Connect with us

Kerala

വട്ടിയൂര്‍കാവിലേയും കോന്നിയിലേയും തോല്‍വി; കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിഞ്ഞ് കുത്തിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറി. വട്ടിയൂര്‍കാവും കോന്നിയും കൈവിട്ടുപോയതോടെയാണ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഉറച്ച സീറ്റുകളായ കോന്നിയും വട്ടിയൂര്‍കാവും കൈവിട്ടതിന് കാരണം നേതൃത്വത്തിന്റേയും സംഘടനാ സംവിധാനത്തിന്റെ പോരായ്മകളുടേയും അനന്തരഫലമാണെന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍. നിലവിലെ പാര്‍ട്ടി ഘടനയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. തൊലിപ്പുറത്തെ ചികിത്സയാണ് നല്‍കുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം അബദ്ധത്തിലാകുമെന്ന് വി എം സുധീരന്‍തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാണ് പ്രശ്‌നമെന്നും എന്താണ് പാളിച്ചയെന്നും പറഞ്ഞേ മതിയാകുവെന്ന് കൂടി സുധീരന്‍ പറഞ്ഞുവെക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ഇനിവരാനുള്ളത് ആഭ്യന്തര തര്‍ക്കങ്ങളുടെ ദിനങ്ങളായിരിക്കുമെന്ന സൂചനകൂടിയുണ്ട്.

എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂര്‍ പിടിച്ചെടുത്തത് വലിയ നേട്ടമായെന്ന് രമേശ് ചെന്നിത്തല പറഞ്ഞുവെക്കുന്നുണ്ടെങ്കിലും ഇത് താഴെത്തട്ടിലുള്ള നേതാക്കളിലും അണികളിലും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി പുനസംഘടനയെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിലെ പരാജയത്തെ യുഡിഎഫ് ഘടകകക്ഷികളും വിമര്‍ശനവിധേയമാക്കുന്നുണ്ട്. അനൈക്യവും വിഭാഗീയതയും ജനം തള്ളിയെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്്‌ലിം ലീഗ് ചൂണ്ടിക്കാട്ടുമ്പോള്‍ മറുപടിയില്ലാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്. വട്ടിയൂര്‍കാവിലും കോന്നിയിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാകാതിരുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. രണ്ടിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്.