Connect with us

Pathanamthitta

പാഠം ഒന്ന്: സ്തംഭിപ്പിക്കൽ, നടുത്തളത്തിലിറങ്ങൽ

Published

|

Last Updated

AMA
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് നാലാം ദിവസം സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്ത യു ഡി എഫിലെ മൂന്ന് അംഗങ്ങളെ വരവേറ്റത് തന്നെ പ്രക്ഷുബ്ധ രംഗങ്ങളോടെയായിരുന്നു. ആദ്യമായി സഭയിലെത്തിയ പുതിയ അംഗങ്ങളുടെ മുഖത്ത് കൗതുകവും വെപ്രാളവും പ്രകടമായിരുന്നു. കൂട്ടത്തിൽ തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്ത് മാത്രമാണ് അൽപ്പം കൂളായി സഭാ നടപടികളിൽ പങ്കെടുത്തത്. സത്യപ്രതിജ്ഞക്ക് ശേഷം വി കെ പ്രശാന്ത് ആദ്യമായി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്താണ് സീറ്റിലേക്ക് നീങ്ങിയത്. എന്നാൽ വെപ്രാളത്തിനിടയിൽ പ്രതിപക്ഷ അംഗം ഷാനിമോൾ ഉസ്മാൻ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്യാതെ സീറ്റിലേക്ക് നീങ്ങിയത് കൗതുകമായി.

സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ സഭയിൽ ഇവർ സാക്ഷ്യം വഹിച്ചത് സഭ സ്തംഭിപ്പിച്ചുള്ള സമരത്തിനായിരുന്നു. ആദ്യ പാഠം നടുത്തളത്തിലിറങ്ങിയുള്ള സമരവും. പതിവ് പോലെ സഭ സ്തംഭിപ്പിക്കൽ സമരത്തിന് ഇന്നലെയും മുന്നിൽ നിന്നത് അൻവർ സാദാത്തിന്റെയും പി കെ ബഷീറിന്റെയും നേതൃത്വത്തിലുള്ള “യുവ സംഘം” തന്നെയായിരുന്നു. പിന്നാലെ വി പി സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, അനിൽ അക്കര, വി ടി ബൽറാം എന്നിവരുമുണ്ടായിരുന്നു.
വാളയാർ പെൺകുട്ടികളുടെ മരണം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകി സംസാരിച്ച ശാഫി പറമ്പിലിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ആദ്യദിനം തന്നെ സമരത്തിൽ മുങ്ങിയ സഭയെ പുതുമുഖങ്ങളെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ഇവരും വലതുകാൽ വെച്ച് നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ആദ്യം ടി ജെ വിനോദും പിറകിലായി എം സി ഖമറുദ്ദീനും ഷാനിമോൾ ഉസ്മാനും പ്രതിപക്ഷാംഗങ്ങൾക്കൊപ്പം സമരത്തിൽ പങ്കുചേരുകയായിരുന്നു. പി കെ ബഷീറിന്റെയും അൻവർ സാദത്തിന്റെയും നേതൃത്തിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറുന്നത് തെല്ലുനേരം കൗതുകത്തോടെ നോക്കി നിന്ന ശേഷമാണ് ഇവർ നടുത്തളത്തിലേക്കിറങ്ങിയത്.

സമരത്തിന് ശേഷം സഭ വിട്ടിറങ്ങുമ്പോൾ ആദ്യാനുഭവം പങ്കുവെക്കാനെത്തിയ പുതിയ അംഗങ്ങളോട് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് സജ്ജമായിരിക്കാനാണ് സമരത്തിന് നേതൃത്വം നൽകിയ സഹപ്രവർത്തകർ നൽകിയ ഉപദേശം.
പി എസ് സി പരീക്ഷാ ക്രമക്കേട്, എം ജി സർവകലാശാലാ മാർക്ക് ദാനം, വാളയാർ കേസ് തുടങ്ങിയ വിഷയങ്ങൾ ഓർമിപ്പിച്ചായിരുന്നു സഹപ്രവർത്തകരുടെ ഉപദേശം. സാധാരണ ഗതിയിൽ സഭാസമ്മേളനത്തിന്റെ ആദ്യദിനം ചരമോപചാരങ്ങളും മറ്റുമായി കുറഞ്ഞ സമയം കൊണ്ട് പിരിയാറാണ് പതിവ്. അതുപ്രകാരം ഇത്തവണ പുതിയ അംഗങ്ങളുടെ സത്യപ്രതജ്ഞക്ക് ശേഷം പിരിയേണ്ടതായിരുന്നു.

എന്നാൽ നിയമ നിർമാണത്തിനായി മാറ്റിവെച്ച 19 ദിവസം നീളുന്ന സമ്മേളനം ആദ്യ ദിനം തന്നെ പൂർണമായും സഭാ നടപടികൾ ഷെഡ്യൂൾ ചെയ്യുകയായിരുന്നു. ഇതാണ് പുതിയ അംഗങ്ങൾക്ക് പുതിയ അനുഭവം സമ്മാനിച്ചത്.

---- facebook comment plugin here -----

Latest