Connect with us

Kerala

പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തി റോഡില്‍ തള്ളിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: കയ്പ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തി റോഡില്‍ തള്ളിയ കേസില്‍ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കയ്പ്പമംഗലം സ്വദേശികളായ സ്റ്റിയോ (20), അന്‍സാര്‍ (21), അനസ് (20)
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെട്രോള്‍ പമ്പില്‍ നിന്ന് മടങ്ങിയ മനോഹരന്റെ കൈയില്‍ അന്നത്തെ കലക്ഷന്റെ പണമുണ്ടായിരിക്കുമെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം മനോഹരന്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സംഘം കാറിന്റെ പിറകില്‍ ബൈക്ക്‌ കൊണ്ടിടിച്ചു. ഇതേ തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ മനോഹരനെ മൂവരും ചേര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും പിടിച്ചുകെട്ടി കാറിന്റെ പിന്‍വശത്തേക്ക് തള്ളിയിടുകയും ചെയ്തു. ബഹളമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചു.

തന്റെ കൈയില്‍ പണമില്ലെന്ന് മനോഹരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും കേള്‍ക്കാന്‍ പ്രതികള്‍ തയാറായില്ല. രണ്ടു മണിക്കൂറോളം കാറില്‍ മുന്നോട്ടു പോയ സംഘം മനോഹരനെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരുന്നു. ഇതിനിടെ ശ്വാസം മുട്ടി മനോഹരന്‍ മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം സംഘം റോഡില്‍ തള്ളുകയും കാറും അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. രണ്ടു ദിവസം മുമ്പു തന്നെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതായി ഡി ഐ ജി. എസ് സുരേന്ദ്രന്‍ പറഞ്ഞു.

Latest