ഉപതിരഞ്ഞെടുപ്പ്‌: തുളുനാട്ടിൽ വീറുറ്റ പോരാട്ടം

Posted on: October 10, 2019 2:00 pm | Last updated: October 10, 2019 at 2:01 pm

മഞ്ചേശ്വരം: സംസ്ഥാനത്ത് ത്രികോണ മത്സരം ഏറ്റവും ശക്തമായി നടക്കുന്ന നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. അത് കൊണ്ട് തന്നെ ആർക്കും ബാലികേറാമലയല്ല മഞ്ചേശ്വരം. യു ഡി എഫ് പ്രതിനിധിയെ 1987ന് ശേഷം ആറ് തവണയാണ് മഞ്ചേശ്വരം തിരഞ്ഞെടുത്തയച്ചത്. ഒരു തവണ എൽ ഡി എഫും ജയിച്ചു കയറി. സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് പോരാട്ടത്തിന് വീറും വാശിയും കൂടും.
വോട്ടെണ്ണൽ ദിവസം വരെയും പിടി തരില്ല മഞ്ചേശ്വരത്തിന്റെ മനസ്സ്. ആറ് തവണ തുണച്ചതിന്റെ പ്രതീക്ഷയുമായാണ് ലീഗിന്റെ പടപ്പുറപ്പാട്. എന്നാൽ പാലായിലെ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസമുണ്ട് സി പി എമ്മിന്. നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയോടെയാണ് ബി ജെ പിയും രംഗത്തിറങ്ങിയിട്ടുള്ളത്. യു ഡി എഫിലും ബി ജെ പിയിലും സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് തുടക്കത്തിൽ പ്രതിഷേധമുയർന്നിരുന്നുവെങ്കിലും ഇപ്പോൾ പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്.

എന്നാൽ അടിയൊഴുക്കുണ്ടാകുമോയെന്ന ആശങ്ക ലീഗിലും ബി ജെ പിയിലുമുണ്ട്. 2011 മുതൽ ലീഗിലെ പി ബി അബ്ദുൽ റസാഖാണ് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് ഇപ്പോൾ ഉപ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്. 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായ ബി ജെ പിയുടെ കെ സുരേന്ദ്രൻ, തിരഞ്ഞെടുക്കപ്പെട്ട പി ബി അബ്ദുൽ റസാഖിനെതിരെ കോടതി കയറിയതും മഞ്ചേശ്വരത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.

മരണപ്പെട്ടതും വിദേശത്തുള്ളതുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് അബ്ദുൽ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ കേസ് നൽകിയത്. എന്നാൽ കേസിൽ വിധി വരുന്നതിന് മുമ്പ് അബ്ദുൽ റസാഖ് മരണപ്പെടുകയായിരുന്നു. ഒടുവിൽ കെ സുരേന്ദ്രൻ കേസ് പിൻവലിക്കുകയും ചെയ്തു. നാല് തവണ മുസ്്ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. രണ്ട് തവണ ലീഗിലെ തന്നെ പി ബി അബ്ദുൽ റസാഖും ജയിച്ചു.
2006 ലാണ് അട്ടിമറി ജയം എൽ ഡി എഫിന് ലഭിച്ചത്. സി പി എമ്മിലെ സി എച്ച് കുഞ്ഞമ്പുവാണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ വെറും 89 വോട്ടിന് മാത്രമാണ് ലീഗിലെ പി ബി അബ്ദുറസാഖിനോട് പരാജയപ്പെട്ടത്. സി പി എം മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ 89 വോട്ടുകൾക്ക് മാത്രം തോറ്റ മണ്ഡലമായിട്ടും ഇവിടെ ബി ജെ പി കര കയറുമെന്ന് ഉറച്ച് പറയാൻ നേതാക്കൾക്കുപോലും ആവുന്നില്ലെന്നതാണ് സത്യം. കെ സുരേന്ദ്രൻ ഇത്തവണ മത്സരിക്കാൻ തയ്യാറാകാത്തത് പരാജയം മണത്താണെന്ന പ്രചാരണവും മണ്ഡലത്തിലുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ തന്ത്രിക്ക് വലിയ വോട്ടുവിഹിതം മഞ്ചേശ്വരത്തുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് നറുക്ക് വീണതെന്നാണ് ഒരു വിഭാഗം പറയുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ പി ബി അബ്ദുൾറസാഖിന് 56,870 വോട്ടാണ് ലഭിച്ചത്.

ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ 56,781 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തായ സി പി എമ്മിലെ സി എച്ച് കുഞ്ഞമ്പുവിന് ലഭിച്ചത് 42,565 വോട്ടുകളുമാണ്. സംസ്ഥാനത്ത് തന്നെ എൽ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അപൂർവമണ്ഡലമെന്ന പേര് കൂടിയുണ്ട് മഞ്ചേശ്വരത്തിന്. 87 മുതൽ നടന്ന ഏഴ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയാണ് രണ്ടാം സ്ഥാനത്തെന്ന പ്രത്യേകത കൂടിയുണ്ട്. മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളും യു ഡി എഫിന്റെ കൈയ്യിലാണ്. ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.

എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എമ്മിലെ എം ശങ്കര റൈ മാസ്റ്റർ, യു ഡി എഫിന് വേണ്ടി മുസ്്ലിം ലീഗിലെ എം സി കമറുദ്ധീൻ, എൻ ഡി എ സ്ഥാനാർഥിയായി ബി ജെ പിയിലെ രവീശ് തന്ത്രി കുണ്ടാർ എന്നിവരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ വികസനം തന്നെയാണ് പ്രധാനമായും യു ഡി എഫിന്റെ പ്രചരണായുധം. എൽ ഡി എഫ് സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്നു. മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങളാണ് എൻ ഡി എ ചർച്ചയാക്കുന്നത്.