Connect with us

Alappuzha

പതിനെട്ടടവും പയറ്റി മുന്നണികൾ; അഞ്ചിടത്തും പോരിന് വീര്യം കൂടി

Published

|

Last Updated

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഉച്ചസ്ഥായിയിലെത്തി. നഗര- നാട്ടിടവഴികളിലെല്ലാം തിരഞ്ഞെടുപ്പിന്റെ ആവേശം മുന്നണി വ്യത്യാസമില്ലാതെ കത്തിക്കയറുകയാണ്. അവസാന ലാപ്പിലെ കുതിപ്പിനുള്ള ഊർജം നിറക്കാൻ വിശ്രമമില്ലാതെ ഓടുകയാണ് സ്ഥാനാർഥികൾ. പ്രചാരണം മൂന്നാം ഘട്ടത്തിലെത്തിയതോടെ പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിലാണ് മുന്നണി നേതൃത്വങ്ങൾ.

എൽ ഡി എഫിന് വോട്ടുതേടാൻ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി. യു ഡി എഫിനായി എ കെ ആന്റണിയുൾപ്പടെയുള്ള മുതിർന്ന നേതാക്കളും കളത്തിലിറങ്ങി.വരും ദിവസങ്ങളിൽ മന്ത്രിമാരുൾപ്പെടെയുള്ള നേതാക്കളെയെത്തിച്ച് പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാനാണ് ബി ജെ പിയുടെ നീക്കം.
ശബരിമല വിഷയം യു ഡി എഫും ബി ജെ പിയും അഞ്ച് മണ്ഡലങ്ങളിലും പ്രചാരണ വിഷയമാക്കാൻ ശ്രമിക്കുമ്പോൾ അതിൽ പിടികൊടുക്കാതെ തന്ത്രപൂർവം ഒഴിഞ്ഞുമാറിയാണ് ഇടതുമുന്നണിയുടെ പ്രചാരണം. സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് ഇടതുമുന്നണി വോട്ട് തേടുന്നത്. ദേശീയ പാതാ വികസനത്തിലുൾപ്പെടെ സർക്കാറിന്റെ കാര്യമായ ഇടപെടലും ഉയർത്തിക്കാട്ടുന്നു. പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെയുള്ള വിഷയം ഉയർത്തി യു ഡിഎഫിന് തിരിച്ചടി നൽകുകയെന്ന തന്ത്രവും ഇടതുപക്ഷം പയറ്റുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ യു ഡി എഫ് അനുകൂല തരംഗം ഇപ്പോഴില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇടതുമുന്നണിക്ക് പ്രചാരണ രംഗത്ത് പാലായിലെ അട്ടിമറിവിജയവും ചെറുതല്ലാത്ത ഊർജം നൽകുന്നുണ്ട്.

അരൂർ നിലനിർത്തുന്നതിനൊപ്പം കോന്നി, എറണാകുളം മണ്ഡലങ്ങളിൽ മികച്ച പ്രതീക്ഷയും മഞ്ചേശ്വരവും വട്ടിയൂർക്കാവും പിടിച്ചെടുക്കാനാകുമെന്നും ഇടതു മുന്നണി കണക്കുകൂട്ടുന്നുണ്ട്. സി പി എമ്മിനെ പ്രതിരോധത്തിലാക്കിയുള്ള പ്രചാരണ രീതി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും യു ഡി എഫ് പയറ്റുന്നത്. പെരിയയിലെ ഇരട്ടക്കൊലപാതകവും ശബരിമല വിഷയവും എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് പ്രധാന ആയുധമാക്കുന്നുണ്ട്. എറണാകുളം മണ്ഡലത്തിലുൾപ്പെടെ അക്രമ രാഷ്‌ട്രീയത്തിനെതിരെയുള്ള ലഘുലേഖകളുമായാണ് നേതാക്കൾ വീടുകയറുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ യു ഡി എഫ് ക്യാമ്പുകൾ ഇത്തവണ സജീവമാണ്.

സി പി എം മോഡലിൽ താഴേത്തട്ടിൽ പ്രവർത്തകർക്ക് പ്രത്യേക ചുമതല നൽകിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലായിടത്തും നേതാക്കളുടെ കൃത്യമായ മേൽനോട്ടമുണ്ട്. നാല് മണ്ഡലങ്ങളും നിലനിർത്തുന്നതിനൊപ്പം അരൂർ കൂടി പിടിച്ചെടുക്കാനുള്ള പ്രചാരണ തന്ത്രമാണ് യു ഡി എഫ് പയറ്റുന്നത്. എൻ എസ് എസിന്റെ പിന്തുണ മൂലം വട്ടിയൂർക്കാവിലുൾപ്പടെ ഉയർന്ന വിജയം നേടാനാകുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.
മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ വോട്ടുചോർച്ചയുണ്ടാകാതെ നോക്കാൻ മുസ്‌ലിം ലീഗിന്റെ നേതാക്കൾ തന്നെ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മൂന്ന് സീറ്റിലെങ്കിലും ജയിച്ചു കയറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ എൻ ഡി എ ക്യാമ്പ്. പാർലിമെന്റ്തിരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നേറ്റമുണ്ടാക്കിയ ഊർജത്തിലാണ് കോന്നിയിലുൾപ്പടെ എൻ ഡി എ വിജയ പ്രതീക്ഷ പുലർത്തുന്നത്.ചെറിയ വോട്ടിന് കൈവിട്ട മഞ്ചേശ്വരത്തും മികച്ച പോരാട്ടം കാഴ്ചവെക്കാനായ വട്ടിയൂർക്കാവിലും വിജയത്തിൽ കുറഞ്ഞ ഒന്നും ഇത്തവണ ബി ജെ പി ക്യാമ്പ് പ്രതീക്ഷിക്കുന്നില്ല. ഭൂരിപക്ഷ വോട്ടിൽ വിള്ളൽ വീഴാതിരിക്കാനുള്ള തന്ത്രങ്ങളും എൻ ഡി എ പയറ്റുന്നുണ്ട്. തുഷാർ വെള്ളാപ്പള്ളിയെയുൾപ്പടെ ബി ഡി ജെ എസിനെ അവസാന നിമിഷമാണെങ്കിലും പ്രചാരണത്തിനിറക്കാൻ കഴിഞ്ഞത് ചിലയിടങ്ങളിലെങ്കിലും വോട്ടുനേട്ടത്തിന് കാരണമാകുമെന്നും ബി ജെ പി പക്ഷം കരുതുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി