Connect with us

Malappuram

നെറികേടുകൾക്കെതിരെ വിദ്യാർഥികൾ ഉണർന്നിരിക്കണം: എസ് എസ് എഫ്

Published

|

Last Updated

കേരള ക്യാമ്പസ് അസംബ്ലിയുടെ സമാപനത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ സി കെ റാഷിദ്‌ ബുഖാരി സംസാരിക്കുന്നു.

വെട്ടിച്ചിറ: രാജ്യത്തെ വിദ്യാർഥികൾ ഉണർന്നിരിക്കേണ്ടതുണ്ടെന്ന് എസ് എസ് എഫ് ക്യാമ്പസ്‌ അസംബ്ലി. മലപ്പുറം വെട്ടിച്ചിറയിൽ മൂന്ന് ദിവസമായി നടന്ന ക്യാമ്പസ്‌ അസംബ്ലിയിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ വിദ്യാർഥികൾക്ക് മാത്രമേ സാധ്യമാവൂ എന്നും എസ് എസ് എഫ് കേരള ക്യാമ്പസ്‌ സിൻഡിക്കേറ്റ് അഭിപ്രായപ്പെട്ടു.

ഭരണകൂടതാത്പര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രാജ്യത്തെ യഥാർത്ഥ പ്രതിപക്ഷം വിദ്യാർഥികളാണെന്നും ഏറെ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടത് അനിവാര്യമാണ്

രാജ്യത്തെ ഭീഷണമായ അവസ്ഥകളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തുകളയച്ച പ്രമുഖരെപ്പോലും ഭരണകൂടത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. പ്രതിസ്വരങ്ങളുയർത്തുന്നവർക്ക് തടവറ വിധിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഇന്ത്യയുടെ മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുന്നത് നോക്കി നിൽക്കുന്ന ഭരണ- പ്രതിപക്ഷങ്ങൾ രാജ്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. തൊഴിലവസരങ്ങൾ കുറയുന്നതും ഇന്ത്യയുടെ ഭാവിയെ ആശങ്കയിലാക്കുന്നു. ചോദ്യങ്ങളെയെല്ലാം പ്രഹസനങ്ങൾ കൊണ്ട് മറികടക്കാൻ ശ്രമിക്കുകയാണ്‌ ഭരണപക്ഷം. ചോദ്യങ്ങളില്ലാത്തതും ചോദിക്കാൻ ആളില്ലാത്തതും പ്രതിപക്ഷവും പരാജയപ്പെടുന്നുവെന്നത് വ്യക്തമാക്കുന്നു. ആഗോള പട്ടിണി നിരക്കിൽ ഇന്ത്യ കഴിഞ്ഞ വർഷത്തെക്കാൾ പിറകോട്ട് പോയിരിക്കുന്നതും ആശങ്കപ്പെടുത്തുന്നു. ഗുരുതരമായ പട്ടിണി നിലനിൽക്കുന്ന 45 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുള്ളതെന്ന് കണക്കുകൾ പറയുന്നു.

നിലനിൽക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാർഥികളും വിദ്യാർത്ഥി സംഘടനകളും ഒന്നിച്ചു നിന്നുകൊണ്ടുള്ള വലിയ മൂവ്മെന്റുകളിലൂടെ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ എന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. മൂന്ന്‌ ദിവസമായി മലപ്പുറം വെട്ടിച്ചിറയിൽ നടന്ന കേരള ക്യാമ്പസ് അസംബ്ലിയിൽ സംസ്ഥാനത്തെ വിവിധ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ സി കെ റാഷിദ്‌ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.മാളിയേക്കൽ സുലൈമാൻ സഖാഫി,എ പി മുഹമ്മദ്‌ അഷ്‌ഹർ, നിസാമുദ്ധീൻ ഫാളിലി,സി എൻ ജഅഫർ,ബഷീർ പറവന്നൂർ,ഷബീറലി പയ്യനാട്, കുഞ്ഞു കുണ്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.