ബിജെപിയുമായി സഖ്യം: ശിവസേനയില്‍ കൂട്ടരാജി; 26 കോര്‍പ്പറേറ്റര്‍മാരും 300 പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു

Posted on: October 10, 2019 3:38 pm | Last updated: October 12, 2019 at 12:27 pm

മുംബൈ: ഒക്ടോബര്‍ 21 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ബിജെപി – ശിവസേന സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടിയില്‍ കൂട്ടരാജി. ഇരുപത്തിയാറ് ശിവസേന കോര്‍പ്പറേറ്റര്‍മാരും മുന്നൂറോളം തൊഴിലാളികളും പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെയ്ക്ക് രാജിക്കത്ത് അയച്ചു. കല്യാണ്‍ ഈസ്റ്റ് അസംബ്ലി സീറ്റില്‍ സേനയുടെ ധനഞ്ജയ് ബോഡാരെക്ക് പകരം ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

‘ഞങ്ങള്‍ രാജിവച്ചിട്ടുണ്ട്, അതിനാല്‍ ശിവസേനയില്‍ നിന്നുള്ള ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ ലജ്ജാകരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടതില്ല. അവര്‍ ഇതിനകം ഒരു സഖ്യം പ്രഖ്യാപിക്കുകയും ബിജെപിയില്‍ നിന്നുള്ള സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല, അതിനാല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചു’ – രാജിവെച്ചവരില്‍പെട്ട ശരത് പാട്ടീല്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താക്കറെ, കാബിനറ്റ് മന്ത്രി ഏകനാഥ് ഷിന്‍ഡെ, കല്യാണ്‍ എംപി ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ക്ക് രാജിക്കത്ത് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജിവച്ച 26 കോര്‍പ്പറേറ്റര്‍മാരില്‍ 16 പേര്‍ കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഉല്‍ഹാസ്‌നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ളവരുമാണ്. കഴിഞ്ഞയാഴ്ച ബിജെപിയും ശിവസേനയും സഖ്യം പ്രഖ്യാപിക്കുകയും സീറ്റുകള്‍ വിഭജിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളില്‍ 150 ലും ബിജെപി മത്സരിക്കും. സേനയ്ക്ക് 124 ഉം ചെറിയ സഖ്യകക്ഷികള്‍ക്ക് 14 ഉം സീറ്റുകളാണ് നീക്കിവെച്ചത്. ഏപ്രില്‍ – മെയ് മാസങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അംഗീകരിച്ചതിന് സമാനമായ 50:50 വിഭജനം സേന നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. തുടര്‍ന്ന് സേന മേധാവി ഉദ്ദവ് താക്കറെ ദസറ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞിരുന്നു.

അതേസമയം, കല്യാണ്‍ ഈസ്റ്റ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശിവസേന നേതാവ് ധനഞ്ജയ് ബോഡാരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഞങ്ങളുടെ പ്രദേശത്ത് ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അതിനാലാണ് താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്നും ധനഞ്ജയ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയെ ഞങ്ങളുടെ എംഎല്‍എയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുടുപ്പ്. 24ന് ഫലം അറിയാനാകും. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റുകളും സേന 63 സീറ്റുകളുമാണ് നേടിയത്. 42 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാമതും സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) 41 സീറ്റുമായി നാലാമതും എത്തിയിരുന്നു.