Connect with us

Ongoing News

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകി; ശ്രീറാം വെങ്കിട്ടരാമൻ കാറോടിച്ചത് വേഗപരിധി ലംഘിച്ച്

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ വേഗപരിധി ലംഘിച്ചാണ് കാർ ഓടിച്ചിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ്.

ബഷീറിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അപകടം നടന്ന വെള്ളയമ്പലം മ്യൂസിയം റോഡിൽ 50 കിലോമീറ്ററെന്ന വേഗപരിധി മറികടന്ന് അമിത വേഗത്തിലെത്തിയാണ് ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അപകട സമയത്ത് കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിരുന്നെങ്കിലും ശ്രീറാം നിയമം ലംഘിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് വ്യക്തമാകാൻ പ്രത്യേക അന്വേഷണ സംഘം മോട്ടോർ വാഹന വകുപ്പിനോട് പരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സ്ഥലപരിശോധന നടത്തി മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് ഡയറി സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ബാക്കി നടപടികളെല്ലാം പൂർത്തിയാക്കി ഫോറൻസിക് വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ്.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നും അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും ലഭിച്ച തെളിവുകളുടെ പരിശോധനാ ഫലമാണ് പ്രത്യേക സംഘം കാത്തിരിക്കുന്നത്.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസിൽ ശ്രീറാമിനെതിരെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അപകട സമയത്ത് മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്നതിനായുള്ള മെഡിക്കൽ പരിശോധനയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടതോടെ ഇനി ഫോറൻസിക് പരിശോധനാ ഫലത്തിലാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അപകടത്തിൽ കേസെടുത്ത മ്യൂസിയം പോലീസ് പ്രതികൾക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനെ തുടർന്ന് പത്രപ്രവർത്തക യൂനിയൻ, തിരുവനന്തപുരം പ്രസ്‌ക്ലബ്, സിറാജ് മാനേജ്‌മെന്റ് എന്നിവരുടെ ആവശ്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
ലോക്കൽ പോലീസ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ തുടക്കം മുതൽ വലിയ പാളിച്ചകളാണ് ഉണ്ടായിരുന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ അപകടം ഉണ്ടാക്കിയ കാർ ആരാണ് ഓടിച്ചിരുന്നത് രേഖപ്പെടുത്തിയിരുന്നില്ല.

സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എസ് ഐ ജയപ്രകാശ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരുന്നില്ല