Connect with us

Kerala

50 ദിവസം നീണ്ടുനിന്ന മൂത്തൂറ്റ് സമരത്തിന് വിജയ പര്യവസാനം

Published

|

Last Updated

കൊച്ചി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഒന്നര മാസത്തിന് മുകളിലായി നടത്തിവന്ന സമരത്തിന് വിജയം. ഹെക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലണ് സമരം ഒത്തുതീര്‍പ്പായതായത്. സമരക്കാരുടെ ഒരു ആവശ്യവും അംഗീകരിക്കില്ലെന്നും വേണ്ടിവന്നാല്‍ കേരളത്തിലെ ബ്രാഞ്ചുകളെല്ലാം പൂട്ടുമെന്നും പറഞ്ഞ മാനേജ്‌മെന്റ് നിലപാടില്‍ നിന്ന് പിന്നോക്കം പോകുകയായിരുന്നു.

മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ഒപ്പുവെച്ച വ്യവസ്ഥ പ്രകാരം 500 രൂപ അടിയന്തിരമായി വര്‍ധിപ്പിക്കും. ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും. പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കും. 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. നാളെ മുതല്‍ മുഴുവന്‍ ബ്രാഞ്ചുകളും സാധാരണ നിലയില്‍ തുറന്ന് പ്രവര്‍ത്തിക്കും.

11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 ലേറെ ജീവനക്കാര്‍ നടത്തിവന്ന സമരമാണ് 50-ാം ദിവസം അവസാനിച്ചത്. നേരത്തെ സര്‍ക്കാര്‍ തലത്തിലടക്കം മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ മൂന്ന് തവണ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ ആദ്യ ചര്‍ച്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞെങ്കിലും രണ്ടാമത്തെ ചര്‍ച്ച ലക്ഷ്യത്തിലെത്തുകയായിരുന്നു.