Connect with us

National

മഹാരാഷ്ട്രയില്‍ മറ്റു വഴികള്‍ തേടേണ്ടി വരും; ഭീഷണിയുമായി ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തെ ചൊല്ലി ബി ജെ പി, ശിവസേന കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് താമസിപ്പിക്കുന്ന നിലപാടുമായി ബി ജെ പി മുന്നോട്ടു പോവുകയാണെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും എം പിയുമായ സഞ്ജയ് റൗത്ത് പറഞ്ഞു.

ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ നോക്കാന്‍ അറിയാമെന്ന് പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ബദല്‍ മാര്‍ഗം സ്വീകരിക്കുകയെന്ന പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഞങ്ങള്‍ എല്ലാക്കാലത്തും നടത്തിയിട്ടുള്ളത്. അധികാരത്തോട് ആസക്തിയുള്ളവരല്ല ഞങ്ങള്‍- റൗത്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ സഖ്യത്തിലാണ് ബി ജെ പിയും ശിവസേനയും. 288 അംഗ സഭയിലെ 164 സീറ്റിലേക്ക് മത്സരിച്ച ബി ജെ പി 105 എണ്ണം നേടി. 124 സീറ്റിലേക്ക് മത്സരിച്ച ശിവസേനക്ക് ലഭിച്ചത് 56 എണ്ണവും.

ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കുന്നതിന് ദുഷ്യന്ത് ചൗതാലയുടെ ജനനനായക് ജനത പാര്‍ട്ടി (ജെ ജെ പി) യുമായി സഖ്യമുണ്ടാക്കിയ ബി ജെ പി നടപടിയെയും റൗത്ത് വിമര്‍ശിച്ചു. പിതാവ് ജയിലില്‍ കഴിയുന്ന ദുഷ്യന്തുമാര്‍ ഇവിടെയില്ല. ധര്‍മവും സത്യവുമനുസരിച്ചു മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഞങ്ങളെ പോലുള്ളവര്‍ മാത്രമാണുള്ളത്. ശരദ് ജി (ശരദ് പവാര്‍) ബി ജെ പിക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസാണെങ്കില്‍ ഒരിക്കലും ബി ജെ പിയെ സഹായിക്കാന്‍ തയാറാവുകയുമില്ല. റൗത്ത് വിശദമാക്കി.

ഹരിയാന മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറും ഉപ മുഖ്യമന്ത്രിയായി ദുഷ്യന്ത് ചൗതാലയും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. അധ്യാപക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തീഹാര്‍ ജയിലിലായിരുന്ന ദുഷ്യന്തിന്റെ പിതാവ് അജയ് ചൗതാല രണ്ടാഴ്ചത്തെ താത്കാലിക ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ദുഷ്യന്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അജയ് പങ്കെടുക്കുകയും ചെയ്തു. 90 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 40ഉം കോണ്‍ഗ്രസിന് 31ഉം സീറ്റുകള്‍ ലഭിച്ചപ്പോള്‍ 10 മണ്ഡലങ്ങളില്‍ ജെ ജെ പി വെന്നിക്കൊടി പാറിച്ചു.

അധികാരത്തില്‍ പകുതി പ്രാതിനിധ്യം വേണമെന്നാണ് ശിവസേനയുടെ ആവശ്യം. മാത്രമല്ല രണ്ടര വര്‍ഷം വീതം ഇരു കക്ഷികളില്‍ നിന്നുമുള്ളവര്‍ മുഖ്യമന്ത്രിമാരാകണമെന്നും ശിവസേന ശഠിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബി ജെ പി തയാറായിട്ടില്ല. അധികാരം പങ്കിടുന്ന കാര്യത്തില്‍ ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന് ശിവസേനാ പ്രസിഡന്റ് ഉദ്ദവ് താക്കറെ പറയുന്നു.

Latest