Connect with us

National

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് ആരംഭിക്കും: ബി ജെ പി എം പി. സാക്ഷി മഹാരാജ്

Published

|

Last Updated

ലക്‌നോ: ബാബ്‌രി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ വാദപ്രതിവാദം തുടരുന്നതിനിടെ ഡിസംബര്‍ ആറിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ബി ജെ പി എം പി. സാക്ഷി മഹാരാജ്. 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വ സംഘടനകള്‍ ബാബ്‌രി പള്ളി പൊളിച്ചിരുന്നത്.

പള്ളി പൊളിച്ച തീയതിയില്‍ തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങുന്നതാണ് യുക്തിപരമെന്ന് തന്റെ മണ്ഡലമായ ഉന്നാവോയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സാക്ഷി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായി അയോധ്യയില്‍ ക്ഷേത്രം യാഥാര്‍ഥ്യമാകും. ക്ഷേത്രം നിര്‍മിക്കുന്നതിന് സഹായിക്കാന്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒന്നിച്ച് മുന്നോട്ടു വരണം. ബാബര്‍ ഒരു അധിനിവേശക്കാരനാണെന്നും തങ്ങളുടെ പൂര്‍വികനല്ലെന്നും അംഗീകരിക്കാന്‍ വഖ്ഫ് ബോര്‍ഡ് തയാറാകണം. സാക്ഷി ആവശ്യപ്പെട്ടു.

അതിനിടെ, തന്റെ ഹരജിയെ തുടര്‍ന്നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വിചാരണ നടപടികള്‍ വേഗത്തിലാക്കിയതെന്ന അവകാശവാദവുമായി ബി ജെ പിയുടെ മറ്റൊരു എം പി. സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി.