Connect with us

Kerala

ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ചുറി നേടുന്ന മലയാളിയായി സഞ്ജു

Published

|

Last Updated

ബെംഗളൂരു: ഏകദിന ക്രിക്കറ്റില്‍ ആദ്യ ഇരട്ട ശതകം തികക്കുന്ന മലയാളി എന്ന റെക്കോര്‍ഡ് ഇനി സഞ്ജു സാംസണ് സ്വന്തം. വിജയ് ഹസാരെ ചാമ്പ്യന്‍ഷിപ്പില്‍ ഗോവക്കെതിരായ മത്സരത്തിലാണ് സഞ്ജു ചരിത്രം കുറിച്ചത്. സഞ്ജുവിന്റെ കരുത്തില്‍ 104 റണ്‍സിന്റെ വലിയ വിജയവും കേരളം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് അടിച്ച്കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവക്ക് നിശ്ചിത അമ്പത് ഓവറില്‍ എട്ടിന് 273 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഗോവന്‍ ബൗളിംഗിനെ തല്ലിതകര്‍ത്താണ് സഞ്ജു ചരിത്ര നേട്ടവും കേരളത്തിന് ത്രസിപ്പിക്കുന്ന ജയവും സമ്മാനിച്ചത്. 129 പന്തുകള്‍ നേരിട്ട സഞ്ജു 164.34 സ്‌ട്രൈക് റേറ്റില്‍ പത്ത്് സിക്‌സും 21 ഫോറുമുള്‍പ്പെടെ 212 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 66 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച സഞ്ജു 59 പന്തില്‍ നിന്നാണ് ശേഷിച്ച 100 റണ്‍സ് അടിച്ചെടുത്തത്. ഏകദിനത്തിലെ രണ്ടാമത്തെ വേഗമേറിയ ഇരട്ട സെഞ്ചുറിയാണിത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും സഞ്ജു മാറി. 2018ല്‍ ഉത്തരാഖണ്ഡിന്റെ കര്‍ണ്‍ വീര്‍ കൗശലാണ് വിജയ് ഹസാരയില്‍ ഇരട്ടസെഞ്ചുറി നേടിയ ആദ്യതാരം.

കൂടാതെ മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡും സഞ്ജു ബ്രേക്ക് ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇരുവരും മറികടന്നത്. 135 പന്തുകള്‍ നേരിട്ട് 127 റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്.
കേരളത്തിന്റെ വലിയ സ്‌കോറിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവക്കായി ആദിത്യ കൗശിക് 58ഉം ടി ടി സവ്ക്കര്‍ 56 റണ്‍സും നേടി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.