമല്ലേ എന്ന ചോദ്യം നിയന്ത്രിത സ്വാതന്ത്ര്യം അനുഭവിക്കുന്ന എല്ലാവരും ചോദിച്ചു പോകും. എന്നാല്‍, കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട്. തീര്‍ച്ചയായും വംശീയ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഈ ഒരു വരി എങ്ങനെയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വിഘാതമായ വലിയ ഇടപെടലുകള്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടോയെന്നത് ഇനിയും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. എന്നാല്‍ അതിന് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ളവ നിരോധിക്കപ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്.
പ്രതിഷേധങ്ങളും പ്രകടനങ്ങളും തെരുവില്‍ നിന്ന് മാറി സോഷ്യല്‍ മീഡിയയിലെത്തിയിട്ടു കാലം കുറച്ചായിട്ടുണ്ട്. രാജ്യത്തിപ്പോള്‍ നടക്കുന്ന മിക്ക പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സോഷ്യല്‍ മീഡിയ വഴിയാണ് നയിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുന്നതു പോലും ട്വിറ്റര്‍, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴിയാണ്. ഭരണപക്ഷവര്‍ഗം പൊതു സമൂഹത്തോട് ഒരു രീതിയിലും സംസാരിക്കാതിരിക്കുകയും പ്രതിപക്ഷം ഉള്‍പ്പെടെയുള്ള ഭരണപക്ഷത്തോട് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് പ്രചാരണത്തിന് ശ്രമിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നത് എന്നത് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. നേരത്തേ ബി ജെ പി ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയ അതിസമര്‍ഥമായി ഉപയോഗിച്ചിരുന്നു. സോഷ്യല്‍ മീഡിയ ക്യാമ്പയിനിംഗിന് ബി ജെ പിക്കും ആര്‍ എസ് എസിനും പ്രത്യേക സെല്ലുകളുമുണ്ടായിരുന്നു. ധാരാളം വ്യാജ വാര്‍ത്തകള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അവര്‍ ഭരണ വിഭാഗമാണ്. കാര്യമായ വ്യാജ പ്രചാരണങ്ങള്‍ അവര്‍ക്ക് ആവശ്യമായി വരുന്നില്ല എന്നത് ഒരു വസ്തുതയാണ്.
സത്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു രാജ്യത്തെ നിയന്ത്രണങ്ങള്‍ കൊണ്ടാകുമെന്നത് മിഥ്യാ ധാരണയാണ്.

സോഷ്യല്‍ മീഡിയയെന്നത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ മുതലുള്ള എല്ലാ അതിര്‍ വരമ്പുകളും ഭേദിക്കുന്ന, സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വലിയൊരു പൊതുയിടമാണ്. ആസ്‌ത്രേലിയയിലും ആഫ്രിക്കയിലും ഇരുന്ന് ആവശ്യമായ രീതിയില്‍ ഇന്ത്യന്‍ സമൂഹത്തില്‍ പ്രചാരണങ്ങള്‍ നടത്താന്‍ കഴിയുന്നിടത്തേക്ക് ലോകത്തിന്റെ സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഉപയോഗ നിയന്ത്രണങ്ങളിലൂടെ മാത്രമായി ഇത് തടയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാറിനറിയാം. എന്നാല്‍ ഈ നിയന്ത്രണങ്ങളിലൂടെയെല്ലാം രാജ്യം പൗരനു നല്‍കുന്ന പരമപ്രധാനമായ അവകാശങ്ങളിലൊന്നായ, ഭരണഘടന അനുഛേദം 19 ഉറപ്പു നല്‍കുന്ന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമായിരിക്കും നഷ്ടമാകുക. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യിക്കണമെന്നുള്ള പുതിയ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളെ ദേശീയവാദി പ്രൊഫൈലുകളില്‍ അറിയപ്പെടുന്ന ചിലര്‍ സമീപിച്ചതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രം സുപ്രീം കോടതിയില്‍ നിയമം കൊണ്ടുവരുന്നുവെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഫേസ് ബുക്കാണ് ഈ ഹരജികള്‍ എല്ലാം സുപ്രീം കോടതികളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. യഥാര്‍ഥത്തില്‍ കേന്ദ്രം അടുത്തിടെ കൊണ്ടുവന്ന നിയമങ്ങള്‍ എല്ലാം പരിശോധിക്കുമ്പോള്‍ കൃത്യമാകുന്ന ഒരു കാര്യമുണ്ട്. വിഷയം കേന്ദ്രം അവതരിപ്പിക്കാന്‍ പോകുന്നുവെന്ന ഒരു ഘട്ടത്തില്‍ ഇത് സംബന്ധമായ കാര്യം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതികളിലോ ഹൈക്കോടതികളിലോ പൊതുതാത്പര്യ ഹരജികളെത്തുന്നുവെന്നതാണത്.

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരുന്നതും ജമ്മുകശ്മീരിന് അനുവദിക്കപ്പെട്ടിരുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുന്ന സന്ദര്‍ഭങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പിന്നീട് ഇതിന്റെ ചുവട് പിടിച്ചാകും ഈ നിയമങ്ങള്‍ നടപ്പാക്കപ്പെടുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നു. മദ്രാസ് ഹൈക്കോടതി ഉള്‍പ്പെടെയുള്ള രാജ്യത്തെ ഹൈക്കോടതികളില്‍ ഇത് സംബന്ധമായ പൊതുതാത്പര്യ ഹരജികള്‍ പ്രത്യക്ഷപ്പെട്ടു. അവയെല്ലാം കൂടി സുപ്രീം കോടതിയുടെ ഒരു ബഞ്ച് പരിഗണിക്കുന്നു. അവിടെ മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം സത്യവാങ്മൂലം അവതരിപ്പിക്കുന്നു. വളരെ വൈകാതെ തന്നെ ഈ നിയന്ത്രണങ്ങള്‍ രാജ്യത്ത് പ്രത്യക്ഷമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയത എന്ന ഒറ്റ തന്ത്രത്തിലൂടെ ഒരു ഭരണകൂടം എന്തെല്ലാം ഒപ്പിച്ചെടുക്കുന്നുവെന്നതു കാണുമ്പോള്‍ പൗരന്റെ കണ്ണ് മഞ്ഞളിച്ചു പോകുന്നു.

Latest