Connect with us

International

തുര്‍ക്കിയുടെ ആക്രമണം; സിറിയയിലെ ക്യാമ്പില്‍ നിന്ന് ആയിരത്തോളം ഐഎസ് ബന്ധുക്കൾ രക്ഷപ്പെട്ടു

Published

|

Last Updated

ഡമസ്‌കസ്: വടക്കന്‍ സിറിയയിലെ അഭയാർഥി ക്യാമ്പില്‍ നിന്ന് ഐഎസ് ഭീകരരുടെ ബന്ധുക്കളായ ആയിരത്തോളം പേർ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഐന്‍ ഇസ്സാ ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിലെ തടവുകാര്‍ ഗേറ്റുകള്‍ തകര്‍ത്താണ് ഇവർ രക്ഷപ്പെട്ടതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. കുര്‍ദിഷ് സൈന്യത്തെ മേഖലയില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ തുര്‍ക്കി ആക്രമണം തുടരുന്നതിനിടെയാണ് ഐഎസ് അനുകൂലികള്‍ ക്യാമ്പ് വിട്ടത്.

നൂറിലധികം പേര്‍ രക്ഷപ്പെട്ടതായി ഒരു മോണിറ്ററിംഗ് ഗ്രൂപ്പ് പറയുന്നു. എന്നാല്‍ വിദേശ ഐഎസ് അംഗങ്ങളുടെ 800 ഓളം ബന്ധുക്കള്‍ രക്ഷപ്പെട്ടുവെന്നാണ് കുര്‍ദിഷ് അധികൃതര്‍ വ്യക്തമാക്കുന്നത്. തുർക്കി-സിറിയ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഐന്‍ ഇസ്സ ക്യാമ്പില്‍ തീവ്രവാദ ബന്ധമുള്ള ആയിരത്തോളം സ്ത്രീകളും കുട്ടികളുമടക്കം 12,000 ത്തോളം ആളുകള്‍ കഴിഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റി സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ക്യാമ്പുകളില്‍ ഇപ്പോള്‍ വിദേശ സ്ത്രീകള്‍ ഇല്ല. മോട്ടോര്‍ ബൈക്കുകളില്‍ മുഖംമൂടി ധരിച്ച പുരുഷന്മാര്‍ ക്യാമ്പ് ചുറ്റുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തടവുകാര്‍ എവിടെ പോയെന്ന് വ്യക്തമല്ലെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുര്‍ക്കി ആക്രമണം നടക്കുന്നതിനാല്‍ ക്യാമ്പില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന കുര്‍ദുകളുടെ നിലപാടാണ് ഐഎസ് ബന്ധുക്കളെ രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചത്.

നിലവില്‍ ഏഴ് ജയിലുകളിലായി 12,000 ത്തിലധികം ഐ.എസ് അംഗങ്ങളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവരില്‍ 4,000 പേരെങ്കിലും വിദേശ പൗരന്മാരാണെന്നും സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവരെ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

കുര്‍ദുകള്‍ തീവ്രവാദികളാണെന്ന് ആരോപിച്ചാണ് തുര്‍ക്കി സിറിയയില്‍ ആക്രമണം നടത്തുന്നത്. നിലവില്‍ തുര്‍ക്കിയില്‍ കഴിയുന്ന മൂന്ന് ദശലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികളെ ഈ മേഖലയ്ക്കുള്ളില്‍ പുനരധിവസിപ്പിക്കാനും തുര്‍ക്കിക്ക് പദ്ധതിയുണ്ട്.