Connect with us

Articles

ഡോ. ലോഹ്യയും ഇന്ത്യന്‍ വര്‍ത്തമാനവും

Published

|

Last Updated

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിലപാടിലും ദീര്‍ഘ വീക്ഷണത്തിലും സമാനതകളില്ലാത്ത ചുരുക്കം പേരില്‍ ഒരാളാണ് ഡോ. റാം മനോഹര്‍ ലോഹ്യ. സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ സമരങ്ങളോടൊപ്പം പോരാടുമ്പോഴും ലോഹ്യയുടെ ചിന്തയില്‍ ഇന്ത്യ മാത്രമായിരുന്നില്ല. ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിക്കേണ്ട നീതിപൂര്‍ണമായ വ്യവസ്ഥിതിയെ കുറിച്ചുള്ള ആലോചനയിലായിരുന്നു ലോഹ്യ. അതിന് ആവശ്യമായ ദാര്‍ശനിക പശ്ചാത്തലത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതാകട്ടെ പ്രാദേശിക രാഷ്ട്രീയ ജ്ഞാനമണ്ഡലത്തില്‍ നിന്ന് രൂപപ്പെട്ട് അന്തര്‍ദേശീയ മാനങ്ങളിലേക്ക് വ്യാപിച്ചു. ഗാന്ധിയന്‍ സത്യഗ്രഹ സമര രീതിയും വികേന്ദ്രീകരണ ആസൂത്രണ പദ്ധതികളും അതിന് അദ്ദേഹത്തെ സഹായിച്ചു. 1967ന് മുമ്പ് (ലോഹ്യ മരണപ്പെടുന്നതിന് മുമ്പ്) അവതരിപ്പിക്കപ്പെട്ട അത്തരം കാഴ്ചപ്പാടുകള്‍ ഇന്നത്തെ ലോക രാഷ്ട്രീയ രംഗത്തും ഇന്ത്യയെ ഏകാത്മക ദേശീയതയിലേക്ക് നയിക്കുമ്പോഴും ഏറെ പ്രാധാന്യമുണ്ട്.

ജനാധിപത്യത്തിന്റെ വിശാലതയില്‍ നിന്നുകൊണ്ടു മാത്രമേ സോഷ്യലിസ്റ്റ് ചിന്താധാരകള്‍ക്കും അതുണ്ടാക്കുന്ന സാമൂഹിക സമത്വത്തിനും അടിസ്ഥാനമുള്ളൂ എന്ന് ലോഹ്യ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ സോഷ്യലിസം എന്ന ആശയത്തെ ഉയര്‍ത്തിക്കാട്ടാതെ സോഷ്യലിസമെന്നതില്‍ തന്നെ ജനാധിപത്യം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് എന്നതായിരുന്നു ലോഹ്യയുടെ നിരീക്ഷണം. ഇപ്പോഴും ലോക രാഷ്ട്ര ശക്തികള്‍ സാമ്രാജ്യത്വ അധികാര ഘടനയില്‍ നിന്നുകൊണ്ട് കോളനി രാജ്യങ്ങളെ കൊള്ളയടിക്കുമ്പോള്‍ ലോഹ്യയുടെ ലോക പാര്‍ലിമെന്റ്എന്ന ആശയത്തിന് വലിയ പ്രധാന്യമുണ്ട്.

ബഹുസ്വര ഇന്ത്യയെ ജനാധിപത്യ ഘടനയില്‍ നിന്ന് ഏകാധിപത്യാധികാരത്തിലേക്ക് മാറ്റുമ്പോള്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് സഹായകമായ ചില ഘടകങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. അത് അനായാസം സാധ്യമായതിനു പിന്നിലെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തെ പരിശോധിക്കേണ്ട കാലമാണിത്. കോണ്‍ഗ്രസ് അര നൂറ്റാണ്ടോളം വാഴ്ച നടത്തിയ ഇന്ത്യയിലെ സാമൂഹിക- സാമ്പത്തികാവസ്ഥ എന്തുകൊണ്ട് മോദിക്ക് അനുകൂലമായി? ശൗച്യാലയം എങ്ങനെ വലിയ രാഷ്ട്രീയ ആയുധമായി എന്ന് ചിന്തിക്കുമ്പോഴാണ് ലോഹ്യക്ക് നെഹ്‌റുവിനോടുള്ള വിയോജിപ്പിന്റെ അര്‍ഥം ഇപ്പോഴെങ്കിലും ചിലര്‍ക്ക് ബോധ്യമാകുന്നത്. നെഹ്‌റുവിന്റെ ഇംഗ്ലീഷ് ഭാഷാ ഭ്രമത്തെ ചൂണ്ടിക്കാണിച്ച് പ്രാദേശിക ഭാഷയുടെ നിലനില്‍പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോഹ്യ സംസാരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ എങ്ങനെ അധികാര ഭാഷയായി മാറുന്നതെന്നും നഗര കേന്ദ്രീകൃത ഉപരിവര്‍ഗ താത്പര്യത്തെ എങ്ങനെ അത് സ്വാധീനിക്കുന്നു എന്നും ലോഹ്യ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്‌റുവിന്റെ വികസന കാഴ്ചപ്പാട് ഒട്ടും ശരിയല്ല എന്നല്ല ഇതിനര്‍ഥം. മറിച്ച് ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യയെക്കുറിച്ച് നെഹ്‌റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ മറന്നിട്ടുണ്ട്. അതുണ്ടാക്കിയ സാമൂഹിക അസമത്വത്തിന്റെ മണ്ണിലാണ് മനുഷ്യത്വ വിരുദ്ധതയുടെ വിത്ത് പാകി മോദി അധികാരം കൊയ്തത്. നഗര കേന്ദ്രീകൃത സവര്‍ണ ബോധവും അവര്‍ക്ക് ആവശ്യമായ രീതിയില്‍ ഭരണകൂട താത്പര്യങ്ങളും മാറിയപ്പോള്‍ പാര്‍ശ്വവത്കൃത ജനവിഭാഗം ജന്മനാ നേരിട്ട ജാതീയ അയിത്തത്താല്‍ രാഷ്ട്രത്തിന്റെ ദൈനംദിന വ്യവഹാരങ്ങളില്‍ നിന്ന് നിരന്തരം പുറം തള്ളപ്പെട്ടുകൊണ്ടിരുന്നു. ഇതിന്റെ പരിഹാരം ജനാധിപത്യ പ്രക്രിയയിലൂടെ സമത്വവും സാമൂഹിക നീതിയും നടപ്പാക്കുക എന്നതായിരുന്നു. അതിന് ലോഹ്യക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

ചലനരഹിതമായ വര്‍ഗമാണ് ജാതി എന്നു പറഞ്ഞ ലോഹ്യക്ക് ജാതി സൃഷ്ടിച്ച സാമൂഹിക- സാമ്പത്തിക അസമത്വങ്ങളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഡോ. ബി ആര്‍ അംബേദ്ക്കര്‍ കഴിഞ്ഞാല്‍ ജാതിയുടെ രാഷ്ട്രീയത്തെ ആഴത്തിലും വ്യക്തതയിലും വിശകലനം ചെയ്ത ഇന്ത്യയിലെ ഏക വ്യക്തി ലോഹ്യയാണ്. അതാകട്ടെ ബാഹ്യതലത്തില്‍ നിന്നുള്ള പ്രത്യക്ഷ പ്രതികരണങ്ങള്‍ ആയിരുന്നില്ല. ജനസംഖ്യയില്‍ പകുതിയോളം വരുന്ന കീഴ്ജാതി മനുഷ്യര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി അനുഭവിക്കുന്ന ആന്തരിക ജീര്‍ണതകളുടെ കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ്. ലോഹ്യയുടെ നിരീക്ഷണങ്ങള്‍ കാലത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് അത് ബോധ്യപ്പെടുന്നു.

“ജാതി സമ്പ്രദായം സ്ഥിരതയുടെ ഭയാനക ശക്തിയാണ്. അത് മാറ്റത്തിന് എതിരാണ്. അത് ഇന്നത്തെ എല്ലാ വൃത്തികേടുകളെയും അസമത്വങ്ങളെയും സ്വാഭിമാനമില്ലായ്മയെയും പിച്ചതെണ്ടലിനെയും ന്യായീകരിക്കുന്നു. ശക്തമാക്കുന്നു. ഏതെങ്കിലും വൃത്തികേടോ നുണയോ തകര്‍ന്നാല്‍ മുഴുവന്‍ സംവിധാനം പൊട്ടിത്തകരുമെന്ന് അവര്‍ ഭയപ്പെടുന്നു.”

ജാതിയെ സ്ഥിരതയില്‍ നിര്‍ത്തേണ്ടത് എക്കാലത്തെയും ഇന്ത്യന്‍ ഭരണ വര്‍ഗത്തിന്റെ ഉറച്ച തീരുമാനമാണ്. അതിനെതിരെയുള്ള ഏതൊരു അനക്കത്തെയും സവര്‍ണബോധം പേറുന്ന രാഷ്ട്രീയക്കാര്‍ സംഘടിതമായി എതിര്‍ക്കുന്നു. വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ നാം അതു കണ്ടു. ഇന്ന് എല്ലാ അര്‍ഥത്തിലും തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാന്‍ ഭൗതിക വികസനം കൊണ്ട് മാത്രം സാധ്യമാകും എന്നത് വെറും വ്യാമോഹം മാത്രമാണ്. ജാതി വ്യവസ്ഥക്ക് എതിരെയുള്ള വിപ്ലവത്തിന് മാത്രമേ ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്ന ആന്തരിക ജീര്‍ണതകളെ മാറ്റിയെടുക്കാന്‍ കഴിയൂ. അല്ലാതെയുള്ള വികസനം രാജ്യത്തെ വരേണ്യ വര്‍ഗത്തിനേ ഉപകരിക്കൂ. ജാതിയെ സ്ഥിരതയില്‍ നിര്‍ത്താനുള്ള എളുപ്പവഴി അര്‍ഹതപ്പെട്ട പുരോഗമന ചിന്താധാരയില്‍ നിന്ന് ദളിത് പിന്നാക്ക വര്‍ഗത്തെ അകറ്റി നിര്‍ത്തുക എന്നതാണ്. വിദ്യാഭ്യാസം- ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിച്ച് മുഖ്യ ധാരയിലേക്കുള്ള അവരുടെ ആഗമനത്തെ പ്രതിരോധിക്കണം. അതാണ് എക്കാലത്തും ഇന്ത്യന്‍ അധികാരി വര്‍ഗം ചെയ്തു കൊണ്ടിരിക്കുന്നത്. അധികാരി വര്‍ഗം മാത്രമല്ല, മേല്‍ജാതിക്കാരിലെ വിദ്യാസമ്പന്നരും ഈ വഴി തുടരുന്നു എന്നതാണ് നിലവിലെ അവസ്ഥ. ഇതിന്റെ കാരണങ്ങള്‍ അര നൂറ്റാണ്ട് മുമ്പ് ലോഹ്യ പറഞ്ഞത് ഇന്നും പ്രസക്തമാണ്.

“ഇക്കാലത്ത് എല്ലാവരും ജാതിക്ക് എതിരാണ്. എന്നിട്ടും മുമ്പുണ്ടായിരുന്നതിനേക്കാളും ജാതി തഴച്ചുവളരുന്നു. ഈ മാറാത്ത മഹാ രോഗത്തെക്കുറിച്ചും അതിന്റെ അണുക്കളെയും കുറിച്ച് മാര്‍ക്‌സ് വെബറെ പോലുള്ള പ്രസക്തരുടെ നിരീക്ഷണങ്ങള്‍ തെറ്റാണ് എന്ന് തെളിഞ്ഞിരിക്കുന്നു. യൂറോപ്യന്‍ വിദ്യാഭ്യാസം ലഭിച്ച് ശാസ്ത്രീയവും യുക്തിപൂര്‍വകവുമായ സങ്കല്‍പ്പങ്ങളിലും ജീവിത രീതിയിലും വളര്‍ന്നവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ഇവരിലെ ജാതി നശിക്കുമെന്ന് ഇത്തരം സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ വിചാരിച്ചു. എന്നാല്‍ യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയ ഈ ഇന്ത്യക്കാര്‍ പ്രധാനമായും ഉയര്‍ന്ന ജാതിക്കാരാണെന്നും അവര്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അവരുടെ വിദ്യാഭ്യാസവും ഉയര്‍ന്ന പദവിയും മൂലം ജാതി വിവാഹങ്ങള്‍ തന്നെ നടത്തി ജാതിയെ കൂടുതല്‍ ശക്തമാക്കുമെന്ന് ഈ പടിഞ്ഞാറന്‍ ചിന്തകര്‍ പ്രതീക്ഷിച്ചില്ല.”

ഇന്ത്യയിലെ ജാതിയുടെ അടിസ്ഥാന കാരണങ്ങള്‍ തിരിച്ചറിയാത്തിടത്തോളം ജാതിയെക്കുറിച്ചുള്ള ഏതൊരു നിരീക്ഷണവും പൊള്ളയാണ്. അത് ലോഹ്യക്ക് അന്നേ അറിയാമായിരുന്നു. ജാതി എന്നത് പ്രത്യക്ഷത്തില്‍ പ്രകടമാകുന്ന വിവേചനമാണെങ്കിലും അതിന്റെ ആന്തരിക വ്യവഹാരങ്ങള്‍ മനുഷ്യരുടെ എല്ലാ അര്‍ഥത്തിലുമുള്ള ജനാധിപത്യ സാധ്യതകളെ നിഷേധിക്കുന്നു. ലോഹ്യ നിരീക്ഷിക്കുന്നു, “ജാതി ചലനരഹിതമായ വര്‍ഗമാണ്. വരിഞ്ഞ് മുറുക്കുന്ന കെട്ടുപാടുകള്‍ അഴിഞ്ഞു തുടങ്ങുന്ന അയവുള്ള ജാതിയാണ് വര്‍ഗം. വര്‍ഗത്തില്‍ നിന്ന് ജാതിയിലേക്കും ജാതിയില്‍ നിന്ന് വര്‍ഗത്തിലേക്കുമുള്ള സാവധാനത്തിലുള്ള പരിവര്‍ത്തന പ്രക്രിയ മാനവ ചരിത്രത്തിലെ ഒരു നിയമമായിരുന്നിട്ടുണ്ട്. വര്‍ഗം ജാതിയായി മരവിക്കുന്ന പ്രക്രിയ ഇന്ത്യയില്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ജാതി അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നു. പരിമിതപ്പെടുത്തുന്ന അവസരങ്ങള്‍ കഴിവിനെ മുരടിപ്പിക്കുന്നു. മുരടിപ്പിക്കപ്പെട്ട കഴിവാകട്ടെ വീണ്ടും അവസരങ്ങളെ പരിമിതപ്പെടുത്തുന്നു. അങ്ങനെ ജാതി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അവസരങ്ങളും കഴിവുകളും ഒരു ചെറിയ വിഭാഗം ജനങ്ങള്‍ക്കു മാത്രമായി ചുരുക്കപ്പെടുന്നു.”

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അകത്ത് സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ഭരണ വര്‍ഗത്തെ പരിശോധിച്ചാല്‍ ലോഹ്യയുടെ നിരീക്ഷണം എത്രമാത്രം പ്രസക്തമാണ് എന്ന് ബോധ്യപ്പെടും. ജാതി ബോധം അധികാരത്തിന്റെ മാത്രം വിഷയമല്ല. സമൂഹത്തിലെ ദൈനംദിന സമ്പര്‍ക്കത്തില്‍ പോലും ഈ വിവേചനം സൃഷ്ടിച്ച മുറിവുകള്‍ ഇപ്പോഴും പഴുത്തു കിടക്കുന്നുണ്ട്. ഇരുണ്ട വര്‍ഗത്തോടുള്ള കടുത്ത വിവേചനം വെള്ളക്കാര്‍ ഉണ്ടാക്കിയ ആധിപത്യത്തിന്റെ ഫലമാണ് എന്ന് ലോഹ്യ പറഞ്ഞിട്ടുണ്ട്. മാനവരാശിയോടുള്ള അധികാര വര്‍ഗത്തിന്റെ സമീപനത്തെ നിര്‍ണയിച്ചതില്‍ പോലും വര്‍ണ വിവേചനം വലിയ ഘടകമായി. അത് ഇന്ത്യയില്‍ മാത്രമായിരുന്നില്ല. എവിടെയൊക്കെ വിവേചനം നില നിന്നോ അവിടെയൊക്കെ മനുഷ്യന്റെ നൈസര്‍ഗികമായ കഴിവുകള്‍ മുരടിച്ചിട്ടുണ്ട്. ഇതാകട്ടെ അത്തരമൊരു വര്‍ഗത്തെ തന്നെ സൃഷ്ടിച്ചു. ഇന്ത്യയിലെ ജാതി ചലനമില്ലാത്ത വര്‍ഗമായി മാറിയതിന്റെ സാമൂഹിക കാരണം ഇതാണ്. പ്രകൃതിയില്‍ കൂടുതല്‍ യോഗ്യമായവ നിലനില്‍ക്കും എന്ന പൊതു തത്വത്തെ ബലപ്പെടുത്തുന്നത് ഇത്തരം സാഹചര്യങ്ങളാണ്.

ഇന്നത്തെ ഇന്ത്യയില്‍ ജാതി അതിന്റെ ഇരകളുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തുന്നു. അതാകട്ടെ ഭരണകൂടത്തിന്റെ വേട്ടയുടെ ഭാഗമാണ്. ഉയര്‍ന്ന ജാതിക്കാര്‍ സൃഷ്ടിച്ച സാമൂഹിക അസമത്വങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് ഇന്നത്തെ ആലോചന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അര പതിറ്റാണ്ടിന്റെ ഭരണത്തിന് എന്തുകൊണ്ട് ഇന്ത്യയെ ജാതിരഹിത മാര്‍ഗത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ ചോദ്യമാണ്. അവരുടെ ഭരണത്തിന് അസമത്വങ്ങളെ ഇല്ലാതാക്കാനോ നിയന്ത്രിക്കാനോ കഴിഞ്ഞില്ല. അത്തരമൊരു ഘട്ടത്തിലാണ് ഡോ. ലോഹ്യയുടെ ചിന്തകള്‍ പ്രസക്തമാകുന്നത്.

ജനാധിപത്യം എന്നത് തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തല്‍ മാത്രമല്ല എന്ന് പറഞ്ഞ ലോഹ്യക്ക് അത് നിരന്തരമായ സമര മാര്‍ഗം കൂടിയായിരുന്നു. പ്രതിരോധവും അധ്വാനവും അസാധ്യമാകുന്നിടത്ത് നിശ്ചലതയായിരിക്കും ഫലം. അത് സംഭവിക്കാതിരിക്കാന്‍ നിരന്തരമായ സാമൂഹിക ഇടപെടല്‍ പൗരധര്‍മമായി അദ്ദേഹം കണ്ടു. അത്തരമൊരു പ്രത്യയശാസ്ത്ര മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ സപ്ത വിപ്ലവത്തിന് പ്രസക്തി വര്‍ധിക്കുന്നത്. അതില്‍ ആദ്യത്തെത്, സാമ്പത്തിക സമത്വത്തിനു വേണ്ടിയും ഉത്പാദക ശക്തികളുടെ സ്വകാര്യവത്കരണത്തിന് എതിരെയുമാണ്. സാമ്രാജ്യത്വത്തിനെതിരെയും സ്വാതന്ത്ര്യത്തിനും ലോകസമാധാനത്തിനും വേണ്ടി എന്ന രണ്ടാമത്തെ ചിന്ത ആഗോള മാനവികതാ ബോധത്തിലേക്ക് നീളുന്ന ചിന്തയാണ്. നിലവിലെ ഇന്ത്യന്‍ അസമത്വത്തെ നിര്‍ണയിച്ച ജാതിക്കെതിരെയാണ് മൂന്നാമത്തെ കാഴ്ചപ്പാട്. ഇതൊക്കെ ഇന്നത്തെ കാലത്ത് ഏത് അര്‍ഥത്തില്‍ ചര്‍ച്ച ചെയ്താലും പ്രസക്തമാണ്.

ഇന്ത്യയെ ഹൈന്ദവ ദേശീയത എന്ന ഏക മത ദേശീയതയിലേക്ക് മാറ്റാനുള്ള ശ്രമം തകൃതിയായി നടക്കുകയാണ്. അതിനെ പരാജയപ്പെടുത്തുക തന്നെ വേണം. അതിനാവശ്യം ഇന്ത്യന്‍ സാമൂഹികാവസ്ഥയെ തിരിച്ചറിഞ്ഞ ദര്‍ശനങ്ങളെ കൂട്ടുപിടിക്കുക എന്നതാണ്. അത്തരമൊരു ഘട്ടത്തിലാണ് ലോഹ്യയുടെ കാഴ്ചപ്പാടുകള്‍ പ്രസക്തമാകുന്നത്. 1967 ഒക്ടോബര്‍ 12ന് ലോഹ്യ ലോകത്തോട് വിട പറഞ്ഞെങ്കിലും ഫാസിസത്തിലേക്ക് കുതിക്കുന്ന ഇന്നത്തെ ഇന്ത്യയെ പിടിച്ചു നിര്‍ത്താന്‍ ലോഹ്യയുടെ ആശയധാരക്കുള്ള ശക്തി തിരിച്ചറിയേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest