Connect with us

Malappuram

മഅ്ദിൻ മീലാദ് പരിപാടികൾക്ക് പ്രൗഢമായ തുടക്കം

Published

|

Last Updated

മഅ്ദിൻ അക്കാദമിയുടെ ഒരു മാസത്തെ മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രിയും നയതന്ത്രജ്ഞനുമായ മണിശങ്കർ അയ്യർ നിർവ്വഹിക്കുന്നു.

മലപ്പുറം: മഅ്ദിൻ അക്കാദമി മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഉജ്ജ്വല തുടക്കമായി. മുൻ കേന്ദ്ര മന്ത്രിയും നയതന്ത്രജ്ഞനുമായ ശ്രീ. മണിശങ്കർ അയ്യർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു. സഹിഷ്ണുതയും സഹജീവി സ്‌നേഹവും നിറഞ്ഞ് നിൽക്കുന്ന പ്രവാചക ദർശനങ്ങൾ സമകാലിക സമൂഹത്തിന് മാതൃകയാണെന്നും കഴിഞ്ഞ കാല മാതൃകാ പുരുഷൻമാരുടെ ജീവിത പാഠങ്ങൾ ഉൾക്കൊണ്ട് വെളിച്ചം നിറഞ്ഞ ഭാവിക്കായി പ്രയത്‌നിക്കാൻ യുവ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ദർശനങ്ങളിൽ നിന്നും പ്രചോദനമൾക്കൊണ്ട് നടത്തപ്പെടുന്ന വിദ്യാഭ്യാസ-കാരുണ്യ സംരംഭങ്ങൾ രാജ്യത്തിന് മുതൽകൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, പ്രൊഫ. ബദ്‌റുദ്ധീൻ തിരുവനന്തപുരം, പരി മുഹമ്മദ് ഹാജി, അബ്ദുസ്സമദ് ഹാജി മൈലപ്പുറം, ഉണ്ണിപ്പോക്കർ, മുഹമ്മദ് നൗഫൽ കോഡൂർ,  ഹംസ സി.കെ, മുജീബ്‌റഹ്മാൻ വടക്കേമണ്ണ, സൈതലവിക്കോയ കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് പൂവ്വത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

ഇന്ന് (ബുധൻ) മുതൽ 40 ദിവസം മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ പ്രഭാത മൗലിദ് നടക്കും. വ്യാഴാഴ്ച രാവിലെ 9 ന് മീലാദ് അസംബ്ലി നടക്കും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി കുട്ടികളുടെ നബി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഗ്രാന്റ് മസ്ജിദിൽ വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി നബി സന്ദേശ പ്രഭാഷണം നടത്തും.

ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്ത്രീത്വം ഉയർത്തിയ പ്രവാചകൻ എന്ന വിഷയത്തിൽ ഹോംസയൻസ് ക്ലാസ് നടക്കും. ഞായറാഴ്ച രാവിലെ 7 ന് സ്‌കൂൾ ഓഫ് ഖുർആൻ നടക്കും. ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. റബീഉൽ അവ്വൽ 11 ന് വൈകുന്നേരം 3 മണിക്ക് വിവിധ മുസ്്ലിം സംഘടനകളും മഅ്ദിൻ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന സ്നേഹ റാലി മലപ്പുറത്ത് നടക്കും. വിവിധ സുന്നി സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കൾ നേതൃത്വം നൽകും.


പ്രവാചക പ്രകീർത്തനങ്ങളായ മൗലിദുകളുടെ ഭാഷാ-ആശയ സൗന്ദര്യവും സമകാലിക പ്രസക്തിയും ചർച്ചചെയ്യുന്ന സെമിനാർ, മൗലിദുകളെ അധികരിച്ചുള്ള വിവിധ മത്സരങ്ങൾ, ഹദീസ് പാരായണം, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റർ സന്ദേശം, വിവിധ ഭാഷകളിലെ പ്രവാചക പ്രകീർത്തനങ്ങൾ അവതരിപ്പിക്കുന്ന ആസ്വാദന വേദി എന്നിവയും ക്യാംപയിൻ കാലയളവിൽ നടക്കും. പ്രകീർത്തന സദസ്സുകൾ, പ്രവാചക സന്ദേശ പ്രഭാഷണങ്ങൾ, മുത്ത്് നബി ക്വിസ് മത്സരങ്ങൾ, ബുക് ടെസ്റ്റ്, കവിതാ രചനാ മത്സരം, പ്രബന്ധ രചനാ മത്സരം, റിലീഫ് പ്രവർത്തനങ്ങൾ, കൊളാഷ് പ്രദർശനങ്ങൾ, സ്വീറ്റ് പ്രൈസ്, മഹബ്ബ ടീ, അന്നദാനം എന്നിവയും കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബർ 21 ന് പ്രമുഖർ സംബന്ധിക്കുന്ന റബീഅ് ആത്മീയ സംഗമവും പ്രകീർത്തന സദസ്സും നടക്കും. നവംബർ 28 ന് “സ്‌നേഹ നബി” റബീഅ് സെമിനാർ പ്രമുഖ സാംസ്‌കാരിക നേതാക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് നടക്കും. ഡിസംബർ 8ന് നടക്കുന്ന ഗ്രാന്റ് മൗലിദ് സമ്മേളനത്തോടെ റബീഅ് ക്യാമ്പയിൻ സമാപിക്കും.

മഅ്ദിൻ അക്കാദമിയുടെ ഒരു മാസത്തെ മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രിയും നയതന്ത്രജ്ഞനുമായ മണിശങ്കർ അയ്യർ നിർവ്വഹിക്കുന്നു.