Connect with us

Eranakulam

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 'ഓപ്പറേഷന്‍ അനന്ത' മാതൃകയില്‍ സമഗ്ര പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ “ഓപ്പറേഷന്‍ അനന്ത” മാതൃകയില്‍ അടിയന്തര സമഗ്ര പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത കൊച്ചി നഗരസഭാ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് യോഗം ഉടന്‍ ചേരും.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപ്പിലാക്കിയ മാതൃകയിലാവും പദ്ധതി. അടുത്ത ഘട്ടം സമഗ്രമായ കര്‍മ പദ്ധതിയാണ്. മൂന്നു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കനാലുകള്‍ സ്ഥിരമായി ശുചീകരിക്കാനുള്ള പദ്ധതിയും കിഫ്ബി വഴി കൊണ്ടുവരും.

മഴയെ തുടര്‍ന്ന കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് പെട്ടെന്നുണ്ടായ പ്രതിഭാസമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ്അഴുക്കുചാല്‍ ശരിയായി സംവിധാനിക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. സമയബന്ധിതമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും കാരണമാണ്. മാലിന്യങ്ങള്‍ നിറഞ്ഞ ഓവുചാലുകള്‍ വൃത്തിയാക്കുന്നതിന് നഗരസഭ കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.