Connect with us

National

ഭീകരത അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനില്‍ കയറി വീണ്ടും ആക്രമിക്കും: സത്യപാല്‍ മാലിക്

Published

|

Last Updated

ശ്രീനഗര്‍: പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരര്‍ക്കു സഹായം നല്‍കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെങ്കില്‍ പാക്ക് അധിനവേശ കശ്മീരില്‍ പ്രവേശിച്ച് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെറിയാന്‍ ഇന്ത്യ ഇനിയും മടിക്കില്ലെന്നു സത്യപാല്‍ മാലിക്ക് മാധ്യമങ്ങളോടു പറഞ്ഞു. ഭീകരതയെ പുല്‍കുന്ന സമീപനമാണു പാക്കിസ്ഥാന്‍ കൈക്കൊള്ളുന്നതെങ്കില്‍ ഇതുവരെ സംഭവിച്ചതിനെക്കാള്‍ മോശമാകും ഇനി സംഭവിക്കാനിരിക്കുകയെന്നും മാലിക്ക് പറഞ്ഞു.

പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കുന്ന പാക്ക് സൈനിക പോസ്റ്റുകള്‍ക്കും നേരെ വന്‍ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. 10 പാക്ക് സൈനികരെയും ഒട്ടേറെ ഭീകരരെയും ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നും മരണസംഖ്യ ഇനിയും കൂടാമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞതിനു പിന്നാലെയാണു സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന.

അതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഹവില്‍ദാര്‍ പദം ബഹാദൂര്‍ ശ്രേഷ്ഠ, റൈഫിള്‍മാന്‍ ഗാമില്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടര്‍ന്നാണ് അര്‍ധരാത്രിക്കു ശേഷം തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്.

Latest