Connect with us

Editorial

ബ്രിട്ടനില്‍ 'ട്രംപ്' തോല്‍ക്കുമ്പോള്‍

Published

|

Last Updated

അതിര്‍ത്തികള്‍ അടച്ച് ഭദ്രമാക്കണമെന്നും എല്ലാ അന്താരാഷ്ട്ര കറാറുകളും പരസ്പരാശ്രിതത്വത്തിനുള്ള സംവിധാനങ്ങളും അവസാനിപ്പിക്കണമെന്നും വാദിക്കുന്ന തീവ്ര വലതുപക്ഷത്തിന് ഇച്ഛാഭംഗമുണ്ടാക്കുന്ന വാര്‍ത്തയാണ് ശനിയാഴ്ച ബ്രിട്ടനില്‍ നിന്ന് കേള്‍ക്കാനായത്. ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ശനിയാഴ്ച യോഗം ചേരാറില്ല. 37 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം, ശനിയാഴ്ച യോഗം ചേര്‍ന്നു. അത്യപൂര്‍വമായ ഈ നടപടിയെ സൂപ്പര്‍ സാറ്റര്‍ഡേ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 1982 ഏപ്രില്‍ മൂന്നിനാണ് ഇതിനു മുമ്പ് ഇത്തരത്തിലൊരു യോഗമുണ്ടായത്. അന്ന് ഫാല്‍ക്കന്‍ ദ്വീപിലെ അര്‍ജന്റീനയുടെ അധിനിവേശമാണ് സഭ ചര്‍ച്ച ചെയ്തത്. സൂപ്പര്‍ സാറ്റര്‍ഡേ ആവര്‍ത്തിക്കാനുള്ള അടിയന്തര സാഹചര്യമെന്തായിരുന്നു? ബ്രെക്‌സിറ്റ് തന്നെയാണ് പ്രശ്‌നം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പെടാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. അതിനു മുമ്പ് ബ്രിട്ടീഷ് പാര്‍ലിമെന്റ് യോഗം ചേര്‍ന്ന് ബ്രെക്‌സിറ്റ് കരാര്‍ പാസ്സാക്കണം. ഈ കരാറായിരിക്കും വേര്‍പിരിയലിന്റെ വിശദാംശങ്ങള്‍ നിശ്ചയിക്കുക.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കെഞ്ചിപ്പറഞ്ഞിട്ടും ഭൂരിപക്ഷം അംഗങ്ങളും അന്തിമ കരാര്‍ വെക്കുന്നതിനെ പിന്തുണച്ചില്ല. സ്വന്തം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ ഉറപ്പിക്കാന്‍ പോലും സൂപ്പര്‍ സാറ്റര്‍ഡേയില്‍ അദ്ദേഹത്തിന് സാധിച്ചില്ല. നേരത്തേ കണ്‍സര്‍വേറ്റീവ് ആയിരുന്ന ഒലിവര്‍ ലെറ്റ്‌വിന്‍ കൊണ്ടുവന്ന ഭേദഗതി 306നെതിരെ 322 വോട്ടുകള്‍ക്ക് പാസ്സായത് ബോറിസ് ജോണ്‍സണ് വന്‍ തിരിച്ചടിയാകുകയും ചെയ്തു. ഈ ഭേദഗതി ബ്രെക്‌സിറ്റിലേക്കുള്ള വഴി കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ കരാറില്ലാത്ത വേര്‍പിരിയല്‍ നടത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ എല്ലാ അര്‍ഥത്തിലും പിന്‍പറ്റുന്ന ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ഒലിവര്‍ ലെറ്റ്‌വിന്‍ ഭേദഗതി പാസ്സായതോടെ ആ ശാഠ്യം നടക്കില്ലെന്നുറപ്പായി. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെടണമെന്നാണ് ഭേദഗതി നിഷ്‌കര്‍ഷിക്കുന്നത്. എന്നുവെച്ചാല്‍ ഇ യുവിനോട് ജനുവരി വരെയെങ്കിലും സാവകാശം തേടാന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ബന്ധിതനായിരിക്കുന്നു.

പ്രധാനമന്ത്രിക്ക് സഭയിലേറ്റ തിരിച്ചടി പാര്‍ലിമെന്റിന്റെ അടുത്തുള്ള ചത്വരത്തില്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. ബ്രിട്ടീഷ് ജനതയില്‍ നല്ലൊരു ശതമാനവും ബ്രെക്‌സിറ്റിന് എതിരായിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ശനിയാഴ്ച ലണ്ടനില്‍ നടന്ന കൂറ്റന്‍ റാലി. നഗരമധ്യത്തിലൂടെ പാര്‍ലിമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ലണ്ടനിലെ പാര്‍ക്ക് ലെയിനില്‍ പ്രക്ഷോഭകര്‍ ഒത്തു ചേര്‍ന്നു. ഇ യു പതാക വീശിയാണ് ആയിരങ്ങള്‍ പ്രകടനത്തില്‍ അണി ചേര്‍ന്നത്. ദേശീയ ദുരന്തമാണ് സംഭവിക്കാന്‍ പോകുന്നതെന്നും സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയെന്നതായിരിക്കും ആത്യന്തിക ഫലമെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. യു എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനോട് ബ്രെക്‌സിറ്റിനെ സാമ്യപ്പെടുത്തുന്ന പ്ലക്കാര്‍ഡുകളാണ് പ്രധാനമായും സമരത്തില്‍ ഉയര്‍ന്നത്. ട്രംപ് അധികാരത്തില്‍ വന്നത് എങ്ങനെയാണോ അമേരിക്കയെ തകര്‍ത്തത് അതേ പോലെയാണ് ബ്രിട്ടന് ബ്രെക്‌സിറ്റെന്നും പ്രക്ഷോഭക്കാര്‍ പറഞ്ഞു.

പുതിയ ഹിതപരിശോധന മാത്രമാണ് പോംവഴിയെന്ന് പ്രക്ഷോഭത്തിന്റെ മുഖ്യ സംഘാടകനും പീപ്പിള്‍സ് വോട്ട് ക്യാമ്പയിന്‍ മേധാവിയുമായ ജെയിംസ് മക്‌ഗ്രോറി പറയുന്നു. 2016ല്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം വോട്ട് നേടിയാണ് ബ്രെക്‌സിറ്റ് പക്ഷം (ബ്രിട്ടന്‍ ഇ യു വിടണം) വിജയിച്ചത്. 48 ശതമാനം പേര്‍ ഇ യുവില്‍ തുടരുന്നതിനെ പിന്തുണച്ചു. എന്നാല്‍ തുടര്‍ന്നു വന്ന തെരേസ മെയ്ക്ക് കൃത്യമായ ബ്രെക്‌സിറ്റ് കരാര്‍ മുന്നോട്ടുവെക്കാനായില്ല. യൂനിയന്റെ ചില വശങ്ങള്‍ അംഗീകരിച്ചു കൊണ്ട് പരിമിത ബ്രെക്‌സിറ്റിനായാണ് അവര്‍ നിലകൊണ്ടത്. തന്റെ ഡീല്‍ പല തവണ പാര്‍ലിമെന്റ് തള്ളിയതോടെ അവര്‍ക്ക് രാജിവെക്കേണ്ടി വന്നു. ഇപ്പോഴിതാ ബോറിസ് ജോണ്‍സണും അതേ ഗതിയിലേക്ക് നീങ്ങുന്നു.

യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള വേര്‍പിരിയല്‍ മൂന്ന് നിലയിലാകാം. ഒന്ന് സമ്പൂര്‍ണ ബ്രെക്‌സിറ്റ്. എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. ഇ യു കസ്റ്റംസ് യൂനിയനില്‍ നിന്നും ഏകീകൃത വിപണിയില്‍ നിന്നും പൊതു നീതിന്യായ കോടതിയില്‍ നിന്നും പുറത്ത് കടക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള മനുഷ്യരുടെ സ്വതന്ത്ര സഞ്ചാരം നിലക്കും. ഇ യുവിന്റെ ഭാഗമായിരുന്നപ്പോഴുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും അവസാനിക്കും. ബ്രിട്ടനില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളും പുതുതായി കരാര്‍ വെക്കേണ്ടി വരും. ഇത്ര കടുപ്പമുള്ള ബ്രെക്‌സിറ്റ് വേണ്ടെന്നായിരുന്നു തെരേസ സര്‍ക്കാറിന്റെ തീരുമാനം. പക്ഷേ, ബോറിസിന് ഈ പരിഹാരം എടുക്കാനാകില്ല. തെരേസ പ്ലാനിനെ രൂക്ഷമായി കടന്നാക്രമിച്ചാണല്ലോ അദ്ദേഹം കസേരയിലെത്തിയത്.

സമ്പൂര്‍ണ വേര്‍പിരിയല്‍ പ്രതിസന്ധികളുടെ പണ്ടോര പെട്ടി തുറക്കുകയാകും ചെയ്യുക. വടക്കന്‍ അയര്‍ലന്‍ഡിലാകും അത് ഏറ്റവും ദൃശ്യമാകുക. ഈ ഭൂവിഭാഗം ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാണ്. പക്ഷേ, അവര്‍ക്ക് അയര്‍ലന്‍ഡുമായാണ് ഏറെ ബന്ധം. 1998ലെ ഗുഡ് ഫ്രൈഡേ കരാര്‍ പ്രകാരം അയര്‍ലന്‍ഡ് അതിര്‍ത്തി തുറന്നതോടെയാണ് വ. അയര്‍ലന്‍ഡിലെ വിഘടനവാദ പ്രവണതകള്‍ക്ക് ശമനമായത്. ഇ യുവില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പെടുന്നതോടെ ഈ അതിര്‍ത്തി അടക്കപ്പെടും. അതോടെ വ. അയര്‍ലന്‍ഡില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുകയും ചെയ്യും.

ഏതായാലും ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ഒരിക്കല്‍ കൂടി ബ്രെക്‌സിറ്റ് പക്ഷം തോല്‍ക്കുമ്പോള്‍ ജയിക്കുന്നത് പരസ്പരാശ്രിതത്വത്തിനായുള്ള നിലപാടുകളാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഇരമ്പിയ ജനസാഗരം ആവശ്യപ്പെട്ടത് പോലെ പുതിയ ഹിതപരിശോധന തന്നെയാണ് പോംവഴി.