Connect with us

International

ബാഗ്ദാദിയെ ഒറ്റിയത് വിശ്വസ്തന്‍; ഒളിസങ്കേതത്തിന്റെ കൃത്യമായ മാപ്പ് യുഎസ് സേനക്ക് കൈമാറി

Published

|

Last Updated

വാഷിംഗ്ടണ്‍ / ബാഗ്ദാദ്: കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ച് യുഎസ് സേനക്ക് വിവരങ്ങള്‍ നല്‍കിയത് അയാളുടെ വിശ്വസ്തനായ ഐഎസ് പ്രവര്‍ത്തകന്‍. ബാഗ്ദാദിയുടെ അന്തിമ ഒളിത്താവളത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഇയാള്‍ കൈമാറിയതായി യുഎസ് ദിനപത്രത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദിയുടെ സിറിയയിലെ ഒളിസങ്കേതത്തിലാണ് ഇയാളും ഉണ്ടായിരുന്നതെന്നും സൂചനകളുണ്ട്.

സിറിയയിലെ ബാഗ്ദാദിയുടെ ഒളിത്താവളത്തിന്റെ വിശമാദ മേപ്പും ബാഗ്ദാദി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ വിവരവും ഐഎസ് പ്രവര്‍ത്തകന്‍ യുഎസ് സംഘത്തിന് കൈമാറുകയായിരുന്നു. കാവല്‍ക്കാരുടെ എണ്ണം, ഫ്‌ളോര്‍ പ്ലാന്‍, തുരങ്കങ്ങള്‍ എന്നിവയുള്‍പ്പെടെ തുര്‍ക്കി അതിര്‍ത്തിയിലെ തീവ്രവാദ നേതാവിന്റെ കോമ്പൗണ്ടിന്റെ മുറി തിരിച്ചുള്ള മാപ്പ് ലഭിച്ചതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്എഫ്ഡി) ജനറല്‍ മസ്‌ലൂം അബ്ദി വെളിപ്പെടുത്തി. ബാഗ്ദാദിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് പ്രഖ്യാപിച്ച 25 മില്യണ്‍ ഡോളർ ഇനാം പൂർണമായോ ഭാഗീകമായോ ഇയാള്‍ക്ക് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയ്ക്ക് ചുറ്റുമുള്ള തീവ്രവാദ നേതാക്കളുടെ നീക്കങ്ങൾക്ക് സൗകര്യമൊരുക്കുകയും ബാഗ്ദാദിയുടെ സുരക്ഷിത ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് ഈ ഐഎസ് പ്രവർത്തകൻ ആയിരുന്നുവത്രെ. ഇയാൾ അറബ് പൗരനാണെന്നും തൻെറ ഒരു ബന്ധുവിനെ ഐഎസ് സംഘം കൊലപ്പെടുത്തിയതാണ് അവർക്ക് എതിരെ തിരിയാൻ ഇയാളെ പ്രേരിപ്പച്ചതെന്നും ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ബാഗ്ദാദിയുടെ ഉപയോഗിച്ച ഒരു ജോഡി അടിവസ്ത്രവും രക്തസാമ്പിളും ഇയാള്‍ ഈ വര്‍ഷം ആദ്യം യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ സാമ്പിളുകളില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ സമയത്ത്, യുഎസ് സൈനികര്‍ ബാഗ്ദാദിയെ തിരിച്ചറിഞ്ഞത്.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സേന നടത്തിയ റെയ്ഡിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ബാഗ്ദായുടെ മരണം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തുരങ്കത്തിലേക്ക് ഓടിക്കയറുകയും കരയുകയും നിലവിളിക്കുകയും ചെയ്ത ശേഷം സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി മരിച്ചതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. ബാഗ്ദാദിയുടെ മൂന്ന് മക്കളും ഓപ്പറേഷനിൽ കൊല്ലപ്പട്ടിരുന്നു.