Connect with us

Aksharam Education

മലമ്പനിക്ക് ജനിതകപ്പൂട്ട്

Published

|

Last Updated

ആർട്ടിമിസിയ അന്നുവ എന്ന ഔഷധസസ്യത്തിൽ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആർട്ടിമിസിനിൻ ഉത്പാദിപ്പിക്കുന്നത്. ജനിതക സാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആർട്ടിമിസിനിൻ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടിരിക്കുകയാണ്.

നാലായിരം വർഷം മുമ്പേ തിരിച്ചറിഞ്ഞിട്ടുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്‌മോഡിയം എന്ന ഏകകോശജീവിയാണ് ഈ അസുഖമുണ്ടാക്കുന്നത്. ഇത് പരത്തുന്നതാകട്ടെ, അനോഫിലസ് വിഭാഗത്തിൽപെടുന്ന പെൺകൊതുകുകളും.

ആർട്ടിമിസിനിൻ ഇന്ന് കാർഷികോത്പാദനം വഴിയാണ് ലഭ്യമാകുന്നത്. ഔഷധസസ്യത്തിന്റെ ഇലകളാണ് മുഖ്യസ്രോതസ്സ്. എന്നാൽ, സസ്യത്തിൽനിന്ന് വളരെ കുറഞ്ഞ അളവിൽ മാത്രമേ ആർട്ടിമിസിനിൻ സംസ്‌കരിച്ചെടുക്കാൻ കഴിയുന്നുള്ളൂ. ഇത് ഔഷധത്തിന്റെ ആഗോള ഡിമാൻഡിനെ നേരിടാൻ പര്യാപ്തമല്ല. സ്വാഭാവികമായി, ആർട്ടിമിസിനിന്റെ നിർമാണത്തിന് ബദൽ മാർഗങ്ങൾ തേടേണ്ടതുണ്ട്. കണ്ടെത്തിയ ഒരു മാർഗം ഒരു അർധസംശ്ലേഷണപ്രക്രിയ ആണ്. യീസ്റ്റ് കുമിളുകളെ പ്രചോദിപ്പിച്ച് ആൻട്ടിമിസിനിന്റെ പൂർവഗാമി ആയ ആർട്ടിമിസിനിക് അമ്ലം സംശ്ലേഷണം ചെയ്യിക്കുന്നു. പിന്നീട് അതിനെ ആർട്ടിമിസിനിൻ ആക്കി മാറ്റുന്നു. ഇത് വളരെ ചെലവേറിയ ഒരു പ്രക്രിയയാണ്. ആ സാഹചര്യത്തിലാണ് ആർട്ടിമിസിയ അന്നുവ സസ്യത്തെ കൂടുതൽ ആർട്ടിമിസിനിൻ നിർമിക്കാൻ തക്കവണ്ണം മാറ്റിയെടുക്കാനാകുമോയെന്ന ചിന്ത ശാസ്ത്രജ്ഞരിൽ ഉണ്ടായത്.

ഷാംഗ്ഹായ് ഷിയാവോ യൂനിവേഴ്‌സിറ്റിയിലെ കെക്സ്ഥാൻ ടാംഗ് എന്ന സസ്യശാസ്ത്രജ്ഞനും സഹപ്രവർത്തകരും ചേർന്ന് ആർട്ടിമിസിയ അന്നുവ സസ്യത്തിൽ ജനിതക പരിഷ്‌കാരം വരുത്തി, അതിനെ ഉയർന്ന തോതിൽ ആർട്ടിമിസിനിൻ സ്വാഭാവികമായി തന്നെ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയം കണ്ടെത്തി. സസ്യത്തിന്റെ ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്ന മൊത്തം ജീനുകളുടെ അനുക്രമം നിർണയിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. അവയിൽ, പ്രോട്ടീൻ കോഡ് ചെയ്യുന്ന 63,226 ജീനുകൾ ഉണ്ടെന്ന് കണ്ടെത്തി. കുറേ വർഷങ്ങൾ നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ ജീൻ അനുക്രമ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്. പിന്നീട് അൻപതിനായിരത്തിലധികം വരുന്ന ജീൻ സഞ്ചയത്തിൽ നിന്ന് ആർട്ടിമിസിനിൻ ഉത്പാദനത്തിൽ നിർണായക പങ്കു വഹിക്കുന്ന മൂന്ന് ജീനുകളെ തിരിച്ചറിഞ്ഞു. ഈ മൂന്ന് ജീനുകളെ കേന്ദ്രീകരിച്ച് ജനിതകപരിഷ്‌കാരം വരുത്തി, അവയുടെ സക്രിയത വർധിപ്പിച്ച്, സസ്യത്തിന്റെ ഇലകളിൽ ആർട്ടിമിസിനിന്റെ അളവ് ഉയർത്തി. അങ്ങനെ, ഉണങ്ങിയ ഇലയുടെ ഭാരത്തിന്റെ – 1.0 ശതമാനം ആയിരുന്ന ആർട്ടിമിസിനിന്റെ ഉത്പാദനം 3.2 ശതമാനമായി വർധിച്ചു. എന്നാൽ, പരീക്ഷണ ശാലാതലത്തിൽ ലഭിച്ച ഫലങ്ങൾ, വാണിജ്യാടിസ്ഥാനത്തിൽ വലിയ കൃഷിക്കളങ്ങളിലേക്ക് എത്തിക്കാൻ ഇനിയും ഒട്ടേറെ ഫീൽഡ് ട്രയലുകൾ ആവശ്യമാണ്.

പരീക്ഷണശാലയിലെ സാഹചര്യങ്ങൾ പാടത്ത് ഒരുക്കിയെടുക്കാൻ നല്ല അധ്വാനം വേണ്ടിവരും. കൂടാതെ ജനിതകമാറ്റം വരുത്തിയ സസ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളിൽ നിന്ന് അംഗീകാരവും അനുമതിയും ലഭിക്കണം. ഈ തടസ്സങ്ങളെല്ലാം താമസംവിനാ നീക്കിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
.

---- facebook comment plugin here -----

Latest